മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലം, സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ കാറും. ഇൻസെറ്റിൽ മരിച്ച ശിവകുമാർ, നെവിൻ
വരാപ്പുഴ: സേലം ധര്‍മപുരിക്കടുത്ത് രണ്ട് മലയാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തമിഴ്നാട് പോലീസ് അന്വേഷണം കേരളത്തിലേക്കു കൂടി വ്യാപിപ്പിച്ചു. കൊല ആസൂത്രണം ചെയ്തത് കേരളത്തിലാണെന്നാണ് പോലീസ് സംശയിക്കുന്നത്. അടുത്ത ദിവസംതന്നെ അന്വേഷണ സംഘം കേരളത്തിലെത്തും. കൊല്ലപ്പെട്ട ശിവകുമാര്‍, നെവിന് ജി. ക്രൂസ് എന്നിവരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
ശിവകുമാറും നെവിന് ജി. ക്രൂസും കോടികളുടെ ഇടപാടുകള്‍ നടത്തിയിട്ടുള്ളതായിട്ടാണ് വിവരം. ഇവര്‍ പലരില്‍നിന്നുമായി കോടികള്‍ കൈപ്പറ്റിയിട്ടുണ്ട്. പണം ഇരട്ടിപ്പിച്ചു നല്‍കാം എന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ പലരില്‍നിന്നും പണം വാങ്ങിയതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പണം നല്‍കിയവരുടെ കൂട്ടത്തില്‍ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.
കൊല്ലപ്പെട്ടവരുടെ കോള്‍ ലിസ്റ്റ് ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. എന്നാല്‍, കൊലപാതക കേസുമായി ബന്ധപ്പെട്ട് കേരള പോലീസ് ഇതുവരെയും യാതൊരു നടപടിയും എടുത്തിട്ടില്ല. തമിഴ്നാട് പോലീസ് ആവശ്യപ്പെട്ടാല്‍ മാത്രമെ ഇക്കാര്യത്തില്‍ കേരള പോലീസിന് ഇടപെടാനാവുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.
മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ അന്വേഷണം വേണം
വരാപ്പുഴ: സേലത്ത് കൊല്ലപ്പെട്ട ശിവകുമാര്‍ പൈ മുമ്പ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പുനരന്വേഷണം നടത്തണമെന്ന് ഭാര്യ വിനീത ആവശ്യപ്പെട്ടു. സാമ്പത്തിക ഇടപാടുകളെ കുറിച്ചൊന്നും ശിവകുമാര്‍ പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു. വധഭീഷണിയുണ്ടെന്നു കാണിച്ച് തിരുവനന്തപുരം സ്വദേശികളായ രണ്ടുപേര്‍ക്കെതിരേ ശിവകുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരം ശിവകുമാറിന്റെ പരാതിയില്‍ ലോക്കല്‍ പോലീസിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വരാപ്പുഴ പോലീസ് ശിവകുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നീട് തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..