പ്രശാന്ത്
തൃശ്ശൂര്‍: ജോലിക്ക് വിളിച്ച് അതിഥിതൊഴിലാളികളുടെ ബാഗും പണവും കവരുന്ന ആള് അറസ്റ്റില്‍. കോഴിക്കോട് പെരുമണ്ണ കമ്മനം മീത്തല്‍ വീട്ടില്‍ പ്രശാന്ത് (39) ആണ് അറസ്റ്റിലായത്. അതിഥിതൊഴിലാളികള്‍ അവരുടെ സമ്പാദ്യം മുഴുവന്‍ കൊണ്ടുനടക്കുന്ന ബാഗിലാണ് സൂക്ഷിക്കുകയെന്നതിനാല് വന്‍തുകയാണ് നഷ്ടപ്പെടാറ്. കഴിഞ്ഞദിവസം ഇത്തരത്തില്‍ ഇരുപതിനായിരം രൂപയാണ് ഇയാള്‍ കവര്‍ന്നത്. ഇതിന്റെ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്.
നഗരത്തില്‍ ജോലിക്കായി റോഡരികില്‍ കാത്തുനില്ക്കുന്ന അതിഥിതൊഴിലാളികളെയാണ് ഇയാള്‍ സമീപിക്കാറ്. ഇവരെ ഓട്ടോറിക്ഷയില്‍ കയറ്റി ഏതെങ്കിലും ഒരുസ്ഥലത്ത് ഇറക്കും. ഇവിടത്തെ കാടുവെട്ടാന്‍ ആവശ്യപ്പെടും. ബാഗ് സുരക്ഷിതസ്ഥാനത്ത് വെച്ച് പണി ആരംഭിക്കുമ്പോള്‍ മറ്റൊരുസ്ഥലത്തുനിന്നും സിമന്റോ പണിയായുധങ്ങളോ കൊണ്ടുവരാന്‍ ആവശ്യപ്പെടും. ഇതിനായി ഇവര്‍ പോകുമ്പോള്‍ ബാഗുകളുമായി മുങ്ങുന്നതാണ് രീതി.
കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ സമാനരീതിയിലുള്ള തട്ടിപ്പു നടത്തിയതായി പോലീസിനോട് സമ്മതിച്ചു. ഇത്തരത്തിലുള്ള എട്ടുകേസുകളാണ് പോലീസിനോട് പ്രതി സമ്മതിച്ചത്. കഴിഞ്ഞ ദിവസം ശക്തന്‍നഗറില്‍ നടന്ന സമാനരീതിയിലുള്ള മോഷണത്തിലാണ് ഇരുപതിനായിരം രൂപ നഷ്ടപ്പെട്ടത്. തുടര്‍ന്ന് സി.സി.ടി.വി.കള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രശാന്ത് പിടിയിലായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..