അഹാന
ബെംഗളൂരു: വസന്ത്നഗറില്‍ കീടനാശിനി തളിച്ചവീട്ടില് താമസിച്ച മലയാളി ബാലിക അഹാന മരിച്ചസംഭവത്തില്‍ നടുക്കം മാറാതെ ബെംഗളൂരു മലയാളികള്‍.
സ്വന്തം നാടായ കണ്ണൂര്‍ കൂത്തുപറമ്പിലെ വീട്ടില്‍ നിന്ന് മടങ്ങിയെത്തിയ ഉടനെയായിരുന്നു വിനോദ് കുമാറിന്റെ കുടുംബത്തെ ദുരന്തം തേടിയെത്തിയത്. കീടനാശിനി ശ്വസിച്ച് ആരോഗ്യസ്ഥിതി മോശമായ വിനോദ് കുമാറും ഭാര്യ നിഷയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് അഹാന ആശുപത്രിയില്‍ മരിച്ചത്. ഈ സമയം അച്ഛന് വിനോദ് കുമാറും അമ്മ നിഷയും ഇതേ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഏക മകളുടെ മരണം ഇരുവരെയും എങ്ങനെ അറിയിക്കുമെന്ന ആശങ്കയിലായിരുന്നു ബന്ധുക്കളും മലയാളി സംഘടനകളും.
മകള്‍ മരിച്ച കാര്യം ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വിനോദ് കുമാറിനെ അറിയിച്ചു. മരണവാര്‍ത്ത കേട്ടയുടനെ വിനോദിന് ചെറിയരീതിയില്‍ ഹൃദയാഘാതമുണ്ടായി. അതിനാല്‍ ഡോക്ടര്‍മാര്‍ പ്രത്യേകം നിരീക്ഷിച്ചു വരികയാണ്.
Also Read
വിനോദിനെ മരണ വിവരം അറിയിച്ച സമയത്ത് നിഷയെ അറിയിച്ചിരുന്നില്ല. പിന്നീട് ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് നിഷയെ മരണ വിവരം അറിയിക്കുന്നത്.
വസന്ത്നഗര്‍ പത്താം ക്രോസ് റോഡിന് സമീപം മാരിയമ്മ ക്ഷേത്രത്തിന് അടുത്തുള്ള അപ്പാര്‍ട്ട്മെന്റിലാണ് വിനോദ് കുമാറും കുടുംബവും താമസിക്കുന്നത്.
കീടനാശിനി തളിക്കുന്നതിനാല്‍ വീട്ടില്‍നിന്ന് മാറി നില്‍ക്കാനാണ് നാട്ടില്‍ പോയിവന്നത്. എന്നാല്‍, നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ ഉടനെ അപ്രതീക്ഷിതമായി ദുരന്തം സംഭവിക്കുകയായിരുന്നു.
ദൂരവാണിനഗര്‍ കേരളസമാജം ഭാരവാഹി വിജയന്, വിനോദ് കുമാറിന്റെ ബന്ധു മധുസൂദനന് തുടങ്ങിയവരാണ് ആശുപത്രിയിലെയും പോലീസ് സ്റ്റേഷനിലെയും നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..