ഹക്കീം
ഷാര്‍ജ: പാലക്കാട് സ്വദേശി ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു. മണ്ണാര്‍ക്കാട് കല്ലംകുഴി പടലത്ത് അബ്ദുല്‍ ഹക്കീം (31) ആണ് കൊല്ലപ്പെട്ടത്. ബുത്തീനയില്‍ ഷാര്‍ജ സുലേഖ ആശുപത്രിക്ക് എതിര്‍വശത്തുള്ള കഫ്റ്റീരിയയില്‍ ഞായറാഴ്ച രാത്രി 12 മണിക്കായിരുന്നു സംഭവം. പ്രതിയായ പാകിസ്താന്‍ പൗരനെ പോലീസ് സംഭവസ്ഥലത്തുതന്നെ അറസ്റ്റുചെയ്തു.
അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബുത്തീനയിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ സൂപ്പര്‍വൈസറായിരുന്നു ഹക്കീം. ജോലി കഴിഞ്ഞ് രാത്രി സ്ഥാപനത്തിന് സമീപത്തെ കഫ്റ്റീരിയയില്‍ ആഹാരം കഴിക്കാന്‍ കയറിയതായിരുന്നു ഇദ്ദേഹവും സുഹൃത്തുക്കളും. ഒരു പാകിസ്താന്‍ സ്വദേശിയും സഹപ്രവര്‍ത്തകരും തമ്മില്‍ അവിടെ വാക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തര്‍ക്കത്തിനിടെ സഹപ്രവര്‍ത്തകന്റെ മുഖത്തേക്ക് പാകിസ്താന്‍കാരന്‍ ചൂടുള്ള ചായ ഒഴിച്ചപ്പോള്‍ ഹക്കീം ഇടപെട്ടു. ഉടനെ ഷവര്‍മ മുറിക്കുന്ന കത്തിയെടുത്ത് പാകിസ്താന്‍കാരന്‍ ആക്രമിക്കുകയായിരുന്നു. നെഞ്ചിലും ശരീരത്തിന് പിന്‍ഭാഗത്തും കാലിനും ആഴത്തില്‍ മുറിവേറ്റ ഹക്കീമിനെ ഉടന്‍തന്നെ തൊട്ടടുത്തുള്ള സുലേഖ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണം തടുക്കാന്‍ ശ്രമിച്ച കഫ്റ്റീരിയ ഉടമയുള്‍പ്പെടെ രണ്ടുമലയാളികളും ഒരു ഈജിപ്ഷ്യന്‍ സ്വദേശിയും കുത്തേറ്റ് ചികിത്സയിലാണ്.
ഹംസയുടെയും പരേതയായ സക്കീനയുടെയും മകനാണ് ഹക്കീം. ഭാര്യ: ഷഹാന. മക്കള്‍: ഹയ ഇഷാല്‍, സിയ മെഹ്ഫിന്‍. സഹോദരങ്ങള്‍: ജംഷാദ് അലി, സമീന. സന്ദര്‍ശകവിസയില്‍ ഷാര്‍ജയിലുണ്ടായിരുന്ന ഭാര്യയും മക്കളും ഏതാനും ദിവസംമുമ്പാണ് നാട്ടിലേക്ക് പോയത്. മൃതദേഹം നിയമനടപടികള്‍ക്കുശേഷം നാട്ടിലേക്കുകൊണ്ടുപോകും.
മരണത്തിന് തലേന്നാള്‍ പറഞ്ഞു, മതിയാക്കി നാട്ടില്‍പോകണം
: ''പ്രവാസം മതിയാക്കി പെട്ടെന്ന് നാട്ടിലേക്കുമടങ്ങണം. നാട്ടിലെന്തെങ്കിലും ജോലിചെയ്ത് കുടുംബത്തോടൊപ്പം കഴിയണം'' കുത്തേറ്റുമരിക്കുന്നതിന് തലേന്നാള്‍ അബ്ദുല്‍ ഹക്കീം പറഞ്ഞ വാക്കുകള്‍ സഹപ്രവര്‍ത്തകന്‍ വേദനയോടെ പങ്കുവെച്ചു.
ഹക്കീമിന്റെ മാതാവ് കോവിഡ് ബാധിച്ച് ഒന്നരവര്‍ഷംമുമ്പാണ് മരിച്ചത്. ആ സമയത്താണ് അവസാനമായി നാട്ടില്‍പോയത്. അതിനുശേഷം കുടുംബത്തെ സന്ദര്‍ശകവിസയില്‍ ഷാര്‍ജയിലേക്ക് കൊണ്ടുവരുകയായിരുന്നു. പത്തുവര്‍ഷമായി ബുത്തീനയിലെ സ്ഥാപനത്തിലായിരുന്നു ഹക്കീം ജോലിചെയ്തിരുന്നത്. സാധാരണ ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രിവരെയുള്ള ഷിഫ്റ്റിലാണ് ജോലി. സംഭവംനടന്ന കഫ്റ്റീരിയ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
Content Highlights: malayali killed in sharjah uae
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..