ഉബൈദുള്ള, മുബഷീർ, ഷഫീഖ്, നിഷാദ്
മേലാറ്റൂര്‍: വാഹനപരിശോധനയ്ക്കിടെ നാലുയുവാക്കളില്‍നിന്നായി പോലീസ് പിടിച്ചെടുത്തത് എം.ഡി.എം.എ. അല്ലെന്ന് പരിശോധനാഫലം.
ഇല്ലാത്ത മയക്കുമരുന്നിന്റെ പേരില്‍ ഇവര്‍ ജയിലില്‍ക്കിടന്നത് 88 ദിവസം. മലപ്പുറം കരിഞ്ചാപ്പാടി സ്വദേശികളായ നാലംഗ സംഘത്തില്‍നിന്ന് 2022 ഒക്ടോബര്‍ 24-ന് മേലാറ്റൂര്‍ പോലീസ് പിടിച്ചെടുത്ത സാധനമാണ് രണ്ടു ലബോറട്ടറികളില്‍ പരിശോധിച്ച് എം.ഡി.എം.എ. അല്ലെന്നു തെളിഞ്ഞത്. പരിശോധനാഫലം നെഗറ്റീവായതോടെയാണ് മഞ്ചേരി കോടതി ജാമ്യം അനുവദിച്ചത്.
വാഹനത്തില്‍ എം.ഡി.എം.എ. കടത്തിയെന്നതിന്റെ പേരില്‍ കരിഞ്ചാപ്പാടി സ്വദേശികളായ കരുവള്ളി ഷഫീഖ് (28), കരുവള്ളി മുബഷീര്‍ (31), ഒളകര നിഷാദ് (34), മച്ചിങ്ങല്‍ ഉബൈദുള്ള (32) എന്നിവരെയാണ് മേലാറ്റൂര്‍ പോലീസ്സ്റ്റേഷനിലെ അന്നത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസറും സംഘവും അറസ്റ്റുചെയ്തിരുന്നത്. 32.72 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു എന്നതായിരുന്നു കേസ്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ നാലുപേരെയും റിമാന്‍ഡുംചെയ്തു.
കോഴിക്കോട് റീജണല്‍ കെമിക്കല്‍ ലബോറട്ടറിയിലും തിരുവനന്തപുരം കെമിക്കല്‍ ലാബിലും നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്ത വസ്തു എം.ഡി.എം.എ. അല്ലെന്നു തെളിഞ്ഞത്. ഇതോടെ കോടതി ഇവര്‍ക്ക് ജാമ്യമനുവദിച്ചു. കേസുമായി ബന്ധപ്പെട്ട് 88 ദിവസം ജയിലില്‍ കിടക്കേണ്ടിവന്ന ഇവര്‍ കഴിഞ്ഞയാഴ്ച ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. യുവാക്കളുടെ ജോലിയും കുടുംബബന്ധവുമെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോള്‍.
കൂടുതല്‍ പരിശോധന നടത്തുമെന്ന് പോലീസ്
എം.ഡി.എം.എ. പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്. സംസ്ഥാനത്തെ രണ്ടു ലാബുകളിലെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. കൂടുതല്‍ പരിശോധനയ്ക്കായി കോടതിയുടെ പ്രത്യേക അനുമതിവാങ്ങി സാമ്പിള്‍ ഹൈദരാബാദിലെ കേന്ദ്രലാബിലേക്ക് അയച്ചിരിക്കുകയാണെന്ന് അന്വേഷണോദ്യോഗസ്ഥനായ മേലാറ്റൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ആര്‍. രഞ്ജിത്ത് അറിയിച്ചു.
മയക്കുമരുന്നിന്റെ പേരില്‍ ദുരിതമനുഭവിച്ച് ഇവര്‍
പടപ്പറമ്പ്: യാത്രചെയ്ത കാറില്‍നിന്നു പിടിച്ചെടുത്തത് എം.ഡി.എം.എ. അല്ലെന്ന പരിശോധനാ റിപ്പോര്‍ട്ട് ജയില്‍വാസമില്ലാതാക്കിയെന്ന് ആശ്വസിക്കാം. എന്നാല്‍, കരുവള്ളി ഷഫീഖിനും കരുവള്ളി മുബഷീറിനും ഒളകര നിഷാദിനും മച്ചിങ്ങല്‍ ഉബൈദുള്ളയ്ക്കും ഉണ്ടായ നഷ്ടം പരിഹരിക്കാന്‍ അതിനൊന്നുമാവില്ല.
മേലാറ്റൂര്‍ മണിയാണീരിക്കടവ് പാലത്തിനു സമീപത്തുവെച്ചാണ് വാഹന പരിശോധനയ്ക്കിടെ പോലീസ് ഇവരെ പിടികൂടുന്നത്. പിടിച്ചത് കാറില്‍വെയ്ക്കുന്ന സുഗന്ധദ്രവ്യമാണെന്നു പറഞ്ഞിട്ടും പോലീസ് കാര്യമാക്കിയില്ല. പകരം ഇതിന്റെ ഉറവിടവും വില്പനയുംമറ്റും ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാനും ഇവര്‍ക്കായില്ല. ഇതോടെ പോലീസില്‍നിന്ന് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതായും ഇവര്‍ പറഞ്ഞു. പോലീസ് ഫോണ്‍ പിടിച്ചുവെച്ചതിനാല്‍ വീട്ടുകാരേടും നാട്ടുകാരോടും സത്യംപറയാന്‍ കഴിഞ്ഞില്ല.
വിദേശത്തുനിന്നു ലീവിനുവന്ന മുബഷിറിന് തിരിച്ചുപോകാന്‍ 10 ദിവസം ബാക്കിനില്‍ക്കേയാണ് സംഭവം. മുബഷീറിന് ആ ജോലി നഷ്ടപ്പെട്ടു. ഉബൈദുള്ളയ്ക്കു വിദേശത്തെ ജോലി മാത്രമല്ല നഷ്ടപ്പെട്ടത്. ഭാര്യ തെറ്റിദ്ധരിച്ച് ഉപേക്ഷിച്ചുപോയി. കെ.എസ്.ഇ.ബി. കരാര്‍ തൊഴിലാളിയായ ഷഫീഖിന്റെ നഷ്ടം കുറച്ചൊന്നുമല്ല.
എടുത്തുകൊണ്ടിരുന്ന കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ചെയ്ത പ്രവൃത്തിക്കുള്ള ബില്ലുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന നിഷാദിന് കൂലിവേലയായിരുന്നു. മൂന്നു മാസത്തോളമുള്ള ജയില്‍വാസം ഏറെ കടബാധ്യത സൃഷ്ടിച്ചു. വായ്പ തിരിച്ചടവ് മുടങ്ങി.
88 ദിവസത്തെ ജയില്‍ജീവിതം സമ്മാനിച്ചത് ഈ ദുരിതങ്ങള്‍ക്കപ്പുറം എം.ഡി.എം.എ.യുടെ മൊത്ത വില്പനക്കാരാണെന്ന കുപ്രസിദ്ധിയുമാണെന്ന് ഇവര്‍ പറയുന്നു. ഉണ്ടായ ദുരിതത്തിനും മാനഹാനിക്കും പകരമാവില്ലെങ്കിലും മനുഷ്യാവകാശക്കമ്മിഷനടക്കമുള്ള അധികൃതര്‍ക്കുമുന്‍പില്‍ പരാതി സമര്‍പ്പിക്കാനൊരുങ്ങുകയാണ് മുബഷീറും ഉബൈദും ഷഫീഖും നിഷാദും.
Content Highlights: malappuram melattur mdma case two lab reports given negative results
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..