ആക്രമണത്തിന് പിന്നാലെ സുഭാഷ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ
ഭോപ്പാല്‍: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെയും ബന്ധുക്കളെയും വെടിവെച്ച് വീഴ്ത്തിയ ശേഷം പോലീസുകാരന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. പോലീസുകാരന്‍ നടത്തിയ വെടിവെപ്പില്‍ യുവതിയുടെ പിതാവ് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവതിയും സഹോദരനും ചികിത്സയിലാണ്. മധ്യപ്രദേശിലെ ഷാജാപുര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം.
മധ്യപ്രദേശ് പോലീസില്‍ ഡ്രൈവറായ സുഭാഷ് ഖരാഡി(26)യാണ് യുവതിയുടെ വീട്ടില്‍കയറി ആക്രമണം നടത്തിയത്. ഷാജാപുര്‍ സ്വദേശിയായ ജാഖിര്‍ ഖാന്റെ(55) വീട്ടില്‍ അതിക്രമിച്ചുകയറിയ സുഭാഷ് ജാഖിറിന്റെ മകള്‍ ശിവാനി(25)ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ ജാഖിറിനെയും ശിവാനിയുടെ സഹോദരനെയും വെടിവെച്ച് വീഴ്ത്തി. വെടിയേറ്റ ജാഖിര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ശിവാനിയെയും സഹോദരനെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവാനിയെ ആദ്യം സമീപത്തെ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും നില ഗുരുതരമായതിനാല്‍ ഇന്ദോറിലെ ആശുപത്രിയിലേക്ക് മാറ്റി. ചോരയില്‍ കുളിച്ചനിലയില്‍ യുവതിയെ ആംബുലന്‍സില്‍ കയറ്റുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, കൃത്യം നടത്തിയ ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട സുഭാഷിനെ പിന്നീട് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇയാള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
സുഭാഷും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഈ ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നുമാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ശിവാനിക്കും കുടുംബത്തിനും നേരേ ആക്രമണം നടത്തിയ ശേഷം ശിവാനിക്കൊപ്പമുള്ള ചില ചിത്രങ്ങള്‍ സഹിതം സുഭാഷ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. അവള്‍ തന്നെ വഞ്ചിച്ചെന്നും അതിനാല്‍ അവളെ കൊലപ്പെടുത്തിയെന്നുമാണ് ചിത്രങ്ങള്‍ക്കൊപ്പം സുഭാഷ് പോസ്റ്റ് ചെയ്തത്. അവള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത വേദനയാണ് താന്‍ നല്‍കിയിട്ടുള്ളതെന്നും സുഭാഷിന്റെ പോസ്റ്റിലുണ്ടായിരുന്നു. ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് സുഭാഷിനെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടത്.
Content Highlights: madhya pradesh policeman shoots woman and killed her father accused found dead at railway track


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..