Screengrab: Mathrubhumi News
വിഴിഞ്ഞം: ലക്ഷദ്വീപ് തീരത്തിനടുത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകളില്‍നിന്ന് ഹെറോയിന്‍ പിടികൂടിയ സംഭവത്തിലുള്‍പ്പെട്ട മലയാളികളായ രണ്ടുപേരുടെ വീട്ടില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വ്യാഴാഴ്ച പരിശോധന നടത്തി. വിഴിഞ്ഞം കോട്ടപ്പുറം ഒസാവിള കോളനി സ്വദേശി ഡി.ഫ്രാന്‍സിസ്(56), പൊഴിയൂര്‍ പരുത്തിയൂര്‍ ചീലാന്തിവിളാകം സ്വദേശി ടി.സുജന്‍(28) എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവരുടെ ബന്ധുക്കളില്‍നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. ഫ്രാന്‍സിസിനൊപ്പം ബോട്ടില്‍ പോയിരുന്ന ഇയാളുടെ മകനും തമിഴ്നാട് ചിന്നത്തുറ സ്വദേശിയുമായ പ്രജിന്റെ വീട്ടിലും ഡി.ആര്.ഐ. സംഘം അന്വേഷണം നടത്തും. രണ്ട് ബോട്ടുകളിലായി മൂന്ന് മലയാളികളും 17 തമിഴ്നാട് സ്വദേശികളുമുള്പ്പെട്ട 20 പേരെയായിരുന്നു ഹെറോയിനുമായി പിടികൂടിയത്. 1526 കോടി രൂപ വിലമതിക്കുന്ന 218 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്.
മീന്‍പിടിത്തത്തിനു പോകുന്നുവെന്നും ഒരുമാസം കഴിഞ്ഞ് മടങ്ങുമെന്നുമായിരുന്നു ഫ്രാന്‍സിസും സുജനുമറിയിച്ചിരുന്നതെന്ന് ഇവരുടെ ബന്ധുക്കള്‍ ഡി.ആര്.ഐ. സംഘത്തോട് പറഞ്ഞു. എത്രകാലമായി ഇവര്‍ ആഴക്കടല്‍ മീന്പിടിത്തത്തിനുപോകുന്നുവെന്ന കാര്യങ്ങളടക്കം അന്വേഷണസംഘം ബന്ധുക്കളില്‍നിന്ന് ശേഖരിച്ചിട്ടുണ്ട്.
ഏപ്രില്‍ 19-നായിരുന്നു ഇവര്‍ തമിഴ്നാട് സ്വദേശിയായ ക്രിസ്പിന്റെ ഉടമസ്ഥതയിലുളള ലിറ്റില്‍ ജീസസ്, പ്രിന്‍സ് എന്നീ ട്രോളിങ് ബോട്ടുകളില്‍ ആഴക്കടല്‍ മീന്‍പിടിത്തത്തിനു പോയത്. മയക്കുമരുന്ന് കടത്തിയ ബോട്ടുകളുടെ ഉടമ തമിഴ്നാട് സ്വദേശി ക്രിസ്പിന്, ഇയാളുടെ സുഹൃത്തുക്കളുമായ അറാഫത്ത് അലി, ഫൈസല്‍ റഹ്മാന്, ബോട്ടുകളോടിച്ചിരുന്ന മാസ്റ്റര്‍മാരും സഹോദരങ്ങളുമായ തമിഴനാട് തോട്ടൂര്‍ സ്വദേശികളായ വി.ഡിന്‍സണ്‍(29), ഇയാളുടെ സഹോദരന് വി.ജിംസണ്(25) എന്നിവരുള്‍പ്പെട്ടെ 20 പേരും റിമാന്‍ഡിലാണ്. ഇവരുടെ വീടുകളിലും ഡി.ആര്.ഐ. സംഘം രണ്ട് ദിവസത്തിനുള്ളില്‍ പരിശോധന നടത്തും.
ബോട്ടുകളുടെ ജി.പി.എസുകളില്‍നിന്ന് ഇവര്‍ സഞ്ചരിച്ചതിന്റെ വിശദാംശങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ആഴക്കടലില്‍ തങ്ങി മീന്‍പിടിത്തം നടത്തുന്നതിയായിരുന്നു 20 പേരുമെത്തിയെന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍, പിടിച്ചെടുത്ത ഇവരുടെ ബോട്ടുകളില്‍ മീനില്ലായിരുന്നു. ബോട്ടിലുണ്ടായിരുന്ന വലകള്‍ മീന്‍പിടിക്കാന്‍ ഉപയോഗിച്ചില്ലെന്നും കണ്ടെത്തി. ഇതേ തുടര്‍ന്ന് കോസ്റ്റുഗാര്‍ഡും ഡി.ആര്.ഐ. സംഘവും ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കടത്തുന്ന കാര്യം ബോട്ടിന്റെ മാസ്റ്റര്‍മാര്‍ സമ്മതിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..