യുവാവ് ലോട്ടറിക്കടയിലെത്തി തീയിടുന്നതിന്റെ ദൃശ്യം
തൃപ്പൂണിത്തുറ: കട കത്തിക്കുമെന്ന് ഫെയ്‌സ്ബുക്ക് ലൈവ് ഇട്ടശേഷം ലോട്ടറി ഏജന്‍സിക്കടയില്‍ കയറി യുവാവ് പെട്രോളൊഴിച്ച് തീയിട്ടു. അക്രമിയെ പോലീസ് പിടികൂടി. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസില്‍ വെള്ളിയാഴ്ച വൈകീട്ട് 5.40നാണ് സംഭവം. ഒട്ടേറെ ലോട്ടറി ടിക്കറ്റുകള്‍ കത്തിനശിച്ചു.
ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു. പരിഭ്രാന്തരായെങ്കിലും ജീവനക്കാര്‍ ഉടന്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാല്‍ മറ്റ് അപകടങ്ങള്‍ ഉണ്ടായില്ല. കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോള്‍ വീണു. അക്രമത്തിന് കാരണം അറിയില്ല.
സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തിവരുന്ന രാജേഷ് എന്ന ആളാണ് കടയില്‍ തീയിട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു. നഗരത്തില്‍ മുട്ടി മുട്ടിയെന്നോണം കച്ചവടസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നയിടത്താണ് ഇങ്ങനെ കടയില്‍ പെട്രോളൊഴിച്ച് തീ കത്തിച്ച സംഭവം ഉണ്ടായത്.
മീനാക്ഷി ലോട്ടറി ഏജന്‍സീസ് കത്തിക്കുമെന്ന് രാജേഷ് കഴിഞ്ഞദിവസം ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് കട കത്തിക്കുമെന്നും ഇങ്ങനെ കുത്തക മുതലാളിമാര്‍ ആവശ്യമുണ്ടോ എന്നുമായിരുന്നു ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്.
റിയല്‍ കമ്മ്യൂണിസം, ഇ.എം.എസ്. ഭരിച്ച കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളിലേക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താന്‍ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
Content Highlights: lottery shop set fire by a man in tripunithura
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..