Photo: ANI
പട്ന: മദ്യനിരോധനമുള്ള ബിഹാറില്‍ എക്സൈസ് സ്റ്റേഷനില്‍വെച്ച് മദ്യപിച്ച രണ്ട് കോണ്‍സ്റ്റബിള്‍മാരടക്കം ഏഴുപേര്‍ പിടിയില്‍. ബിഹാറിലെ പാലിഗഞ്ച് എക്സൈസ് പോലീസ് സ്റ്റേഷനില്‍നിന്നാണ് ഏഴുപേരെയും പോലീസ് പിടികൂടിയത്. അറസ്റ്റിലായവരില്‍ അഞ്ചുപേര്‍ ജയില്പ്പുള്ളികളാണെന്നും സ്റ്റേഷനിലെ ലോക്കപ്പില്വെച്ചാണ് ഉദ്യോഗസ്ഥരും പ്രതികളും ഒരുമിച്ചിരുന്ന് മദ്യപിച്ചതെന്നും പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് എക്സൈസ് സ്റ്റേഷനിലെ ലോക്കപ്പില്‍ പ്രതികളും ഉദ്യോഗസ്ഥരും പങ്കെടുത്ത മദ്യസത്കാരം അരങ്ങേറിയത്. എക്സൈസ് നേരത്തെ കസ്റ്റഡിയിലെടുത്ത അഞ്ചുപേരും സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് കോണ്‍സ്റ്റബിള്‍മാരുമാണ് ലോക്കപ്പിലെ മദ്യസത്കാരത്തില്‍ പങ്കെടുത്തത്. എന്നാല്‍ പ്രതികളിലൊരാള്‍ മദ്യപിക്കുന്നതിന്റെ വീഡിയോ ഫോണില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് അയച്ചുനല്‍കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പ്രതിയുടെ ഫോണിലുണ്ടായിരുന്ന എല്ലാ വാട്സാപ്പ് നമ്പറുകളിലേക്കും മദ്യസത്കാരത്തിന്റെ വീഡിയോ അയച്ചുനല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പാലിഗഞ്ച് എ.എസ്.പി. അവദേഷ് ദീക്ഷിതിന്റെ നമ്പറും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. വീഡിയോ ലഭിച്ചതോടെ എ.എസ്.പി. എക്സൈസ് സ്റ്റേഷനില്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്കി. തുടര്‍ന്ന് പാലിഗഞ്ച് പോലീസെത്തി നടത്തിയ പരിശോധനയിലാണ് ഏഴുപേരെയും പിടികൂടിയത്.
പോലീസ് സംഘം എക്സൈസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ലോക്കപ്പ് പുറത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. എന്നാല്‍ ലോക്കപ്പിനകത്ത് മദ്യസത്കാരം നടക്കുന്നുണ്ടായിരുന്നു. എങ്ങനെയാണ് എക്സൈസ് സ്റ്റേഷനില്‍ മദ്യം എത്തിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
Content Highlights: liquor party held in an excise police station in bihar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..