Photo Courtesy: twitter.com/MangaluruPolice
മംഗളൂരു: ബസ് സ്റ്റാന്‍ഡുകളിലെ ശൗചാലയങ്ങളില്‍ കോളേജ് അധ്യാപികയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്ററുകള്‍ പതിച്ചതിന് മുന്‍ സഹപ്രവര്‍ത്തകരായ മൂന്ന് പേര് അറസ്റ്റില്‍. ബണ്ട്വാളിലെ സ്വകാര്യ കോളേജിലെ ലക്ചറര്‍ പ്രദീപ് പൂജാരി(36) കായികാധ്യാപകനായ താരാനാഥ് ബി.എസ്. ഷെട്ടി(32) കോളേജിലെ മറ്റൊരു ജീവനക്കാരനായ പ്രകാശ് ഷേണായ്(44) എന്നിവരെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്ന് പ്രതികളും കോളേജ് അധ്യാപികയുടെ മുന്‍ സഹപ്രവര്‍ത്തകരാണെന്നും അധ്യാപികയെ അപകീര്‍ത്തിപ്പെടുത്താന്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇവര്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നതായും പോലീസ് പറഞ്ഞു.
പരാതിക്കാരിയും പ്രതികളും നേരത്തെ ബണ്ട്വാളിലെ കോളേജില്‍ ഒരുമിച്ച് ജോലിചെയ്തിരുന്നു. നാലുവര്‍ഷം മുമ്പ് അധ്യാപിക മംഗളൂരുവിലെ കോളേജിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയി. കഴിഞ്ഞ ഡിസംബര്‍ മുതലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. 58 വയസ്സുകാരിയായ അധ്യാപികയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള കത്തുകളാണ് ആദ്യം ലഭിച്ചത്. അധ്യാപികയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് ഇത്തരം കത്തുകള്‍ പതിവായി വന്നിരുന്നത്. പിന്നാലെ ഫെബ്രുവരി ആദ്യം മുതല്‍ അധ്യാപികയുടെ ഫോണിലേക്ക് അജ്ഞാതരുടെ ഫോണ്‍വിളികളും പതിവായി. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഫോണ്‍ വിളികളായിരുന്നു ഇവയെല്ലാം. ഫോണ്‍ വിളികള്‍ അസഹ്യമായരീതിയില് തുടര്‍ന്നതോടെ അധ്യാപിക പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ മുന്സഹപ്രവര്ത്തകരാണെന്ന് കണ്ടെത്തിയത്. ഫോണ്‍നമ്പറും ഇ-മെയില്‍ വിലാസവും സഹിതം അധ്യാപികയെ അപകീര്‍ത്തിപ്പെടുത്ത പോസ്റ്ററുകള്‍ ഇവര്‍ വിവിധയിടങ്ങളില്‍ പതിച്ചിരുന്നതായും പോലീസ് കണ്ടെത്തി. കര്‍ണാടകയിലെ സുള്ള്യ, സുബ്രഹ്മണ്യ, മടിക്കേരി, മൈസൂരു, ചിക്കമംഗളൂരു, എന്‍.ആര്.പുര, ബലെഹൊന്നൂര്‍, ശിവമോഗ തുടങ്ങിയ സ്ഥലങ്ങളിലെ ബസ് സ്റ്റാന്‍ഡുകളിലെ ശൗചാലയങ്ങളിലാണ് ഈ പോസ്റ്ററുകള്‍ പതിച്ചിരുന്നത്. അശ്ലീലച്ചുവയുള്ള പോസ്റ്ററുകളിലെ ഫോണ്‍നമ്പര്‍ കണ്ടാണ് പലരും അധ്യാപികയെ വിളിച്ചിരുന്നത്. പത്തുദിവസത്തിനിടെ ഏകദേശം 800-ല്‍ അധികം ഫോണ്‍വിളികളാണ് അധ്യാപികയ്ക്ക് വന്നതെന്നും ഉപദ്രവം തുടര്‍ന്നതോടെ ഇവര്‍ ജീവനൊടുക്കാന്‍ വരെ ചിന്തിച്ചിരുന്നതായും പോലീസ് പറഞ്ഞു.
അറസ്റ്റിലായ മൂന്ന് പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അശ്ലീല പോസ്റ്ററുകളുടെയും കത്തുകളുടെയും തെളിവുകള്‍ ഫോണില്‍നിന്ന് കണ്ടെടുത്തു. വിവിധ ബസ് സ്റ്റാന്‍ഡുകളില്‍നിന്ന് പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
അതേസമയം, എന്തിനുവേണ്ടിയാണ് അധ്യാപികയെ അപകീര്‍ത്തിപ്പെടുത്തിയതെന്ന കാര്യം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും കേസില്‍ മൂന്ന് പ്രതികള്‍ കൂടിയുണ്ടെന്നും ഇവരും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
Content Highlights: lewd posters against college teacher with her phone number in public toilets ex colleagues arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..