വിജിലൻസ് പിടിച്ചെടുത്ത പണം/ സുരേഷ് | Photo: Screengrab/ Mathrubhumi News
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ മുറിയിൽ നിന്നും പിടിച്ചെടുത്തത് ലക്ഷങ്ങൾ. 35 ലക്ഷം പണമായും 45 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപ രേഖകളുമാണ് പാലക്കയം വില്ലേജിലെ ഫീൽഡ് അസിസ്റ്റൻഡ് സുരേഷിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തത്.
ലോക്കൽ മാപ്പ് സ്കെച്ച് എന്നിവ തയ്യാറാക്കുന്നതിനായി സുരേഷ് പണം ആവശ്യപ്പെട്ടന്നായിരുന്നു പരാതി. 2500 രൂപയാണ് സുരേഷ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇക്കാര്യം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. നേരത്തെ പറഞ്ഞതനുസരിച്ച് ഇരുവരും കുന്തിപ്പുഴ പാലത്തിന് മുമ്പിൽ വെച്ച് കണ്ടുമുട്ടി. പണം കൈമാറുന്നതിനിടെയാണ് സുരേഷ് വിജിലൻസിന്റെ പിടിയിലാകുന്നത്. ഇതേവസ്തുവിന്റെ മറ്റൊരു രേഖ ശരിയാക്കാൻ വേണ്ടി നേരത്തേയും സുരേഷ് പണം വാങ്ങിയിട്ടുണ്ടെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്.
കൂടുതൽ പേരിൽ നിന്ന് ഇയാൾ കൈക്കൂലി വാങ്ങിയതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഇയാളുടെ ലോഡ്ജിൽ പരിശോധന നടത്തിയത്. മുറി പരിശോധിച്ചപ്പോൾ മുറിയിൽ നിന്ന് ലക്ഷങ്ങളാണ് കണ്ടെടുത്തത്. കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് 45 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപ രേഖകളും നാണയങ്ങളും കണ്ടെടുത്തത്.
പലരിൽ നിന്നായി കൈക്കൂലി വാങ്ങിയ പണമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം വിജിലൻസ് നടത്തും. നിലവിൽ ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
Content Highlights: lakhs of money sealed from the house of officer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..