
പ്രതീകാത്മക ചിത്രം | PTI
തിരൂര്‍: ഫര്‍ണിച്ചര്‍ കയറ്റിയ ലോറിയിടിച്ച് കാല്നടയാത്രക്കാരന് മരിച്ചതില്‍ മനംനൊന്ത് ലോറിയോടിച്ച ഡ്രൈവര്‍ തൂങ്ങിമരിച്ചു. മലപ്പുറം ജില്ലയില്‍ വെട്ടം ആലിശ്ശേരിയിലാണ് സംഭവം. ലോറിഡ്രൈവര്‍ മുതിയേരി ബിജു(28)വിനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ചൊവ്വാഴ്ച രാവിലെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചരാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
നാലുമാസം മുമ്പാണ് ബിജു പാംസ് ഫര്‍ണിച്ചര്‍ ഷോപ്പിന്റെ ഫര്‍ണിച്ചറുമായി ലോറിയോടിച്ച് പുനലൂരിലേക്ക് പോകവേ കാല്നടയാത്രക്കാരന് റോഡു മുറിച്ചു കടക്കുന്നതിനിടയില്‍ ലോറിയിടിച്ചു മരിച്ചത്.
അപകടമുണ്ടായ ഉടനെ ഗുരുതരമായി പരിക്കേറ്റയാളെ അതേലോറിയില് തന്നെ ബിജു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ബിജുവിന്റെ മടിയില്‍ക്കിടന്നാണ് കാല്നടയാത്രക്കാരന് മരിച്ചത്. മാനസികവിഷമം കാരണം ബിജുവിന് വിഷാദരോഗം ബാധിച്ചിരുന്നു. തന്റെ മനഃപ്രയാസം ബിജു വീട്ടുകാരോട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.
മൃതദേഹം പരിശോധനയ്ക്കായി തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും കോവിഡ് പരിശോധനയില്‍ പോസിറ്റീവായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
ബുധനാഴ്ച മൃതദേഹപരിശോധനയ്ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കരിക്കും. അവിവാഹിതനാണ്. സഹോദരങ്ങള്‍: ബിന്‍സി, ബൈജു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..