റാഫേൽ
ചാലക്കുടി: ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനം നടത്തി ആരോഗ്യ ഇന്‍ഷുറന്‍സിന്റെ മറവില്‍ നിക്ഷേപകരില്‍നിന്ന് പണം തട്ടിയ കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറും നടത്തിപ്പുകാരില്‍ പ്രധാനിയുമായ കൊരട്ടി കവലക്കാടന്‍ റാഫേലാ (72)ണ് അറസ്റ്റിലായത്. കോഴിക്കോട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് എസ്.പി. ജി. സാബു, ഡിവൈ.എസ്.പി. എം. സുരേന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്. തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ഘട്ടംഘട്ടമായി പണം സ്വീകരിച്ച്, നിശ്ചിത കാലാവധിവരെ ആരോഗ്യപരിരക്ഷ നല്കി കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ വന്‍ ലാഭം വാഗ്ദാനം ചെയ്താണ് പണം സ്വരൂപിച്ചിരുന്നത്. വിവിധ ജില്ലകളില്‍ നിന്നായി ഏകദേശം 150 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ചതായാണ് പരാതി. തമിഴ്നാട്ടിലെ ഹരൂരില്‍ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതിയെന്ന് ഡിവൈ.എസ്.പി. എം. സുരേന്ദ്രന് പറഞ്ഞു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫിനോമിനല്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും കേരളത്തിലെ മാനേജിങ് ഡയറക്ടറുമായിരുന്നു റാഫേല്‍.
2009 മുതലാണ് കമ്പനി തുടങ്ങിയത്. നേപ്പാള്‍ സ്വദേശിയും മുംബൈയില്‍ സ്ഥിരതാമസക്കാരനുമായ കമ്പനി ചെയര്മാന് എന്‍.കെ. സിങ്ങിനെ 2021-ല്‍ അറസ്റ്റു ചെയ്തിരുന്നു. ഇയാളെ പിന്നീട് കേരളത്തില്‍ കൊണ്ടുവന്ന് തെളിവെടുപ്പു നടത്തി. എന്‍.കെ. സിങ് ലത്തൂര്‍ ജയിലിലാണ്. കമ്പനി പൊളിഞ്ഞതിനെ തുടര്‍ന്ന് റാഫേല്‍ 2017 മുതല്‍ മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഡിറ്റക്റ്റീവ് ഇന്‍സ്പെക്ടര്‍ എം. സജീവ്കുമാര്‍, സബ് എസ്.ഐ. ശശിധരന്, എ.എസ്.ഐ. വി. ബാബു, സി.പി.ഒ. മാരായ സജീഷ്കുമാര്‍, ഷൈബു. വനിത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി. ഷിബി എന്നിവരുള്‍പ്പെട്ടതാണ് അന്വേഷണസംഘം.
സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത് രേഖകളില്ലാതെ
ചാലക്കുടി: ഫിനോമിനല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസ് പുറത്തുവരുന്നത് 2016 നവംബറിലാണ്. ലൈസന്‍സൊന്നുമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. 2017 സെപ്റ്റംബറിലാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരം പുറത്തുവന്നത്. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങളില്‍ തുക തിരിച്ചുകിട്ടാത്തതിനെത്തുടര്‍ന്ന് പരാതികള്‍ എത്തിത്തുടങ്ങിയതോടെ കമ്പനിക്ക് പിടിച്ചുനില്ക്കാന് കഴിയാതെയായി. ആ അവസ്ഥയിലും കുറച്ചുനാളുകള്‍കൂടി നിക്ഷേപം സ്വീകരിച്ചു. അന്വേഷണം വന്നതോടെയാണ് കോടികളുടെ തട്ടിപ്പ് പുറത്തറിയുന്നത്.
അതോടെ നിക്ഷേപകരുടെ വന്‍ പടതന്നെ ചാലക്കുടിയിലെത്തി. പരാതി സ്വീകരിക്കാന്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക കൗണ്ടര്‍ തുറന്നു. നാനൂറോളം പരാതികളാണ് സ്വീകരിച്ചത്. 144 കേസുകളെടുത്തു. പരാതിപ്പെടാത്തവരും ഒട്ടേറെ. ആയിരക്കണക്കിന് ഏജന്റുമാരാണ് കമ്മിഷന് വ്യവസ്ഥയില്‍ പ്രവര്‍ത്തിച്ചിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ പോലീസ് മൂന്നുമാസത്തോളം അന്വേഷിച്ചു. പിന്നീട് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി.
2019 ഫെബ്രുവരിയിലാണ് കേസ് കോഴിക്കോട് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. കേസില്‍ ഡയറക്ടര്‍മാരും നടത്തിപ്പുകാരുമുള്‍പ്പെടെ 18 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ 10 പേര് അറസ്റ്റിലായി. മാനേജിങ് ഡയറക്ടര്‍ കെ.ഒ. റാഫേല്‍, ചെയര്മാന് എന്‍.കെ. സിങ് എന്നിവരാണ് അറസ്റ്റിലായ പ്രധാന പ്രതികള്‍.
ഇനി ഒരു മലയാളിയുള്‍പ്പെടെ എട്ട് ഡയറക്ടര്‍മാര്‍ പിടിയിലാവാനുണ്ട്. അറസ്റ്റിലായ പ്രതികളില്‍ അഞ്ചുപേര്‍ ജാമ്യത്തിലിറങ്ങി മുങ്ങി. മുംബൈ ആസ്ഥാനമായ സ്ഥാപനത്തിന്റെ കേരള റീജണല്‍ ഓഫീസായിരുന്നു ചാലക്കുടിയിലേത്.
Content Highlights: major convict in money fraud under phenomenal healthcare institute arrested from tamil nadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..