തെറ്റ് ചെയ്തിട്ടില്ലെന്ന് അന്നുമുതല്‍ മകന്‍ പറയുന്നു; അവന്റെ ഭാവി പോയി, സമൂഹത്തിൽ അപമാനിതരായി


അഫീഫ് മുസ്തഫ

അര്‍ധരാത്രി പോലീസ്, മിണ്ടാന്‍പോലും വയ്യാതായി; തെറ്റ് ചെയ്തങ്കില്‍ മാത്രമേ പേടിക്കേണ്ടതുള്ളൂ, ചെയ്യാത്ത കുറ്റത്തിന് പേടിയില്ല, എന്നാണ് ജാമ്യം ലഭിച്ചശേഷം ശ്രീനാഥ് പ്രതികരിച്ചത്.

ശ്രീനാഥും കുടുംബവും | Screengrab: Mathrubhumi News

'അര്‍ധരാത്രിയാണ് പോലീസ് വീട്ടില്‍കയറി വന്നത്, അപ്പോഴും അവന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആണയിട്ടുപറഞ്ഞിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞങ്ങളുടെയെല്ലാം നാവിറങ്ങിപ്പോയി, മിണ്ടാന്‍പോലും വയ്യാതായി....'

ജൂലായ് 22-ന് അര്‍ധരാത്രി തെന്നല സ്വദേശി ശ്രീനാഥി(18)നെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തുകൊണ്ടുപോയ രംഗങ്ങള്‍ അമ്മ ശ്രീമതിയുടെ മനസില്‍ ഇപ്പോഴുമുണ്ട്. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മകന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കല്പകഞ്ചേരി പോലീസ് ശ്രീനാഥിനെ വീട്ടില്‍നിന്ന് അര്‍ധരാത്രി കസ്റ്റഡിയിലെടുത്തതെന്നാണ് അമ്മ പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്. അറസ്റ്റിന് പിന്നാലെ ശ്രീനാഥ് റിമാന്‍ഡിലായി. 35 ദിവസം വിവിധ സബ്ജയിലുകളില്‍ കഴിഞ്ഞു. ഒടുവില്‍ ഡി.എന്‍.എ ടെസ്റ്റില്‍ ശ്രീനാഥല്ല പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതെന്ന് തെളിഞ്ഞതോടെയാണ് മഞ്ചേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്.

16 വയസ്സുകാരി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞതോടെയാണ് കേരളം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്ത വിവാദ പോക്‌സോ കേസിന്റെ തുടക്കം. കേസില്‍ ശ്രീനാഥിനെതിരെയാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കല്പകഞ്ചേരി പോലീസ് ശ്രീനാഥിനെ അറസ്റ്റ് ചെയ്തു. ശ്രീനാഥിന്റെ വീട്ടില്‍വെച്ചാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതിനാല്‍ കേസ് പിന്നീട് തിരൂരങ്ങാടി പോലീസിന് കൈമാറി.

എന്നാല്‍ വീട്ടില്‍ പോലീസ് വന്ന നിമിഷം മുതല്‍ ഇതുവരെ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്നെ കുടുക്കിയതാണെന്നും ശ്രീനാഥ് തറപ്പിച്ചു പറയുന്നു. ഇതാണ് ഡി.എന്‍.എ. ടെസ്റ്റിലേക്കും തുടര്‍ന്ന് മറ്റു ഉപാധികളൊന്നുമില്ലാതെ ജാമ്യം ലഭിക്കുന്നതിലേക്കും വഴി തെളിച്ചത്.

തെറ്റ് ചെയ്തങ്കില്‍ മാത്രമേ പേടിക്കേണ്ടതുള്ളൂ, ചെയ്യാത്ത കുറ്റത്തിന് പേടിയില്ല എന്നാണ് ജാമ്യം ലഭിച്ചശേഷം ശ്രീനാഥ് പ്രതികരിച്ചത്. ഒരു പക്ഷേ, ഈ കേസില്‍ ശ്രീനാഥിനെ കോടതി കുറ്റവിമുക്തനാക്കുകയാണെങ്കില്‍ ജയിലില്‍ കഴിഞ്ഞ 35 ദിവസത്തിന് ആര് ഉത്തരം നല്‍കും, പ്ലസ്ടു വിദ്യാര്‍ഥിയായ ഈ 18-കാരനും കുടുംബവും നേരിട്ട അപമാനത്തിനും മാനസികവിഷമങ്ങള്‍ക്കും എന്ത് നഷ്ടപരിഹാരം നല്‍കും. ചോദ്യങ്ങള്‍ നിരവധിയാണ്.

എന്താണ് സംഭവിച്ചത്... ശ്രീനാഥിന്റെ അമ്മ പറയുന്നു...

ജൂലായ് 22-ന് അര്‍ധരാത്രിയാണ് പോലീസ് സംഘം ശ്രീനാഥിനെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുക്കുന്നത്. വീട്ടിലേക്ക് ഇരച്ചെത്തിയ പോലീസിനെ കണ്ട് ശ്രീനാഥിന്റെ അമ്മ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ഭയന്നുപോയി. അന്നുമുതല്‍ സംഭവിച്ചതെല്ലാം ശ്രീനാഥിന്റെ അമ്മയും അങ്കണവാടി ജീവനക്കാരിയുമായ ശ്രീമതി തുറന്നു പറയുന്നു:

''മകന്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ പഠനമായതിനാല്‍ സ്‌കൂളിലെല്ലാം പോയിട്ട് കുറേയായി. ജൂലായ് 22-ന് അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ്‌ വീട്ടില്‍ കല്പകഞ്ചേരി പോലീസ് വരുന്നത്. യൂണിഫോം ഒന്നുമില്ലാതെ അഞ്ച് പോലീസുകാരാണ് വന്നത്. ഒരു വനിതാ പോലീസും ഉണ്ടായിരുന്നു. എസ്.ഐ. എന്ന് പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് തങ്ങള്‍ പോലീസാണെന്നും മകനെ പിടികൂടാന്‍ വന്നതാണെന്നും പറഞ്ഞത്.

"ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസെന്നും പറഞ്ഞു. എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇതില്‍ തനിക്ക് പങ്കില്ലെന്നും മകന്‍ അപ്പോള്‍തന്നെ പറഞ്ഞു. ഏത് കോടതിയിലും സത്യം മാത്രമേ പറയൂവെന്നും ദൈവങ്ങളെ തൊട്ട് സത്യം ചെയ്യാമെന്നും പറഞ്ഞു. എന്നാല്‍, എസ്.ഐ. അടക്കമുള്ളവര്‍ വളരെ മോശമായാണ് അന്ന് പെരുമാറിയത്. ഞങ്ങള്‍ അതെല്ലാം കണ്ട് നാവിറങ്ങിപ്പോയി, ഒന്നും മിണ്ടാന്‍പോലും കഴിയാത്ത സ്ഥിതിയിലായി. കേസിന്റെ കൂടുതല്‍ കാര്യങ്ങളൊന്നും പറയാതെ മകനെ അവര്‍ കൊണ്ടുപോയി. രാവിലെ അച്ഛനോടും ജ്യേഷ്ഠനോടും സ്റ്റേഷനില്‍ വരാനും ആവശ്യപ്പെട്ടു.

"പിറ്റേ ദിവസം സ്റ്റേഷനില്‍ പോയപ്പോളാണ് കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്. എന്നാല്‍, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്നെ കേസില്‍ കുടുക്കിയതാണെന്നും മകന്‍ ആവര്‍ത്തിച്ചു പറയുകയായിരുന്നു. പെണ്‍കുട്ടിയെ അവന് പരിചയമുണ്ടായിരുന്നു. അവന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടി ഒമ്പതാം ക്ലാസിലായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷം പെണ്‍കുട്ടിയുമായി ഒരു പരിചയവും ഉണ്ടായിട്ടില്ലെന്നാണ് മകന്‍ തറപ്പിച്ച് പറഞ്ഞത്. എന്നാല്‍, കേസില്‍ പ്രതിയായ മകന്‍ വൈകാതെ ജയിലിലാവുകയായിരുന്നു.

"ജയിലിലായിരിക്കെ അവന്‍ ഓണത്തിന് മുമ്പ് വിളിച്ചു. ഓണം ആഘോഷിക്കുന്നില്ലേയെന്ന് ചോദിച്ചു. നീ ഇങ്ങനെയൊരു അവസ്ഥയിലാകുമ്പോള്‍ എങ്ങനെ ഓണം ആഘോഷിക്കാനാണെന്നാണ് അവനോട് പറഞ്ഞത്. അമ്മയുടെ മുന്നില്‍ സത്യം പറയണമെന്ന് പറഞ്ഞപ്പോഴും നേരത്തെ പറഞ്ഞതു തന്നെയാണ് അവന്‍ ആവര്‍ത്തിച്ചത്. താന്‍ സത്യം പറഞ്ഞിട്ട് കാര്യമില്ലെന്നും കോടതിക്ക് തെളിവാണ് വേണ്ടതെന്നും അവന്‍ പറഞ്ഞു. ഡി.എന്‍.എ. ടെസ്റ്റ് നടത്തിയാലേ തെളിവ് അംഗീകരിക്കൂ എന്നും പറഞ്ഞു. ഇതോടെയാണ് ഡി.എന്‍.എ. ടെസ്റ്റ് നടത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.

"ഇതിനിടെ കുട്ടിയെ പല ജയിലുകളിലേക്ക് മാറ്റി. ആദ്യം മഞ്ചേരിയിലായിരുന്നു. അവിടെനിന്ന് പിന്നീട് പെരിന്തല്‍മണ്ണ ജയിലിലേക്കാണ് കൊണ്ടുപോയത്. ഇതോടെ അവന്‍ ഭയന്നുപോയി. ജയിലില്‍ ഉപദ്രവിക്കുമോയെന്ന് പേടിയുണ്ടെന്ന് വിളിച്ചുപറഞ്ഞു. പേടി കൂടി മാനസികമായി തളര്‍ന്നു. ജയിലില്‍ മറ്റു പ്രതികള്‍ക്കൊപ്പം താമസിക്കുന്നതും ആരെങ്കിലും മര്‍ദിക്കുമോ എന്ന ഭയവും അവനെ അസ്വസ്ഥനാക്കി. ഇതെല്ലാം കേട്ടിട്ട് ഒരു സമാധാനവുമില്ലായിരുന്നു. ആ ദിവസങ്ങളില്‍ കണ്ണീര്‍ക്കടല്‍ ഞങ്ങള്‍ കണ്ടു. മാനസികമായി താളംതെറ്റിയിട്ട് കുട്ടിയെ കിട്ടിയാല്‍ ഞാന്‍ എങ്ങനെ സഹിക്കും.

"പോക്‌സോ കേസായതിനാല്‍ ജാമ്യം കിട്ടാന്‍ അത്ര എളുപ്പമല്ലെന്നാണ് വക്കീല്‍ പറഞ്ഞത്. എന്തോ അനുഗ്രഹത്താല്‍ ഡി.എന്‍.എ. ടെസ്റ്റ് വേഗത്തില്‍ കഴിഞ്ഞു. ജാമ്യം കിട്ടി കുട്ടി വീട്ടിലെത്തിയപ്പോഴാണ് ആശ്വാസമായത്. കേസുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി പോലീസ് നല്ല രീതിയില്‍ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നിരുന്നു. കല്പകഞ്ചേരി പോലീസാണ് മോശം രീതിയില്‍ പെരുമാറിയത്. തെളിവെടുപ്പിനിടെ കല്പകഞ്ചേരി പോലീസ് അവനെ മര്‍ദിച്ചിരുന്നു. ചെവിക്ക് നല്ല വേദനയുണ്ടായെന്നും മകന്‍ പറഞ്ഞിരുന്നു''- ശ്രീമതി വിശദീകരിച്ചു.

അതേസമയം, എന്തുകൊണ്ടാണ് ഇരയായ പെണ്‍കുട്ടി മകന്റെ പേര് പറഞ്ഞതെന്ന് ശ്രീമതിക്കും വ്യക്തതയില്ല. യഥാര്‍ഥ പ്രതിയെ രക്ഷിക്കാന്‍ വേണ്ടി മകന്റെ പേര് പറഞ്ഞതാണോയെന്നും ഇവര്‍ സംശയിക്കുന്നു.

"എന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍, പെണ്‍കുട്ടി പറഞ്ഞ ദിവസം ഞാനും മൂത്തമകനും ഉള്‍പ്പെടെ വീട്ടിലുണ്ട്. എന്തു കൊണ്ടാണ് പെണ്‍കുട്ടി മകന്റെ പേര് പറഞ്ഞതെന്ന് അറിയില്ല. സംഭവത്തില്‍ ഒരു ബന്ധവുമില്ലെന്നും തന്നെ കുടുക്കിയതാണെന്നുമാണ് മകന്‍ അന്നും ഇന്നും പറയുന്നത്.''- ശ്രീമതി പറഞ്ഞു.

കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശ്രീനാഥ് നിലവില്‍ ബന്ധുവീട്ടിലാണ്. 35 ദിവസം നീണ്ട ജയില്‍വാസം 18-കാരനെ ഏറെ അസ്വസ്ഥനാക്കിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതിനാല്‍ തത്കാലം ബഹളങ്ങളില്‍നിന്നെല്ലാം മാറ്റി നിര്‍ത്തുന്നതാണ് നല്ലതെന്നും ബന്ധുക്കള്‍ പറയുന്നു.

പോലീസ് പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല, 18-കാരന്റെ ഭാവി നശിപ്പിച്ചു...

വിവാദമായ പോക്‌സോ കേസില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് പോലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയതെന്നാണ് ശ്രീനാഥിന്റെ അഭിഭാഷകനായ ഗോപി കടവത്ത് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചത്.

''ഐ.പി.സി. 363, 370, 376, 342 തുടങ്ങിയ വകുപ്പുകളും പോക്‌സോ നിയമത്തിലെ വിവിധ സെക്ഷനുകളും അനുസരിച്ചാണ് കേസെടുത്തിരുന്നത്. 16 വയസ്സുകാരി 18-കാരനെതിരേ നല്‍കിയ മൊഴി മാത്രമാണ് കേസിന് അടിസ്ഥാനം. ഇതില്‍ പ്രാഥമികാന്വേഷണം പോലും നടത്താതെ പോലീസ് ധൃതിയില്‍ നടപടി സ്വീകരിച്ചു. 18-കാരന്റെ ജീവിതം നശിപ്പിച്ചു.

"പലതവണ അവനെ ജയിലുകള്‍ മാറ്റി. മാനസികമായി അവന് ഏറെ ആഘാതമുണ്ടായി. അവനും കുടുംബവും സമൂഹത്തിന് മുന്നിലും അപമാനിതരായി. പെണ്‍കുട്ടിയുടെ മൊഴിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍, അതില്‍ പ്രാഥമിക അന്വേഷണം നടത്തിയല്ലേ മറ്റുനടപടികളിലേക്ക് കടക്കേണ്ടത്? ഇവിടെ അതൊന്നും ഉണ്ടായില്ല.

"കല്പകഞ്ചേരി പോലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് തിരൂരങ്ങാടി പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ അന്നുമുതല്‍ ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീനാഥ് പറയുന്നുണ്ടായിരുന്നു. ഒരു പ്രതി പലതവണ ഇങ്ങനെ തറപ്പിച്ചുപറയുന്നതാണ് പോലീസിനും സംശയം തോന്നാന്‍ കാരണമായത്. അത്ര തറപ്പിച്ചുപറഞ്ഞപ്പോള്‍ പോലീസും ഡി.എന്‍.എ. ടെസ്റ്റിന് മുന്‍കൈയെടുക്കുകയായിരുന്നു.

"പോലീസ് തന്നെയാണ് അബോര്‍ഷന് മുമ്പേ ഡി.എന്‍.എ. ടെസ്റ്റിനുള്ള നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചതും. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കോടതിയും ആവശ്യപ്പെട്ടു. ഫലം നെഗറ്റീവായതോടെ പോക്‌സോ കേസില്‍ മറ്റു ഉപാധികളൊന്നുമില്ലാതെയാണ് കോടതി ജാമ്യം അനുവദിച്ചത്.-'' അഭിഭാഷകന്‍ പറഞ്ഞു.

കേസ് ഇനി നിലനില്‍ക്കില്ലെന്നാണ് കരുതുന്നതെന്നും മറ്റു തുടര്‍നപടികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ മാനനഷ്ടത്തിനും നഷ്ടപരിഹാരത്തിനും കോടതിയെ സമീപിക്കാനാണ് തീരുമാനം. വൈകാതെ അതിനുള്ള നടപടികള്‍ ആരംഭിക്കും. 18 വയസ്സുള്ള പയ്യന്റെ ഭാവിയാണ് തകര്‍ന്നത്, ഒരാളുടെ ഭാവി നശിപ്പിച്ചല്ല പോലീസ് നടപടി സ്വീകരിക്കേണ്ടതെന്നും ഗോപി കടവത്ത് പറഞ്ഞു.

വിശദമായ അന്വേഷണം, പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടില്ല...

അതേസമയം, നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിസ്ഥാനത്തുനിന്ന് ശ്രീനാഥിനെ ഒഴിവാക്കിയിട്ടില്ലെന്ന് തിരൂരങ്ങാടി എസ്.എച്ച്.ഒ. മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. നിലവില്‍ പ്രതിക്ക് ജാമ്യം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കേസിന്റെ കാര്യങ്ങള്‍ അതിനനുസരിച്ച് മുന്നോട്ടുപോകും. പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയിട്ടില്ലെന്ന് മാത്രമാണ് ഡി.എന്‍.എ. ടെസ്റ്റിലൂടെ തെളിഞ്ഞിട്ടുള്ളത്. എന്നാല്‍ പ്രതിക്കെതിരായ പരാതിയും കേസുമെല്ലാം നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയും ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും എസ്.എച്ച്.ഒ. പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പെണ്‍കുട്ടിയില്‍നിന്ന് ഇനിയും മൊഴിയെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് മറ്റൊരാളാണെന്ന് തെളിഞ്ഞതോടെ സംഭവത്തില്‍ പുതിയ കേസുകളും രജിസ്റ്റര്‍ ചെയ്യേണ്ടിവരുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍, നിലവില്‍ ഒരാള്‍ക്കെതിരേ മാത്രമാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്. ഇതാണ് പോലീസ് അന്വേഷണത്തെയും കുഴക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയ ശേഷം വിശദമായ മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.

Content Highlights: malappuram tirurangadi pocso case accused sreenath gets bail after dna test result

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented