ബൈജുരാജു | Screengrab: facebook.com/baijuraju
ആലപ്പുഴ: ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ്. യുവാവിന്റെ ഫെയ്‌സ്ബുക്ക് വീഡിയോയിലെ വാസ്തവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കേസില്‍ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കായംകുളം എസ്.ഐ. ഉദയകുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ന്യൂസിലാന്‍ഡില്‍ ജോലി ചെയ്തിരുന്ന കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തില്‍ ബൈജുരാജു(40)വിനെ കഴിഞ്ഞദിവസമാണ് കായംകുളത്തെ ലോഡ്ജില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ബോയ്‌സ് സ്‌കൂളിന് സമീപത്തെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
ഭാര്യയും ഭാര്യവീട്ടുകാരും തന്നെ ചതിച്ചെന്നും താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്നും നേരത്തെ ബൈജുരാജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞിരുന്നു. ഭാര്യ ചതിച്ചെന്നും ഭാര്യവീട്ടുകാര്‍ പണം കൈക്കലാക്കി തന്നെ വഞ്ചിച്ചെന്നും മകളെ തന്നില്‍നിന്ന് അകറ്റിയെന്നുമായിരുന്നു യുവാവിന്റെ ആരോപണം.
'ഇനി പറ്റുന്നില്ല. ജീവിതത്തില്‍ അര്‍ഥമില്ല. അവസാനപ്രതീക്ഷ മകളായിരുന്നു. ജീവിതത്തില്‍ ഒത്തിരികാര്യങ്ങള്‍ ആഗ്രഹിച്ചു. നല്ലൊരു കുടുംബം, നല്ലൊരു വീട്. ഒടുവില്‍ സ്വന്തം കൂടെനില്‍ക്കുന്ന ആള്‍ക്കാര്‍ തന്നെ ചതിച്ചു. മകളെ തന്റെ കൈയില്‍നിന്ന് തട്ടിപ്പറിച്ചു. കല്യാണം തുടങ്ങിയത് തന്നെ ചതിയോടെയായിരുന്നു. ഭാര്യമാതാവും ഭാര്യാസഹോദരനും പണം തട്ടിയെടുത്ത് ചതിച്ചു.എല്ലാമാസവും ഭാര്യാമാതാവിന് പണം അയച്ചുനല്‍കിയിരുന്നു. അതിന്റെപോലും നന്ദികാണിച്ചില്ല. ഭാര്യാസഹോദരന്‍ ആവശ്യപ്പെടുമ്പോളെല്ലാം പണം നല്‍കി. അവസാനം എന്നെ തന്നെ ചതിച്ചു. ആറ്-എട്ട് മാസമായി ഭാര്യയും ചതിക്കുകയായിരുന്നു. വ്യാജ ആരോപണങ്ങളുന്നയിച്ച് കേസുണ്ടാക്കി മകളെ തന്നില്‍നിന്ന് അകറ്റിയെന്നും' വീഡിയോയില്‍ പറഞ്ഞിരുന്നു. തന്റെ ആത്മഹത്യയ്ക്ക് കാരണം ഭാര്യ, ഭാര്യയുടെ സുഹൃത്ത്, ഭാര്യാമാതാവ്, ഭാര്യാസഹോദരന്‍ എന്നിവരാണെന്നും യുവാവ് ആരോപിച്ചിരുന്നു.
അതേസമയം, യുവാവിന്റെ ഭാര്യയായ ഇലന്തൂര്‍ സ്വദേശിനി ന്യൂസിലാന്‍ഡിലേക്ക് തിരികെപോയതായാണ് പോലീസിന്റെ വിശദീകരണം. കേസില്‍ അന്വേഷണം നടന്നുവരികയാണെന്നും യുവാവിന്റെ വീട്ടുകാരുടെയും ഭാര്യവീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഇതുവരെ ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: malayali newzealand expat baiju raju suicide in kayamkulam police investigation is going on
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..