-
ചെന്നൈ: പ്രായപൂർത്തിയാവാത്ത മലയാളിപെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ മുൻ എം.എൽ.എ.യെയും കൂട്ടാളിയെയും കുറ്റവിമുക്തരാക്കി മദ്രാസ് ഹൈക്കോടതി വിധി. ഡി.എം.കെ. മുൻ എം.എൽ.എ. രാജ്കുമാർ, സഹായി ജയശങ്കർ എന്നിവരെയാണ് വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്.
എം.എൽ.എ.മാരുടെയും എം.പി.മാരുടെയും കേസുകൾ കൈകാര്യംചെയ്യുന്ന പ്രത്യേക കോടതി 2018 ഡിസംബർ 28-ന് ഇരുവർക്കും പത്തുവർഷം കഠിനതടവു വിധിച്ചിരുന്നു. കുറ്റക്കാരാണെന്നതിനു മതിയായ തെളിവുകളില്ലാത്തതിനാലാണ് ശിക്ഷയിൽനിന്ന് ഒഴിവാക്കിയതെന്ന് ജസ്റ്റിസ് എൻ. സതീഷ്കുമാർ വ്യക്തമാക്കി.
2012 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഇടുക്കി പീരുമേടിലെ കൂലിപ്പണിക്കാരായ മലയാളിദമ്പതിമാരുടെ 15-കാരിയായ മകളെ രാജ്കുമാറിന്റെ വീട്ടിൽ ജോലിക്കായി കൊണ്ടുവരുകയായിരുന്നു. പിന്നീട് അസുഖംമൂലം പെൺകുട്ടിയെ പെരമ്പല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി രക്ഷിതാക്കൾക്ക് വിവരം ലഭിച്ചു. അവർ കുട്ടിയെ തേനി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടു ദിവസത്തിനകം മരിച്ചു. അന്നത്തെ പീരുമേട് എം.എൽ.എ. ഇ.എസ്. ബിജിമോളെ വിവരമറിയിച്ചതിനെത്തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ലൈംഗികപീഡനം നടന്നതായി വ്യക്തമായത്. ആദ്യം പെരമ്പല്ലൂർ പോലീസാണ് കേസന്വേഷിച്ചിരുന്നത്. പിന്നീട് സി.ബി.സി.ഐ.ഡി. ഏറ്റെടുത്തു. പീരുമേട് പോലീസും കേസെടുത്തിരുന്നു.
മറ്റു പ്രതികളായ മഹേന്ദ്രൻ, അൻപരസു, പനീർസെൽവം, വിജയകുമാർ, ഹരികൃഷ്ണൻ തുടങ്ങി അഞ്ചുപേരെ കോടതി നേരത്തേ കുറ്റവിമുക്തരാക്കിയിരുന്നു. 2006 മുതൽ 2011 വരെ പെരമ്പല്ലൂർ എം.എൽ.എ.യായിരുന്ന രാജ്കുമാർ ചെന്നൈ പുഴൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു.
Content Highlights:malayali girl killed after rape former dmk mla acquitted
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..