പ്രതീകാത്മകചിത്രം| Photo: AFP
മലപ്പുറം: സൗദിയില്‍നിന്ന് നാട്ടിലെത്തിയ പ്രവാസി അബ്ദുള്‍ ജലീല്‍(42)നെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ആക്കപ്പറമ്പ് കാര്യമാട് സ്വദേശി മാറുകര വീട്ടില്‍ യഹിയ മുഹമ്മദ് യഹിയ(35)യാണ് പിടിയിലായത്. മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. അഗളി സ്വദേശിയാണ് അബ്ദുള്‍ ജലീല്‍.
അബ്ദുള്‍ ജലീലിനെ പെരിന്തല്‍മണ്ണ, ആക്കപ്പറമ്പ് എന്നിവിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് യഹിയ മുഹമ്മദ് യഹിയ. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ് കുമാര്‍, മേലാറ്റൂര്‍ സി.ഐ. ഷാരോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് ആക്കപ്പറമ്പ് രഹസ്യ കേന്ദ്രത്തില്‍നിന്നും കഴിഞ്ഞദിവസം രാത്രിയില്‍ യഹിയയെ പിടികൂടിയത്. യഹിയ വിദേശത്തുനിന്നും കാര്യര്‍മാര്‍ മുഖേന സ്വര്‍ണം എയര്‍പോര്‍ട്ട് വഴി കടത്താറുണ്ട്.
കഴിഞ്ഞ 19-നാണ് കേസിനാസ്പദമായ സംഭവം. സൗദിയില്‍ നിന്നും നാട്ടിലേക്ക് സ്വര്‍ണ്ണകള്ളക്കടത്ത് നടത്തുന്ന യഹിയയുടെ പാര്‍ട്ണര്‍മാര്‍, നാട്ടിലേക്ക് വന്ന ജലീലിന്റെ കൈവശം കൊടുത്തുവിട്ടതായി പറയുന്ന 1.200 കിലോഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ടതിനെ ചൊല്ലിയാണ് തട്ടിക്കൊണ്ടുപോയത്. വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന ജലീലിനോട്, സ്വര്‍ണ്ണത്തെ കുറിച്ച് ചോദിച്ച് ആദ്യം പെരിന്തല്‍മണ്ണ ജൂബിലിയിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി മര്‍ദിച്ചു. ശേഷം ആക്കപ്പറമ്പ് ഗ്രൗണ്ടിലും റബ്ബര്‍തോട്ടത്തിലും പിന്നീട് മാനത്തുമംഗലത്ത് രഹസ്യകേന്ദ്രത്തിലും കൊണ്ടുവന്ന് കെട്ടിയിട്ട് മര്‍ദിച്ചു. കേബിള്‍, ജാക്കിലിവര്‍ എന്നിവ ഉപയോഗിച്ചായിരുന്നു മര്‍ദനം. കൂടുതല്‍ പരിക്കേല്‍പിച്ച സമയത്ത്, അബ്ദുള്‍ ജലീലിന് ബോധം നഷ്ടപ്പെടാതിരിക്കാന്‍ ഗ്ലൂക്കോസും മറ്റും കൊടുത്തിരുന്നു.
ഈ കേസില്‍ നേരത്തേ അറസ്റ്റ് ചെയ്ത മണികണ്ഠന്‍, റഫീഖ് മുഹമ്മദ് മുസ്തഫ, അനസ് ബാബു, മുഹമ്മദ് അബ്ദുള്‍ അലി ,അല്‍ത്താഫ് എന്നിവര്‍ യഹിയയുടെ കൂടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും ജലീലിനെ മര്‍ദ്ദിച്ചതില്‍ പങ്കുള്ളവരുമാണ്. റോഡില്‍ വീണുകിടക്കുകയായിരുന്നുവെന്ന് പറഞ്ഞാണ് കാറില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ ജലീലിനെയെത്തിച്ച ശേഷം ഇവര്‍രക്ഷപ്പെടുന്നത്. തുടര്‍ന്ന് മൊബൈലും സിം കാര്‍ഡും ഒഴിവാക്കി മുങ്ങിയ യഹിയ ഉണ്ണ്യാല്‍, പാണ്ടിക്കാട്, ആക്കപ്പറമ്പ് എന്നിവിടങ്ങളില്‍ ആല്‍ത്താമസമില്ലാത്ത പ്രദേശങ്ങളിലെ പഴയ കെട്ടിടങ്ങളിലും മറ്റും ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
തുടര്‍ന്ന് യഹിയയെ രക്ഷപ്പെടാന്‍ സഹായിച്ചവരെ പോലീസ് അറസ്റ്റ് ചെയ്യുകയും അന്വേഷണം ശക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെ ആക്കപ്പറമ്പിലെ രഹസ്യകേന്ദ്രത്തില്‍ യഹിയ ഒളിവില്‍ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇങ്ങനെയാണ് യഹിയ പിടിയിലാകുന്നത്. യഹിയയെ അബ്ദുള്‍ ജലീലിനെ തട്ടിക്കൊണ്ടുപോയി പെരിന്തല്‍മണ്ണ മാനത്തുമംഗലത്ത് താമസിച്ച വീട്ടില്‍ തെളിവെടുപ്പ് നടത്തിയതായും കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും കേസില്‍ പ്രതിയെ സഹായിച്ചവരെയടക്കം കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..