മുഹമ്മദ് റാഷിദ്, റംലത്ത്
മങ്കട: ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് വൻലാഭം വാഗ്ദാനംചെയ്ത് പണംതട്ടിയെന്ന കേസിലെ മുഖ്യപ്രതികൾ അറസ്റ്റിലായി. പൊൻമള പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ് (32), ഭാര്യ മാവണ്ടിയൂർ പട്ടന്മാർതൊടിക റംലത്ത് (24)എന്നിവരാണ് തമിഴ്നാട് ഏർവാടിയിലെ രഹസ്യകേന്ദ്രത്തിൽനിന്ന് അറസ്റ്റിലായത്.
മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്.
അറസ്റ്റിലായ റംലത്തിന്റെ സഹോദരൻ വളാഞ്ചേരി എടയൂർ പട്ടമ്മർ തൊടി മുഹമ്മദ് റാഷിദിനെ ഡിസംബർ 31-ന് മങ്കട പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളിൽനിന്ന് കിട്ടിയ സൂചനപ്രകാരം നടത്തിയ അന്വേണത്തിലാണ് ദമ്പതിമാർ പിടിയിലായത്. വൻലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ആയിരക്കണക്കിന് ആളുകളെ ചേർത്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെന്നാണ് കേസ്.
നവംബറിലാണ് കേസിനാസ്പദമായ സംഭവം.
പ്രതികൾ വി.ഐ.പി. ഇൻവെസ്റ്റ്മെൻറ് എന്ന വാട്സാപ്പ് കൂട്ടായ്മ വഴി പരാതിക്കാരിയുടെ നമ്പറിൽ ബന്ധപ്പെട്ടു.
ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചു.
ഇങ്ങനെ പലപ്പോഴായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായാണ് ജില്ലാപോലീസ് മേധാവിക്ക് ലഭിച്ച പരാതി.
തുടർന്ന് മങ്കട എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽത്തന്നെ തട്ടിപ്പ് വ്യക്തമായി.
മുഹമ്മദ് റാഷിദും ഭാര്യാസഹോദരനും ഹാക്കിങ് വിദ്യാർഥിയുമായ റാഷിദും കൂടിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.
പണം കിട്ടിയില്ലെന്ന പരാതികൾ വരുമ്പോൾ പ്രതികൾ ഗ്രൂപ്പിൽനിന്നും ലെഫ്റ്റ് ആകുകയും പുതിയ നമ്പർ എടുത്ത് പുതിയ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വീണ്ടും തട്ടിപ്പ് തുടരുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
റംലത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയയ്ക്കാനായി ആവശ്യപ്പെട്ടിരുന്നത്.
Content Highlights: malappuaram mankada couples arrested over online rummy in goa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..