'ആ ദൃശ്യങ്ങള്‍ ഇല്ലെങ്കില്‍ എന്നെ പ്രതിയാക്കിയേനെ'; അറസ്റ്റ് വൈകുന്നത്‌ രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം


ഭരണകക്ഷിയിലെ ചില പ്രാദേശിക നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളില്‍ ചിലര്‍. ഇവരെ അറസ്റ്റുചെയ്യാതെ കോടതിയില്‍നിന്നു ജാമ്യം ലഭിക്കാനുള്ള വഴികളാണ് തേടുന്നത്.

കാട്ടാക്കടയിലെ ദൃശ്യം

കാട്ടാക്കട: അച്ഛനെയും മകളെയും ആക്രമിച്ച കാട്ടാക്കട കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റേഷനിലെ ജീവനക്കാരെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലെന്ന് പരാതി. ഭരണകക്ഷിയിലെ ചില പ്രാദേശിക നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളില്‍ ചിലര്‍. ഇവരെ അറസ്റ്റുചെയ്യാതെ കോടതിയില്‍നിന്നു ജാമ്യം ലഭിക്കാനുള്ള വഴികളാണ് തേടുന്നത്. ഇതിന് പോലീസും ഒത്താശചെയ്യുന്നുവെന്നാണ് ആരോപണം. പ്രതികളുടെ വീടുകളില്‍ പോയെങ്കിലും, ഇവര്‍ ഒളിവില്‍പ്പോയെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, പോലീസിന്റെയും രാഷ്ട്രീയനേതൃത്വത്തിന്റെയും ഈ ഒത്തുകളിയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

ആദ്യം ദുര്‍ബല വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയയ്ക്കാനായിരുന്നു ശ്രമം. അറസ്റ്റ് ഒഴിവാക്കണമെന്ന് ഭരണകക്ഷി നേതൃത്വം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ 11-ന് അക്രമം നടന്ന ശേഷം പ്രേമനന്റെ മകള്‍ രേഷ്മ സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കി. തടുര്‍ന്ന് പോലീസാണ് പ്രേമനനെ ഓട്ടോയില്‍ കയറ്റി അടുത്തുള്ള കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലാക്കിയത്. അപ്പോള്‍ മുതല്‍ മണിക്കൂറുകളോളം കുറ്റാരോപിതരായവര്‍ ഡിപ്പോയില്‍ത്തന്നെ ഉണ്ടായിരുന്നിട്ടും അവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി സംഭവം അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. സംഭവം മാധ്യമങ്ങളിലൂട പുറത്തുവന്ന് വിവാദമായതോടെ, അച്ഛനെ മര്‍ദിച്ചെന്ന മകളുടെ പരാതിയില്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന ഏഴു വകുപ്പുകളാണ് ആദ്യം ചുമത്തിയത്. ഇതിനെതിരേ മാധ്യമവാര്‍ത്തകള്‍ വന്നതോടെയാണ് ഒരു വകുപ്പുകൂടി അധികം ചുമത്തിയത്.

പ്രതികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റ് പ്രഖ്യാപിക്കുകയും ചൊവ്വാഴ്ചതന്നെ അവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തൊഴിലാളി യൂണിയനുകളും അക്രമികളെ തള്ളിപ്പറഞ്ഞു. പക്ഷേ, ഭരണകക്ഷിയിലെ പ്രമുഖരായ ചില നേതാക്കള്‍ അക്രമികളെ സംരക്ഷിക്കാനായി രംഗത്തിറങ്ങുകയായിരുന്നുവെന്നാണ് ആരോപണം. പ്രതികളിലൊരാള്‍ ഇടതുസംഘടനയായ സി.ഐ.ടി.യു.വിന്റെയും മറ്റൊരാള്‍ വലതുസംഘടനയായ ടി.ഡി.എഫിന്റെയും നേതാക്കളാണ്. മറ്റുള്ളവരും ഭരണകക്ഷി യൂണിയനിലെ ആള്‍ക്കാരാണ്.

ആക്രമണത്തിനിരയായ പ്രേമനനും ഇടതു സഹയാത്രികനാണ്. പൂവച്ചല്‍ ഗ്രാമപ്പഞ്ചായത്തിലെ എല്‍.ഡി. ക്ലര്‍ക്കായ പ്രേമനന്‍, സി.പി.ഐ.യുടെ ജീവനക്കാരുടെ സംഘടനയായ ജോയന്റ് കൗണ്‍സില്‍ കാട്ടാക്കട മേഖലാ പ്രസിഡന്റാണ്. അന്വേഷണം നടക്കുന്നതായും ഉടന്‍ പിടിയിലാകുമെന്നും ഇന്‍സ്‌പെക്ടര്‍ അനില്‍ റോസ് പറഞ്ഞു.

ജാമ്യമില്ലാ വകുപ്പ് ചുമത്തി ; പ്രതികള്‍ ഒളിവിലെന്ന് പോലീസ്

കാട്ടാക്കട: വിദ്യാര്‍ഥി കണ്‍സെഷന്‍ പുതുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കാട്ടാക്കട ഡിപ്പോയില്‍ സര്‍ക്കാര്‍ ജീവനക്കാരനായ അച്ഛനും മകള്‍ക്കും മര്‍ദനമേറ്റ സംഭവത്തില്‍ ഉള്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകൂടി ചുമത്തി. പെണ്‍കുട്ടിയെ ആക്രമിച്ചിട്ടും നിസാര വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ രക്ഷിക്കാനുള്ള കാട്ടാക്കട പോലീസിന്റെ ശ്രമം വിവാദമായതോടെയാണ് പുതിയ വകുപ്പുകള്‍ ചേര്‍ത്തത്. സ്റ്റേഷന്‍ജാമ്യം ലഭിക്കുന്ന ഏഴു വകുപ്പുകള്‍ക്ക് പുറമെ 'സ്ത്രീത്വത്തെ അപമാനിച്ചു' എന്ന 354 വകുപ്പാണ് ചുമത്തിയത്.

എന്നാല്‍ പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇത് ഒത്തുകളിയാണെന്നും പ്രതികളെ സംരക്ഷിക്കാനുള്ള രാഷ്ട്രീയനീക്കങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് ആരോപണം. മര്‍ദനമേറ്റ പ്രേമനനും ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ പ്രതികള്‍ക്ക് നിയമപരമായ ശിക്ഷ ലഭിക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നും പ്രേമനന്‍ പറഞ്ഞു.

പ്രേമനന്റെ മകള്‍ രേഷ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പുതിയ വകുപ്പ് കൂടി ചേര്‍ത്ത് പ്രഥമവിവര റിപ്പോര്‍ട്ട് പുതുക്കിയത്. ബുധനാഴ്ച രാവിലെ കാട്ടാക്കട ഇന്‍സ്പെക്ടര്‍ അനില്‍ റോസാണ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്.

ക്രൂരമര്‍ദനമേറ്റ പ്രേമനനെ ബുധനാഴ്ച വൈകീട്ടോടെ കൂടുതല്‍ പരിശോധനകള്‍ക്കായി കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നും നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മര്‍ദനത്തെ തുടര്‍ന്ന് ശരീരം നുറുങ്ങുന്ന വേദനയാണെന്ന് പ്രേമനന്‍ പറഞ്ഞു. സുരക്ഷാ ജീവനക്കാരന്‍ മുറിയിലേക്ക് പിടിച്ചു തള്ളിയപ്പോള്‍ അവിടെയുണ്ടായിരുന്ന കോണ്‍ക്രീറ്റ്‌ െബഞ്ചിലിടിച്ചാണ് വീണത്. ഈ ക്ഷതവും കൂടിയായപ്പോള്‍ നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. മര്‍ദനത്തിലും, വീഴ്ചയിലും എല്ലുകള്‍ക്ക് ക്ഷതമേറ്റതായ സംശയം ഉണ്ടായതോടെയാണ് വിദഗ്ധ പരിശോധനയ്ക്ക് മെഡിക്കലോഫീസര്‍ ശുപാര്‍ശ ചെയ്തത്.

ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഗാര്‍ഡ് എസ്.ആര്‍.സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി.മിലന്‍ ഡോറിച്ച്, വിരമിച്ച മെക്കാനിക്കല്‍ ജീവനക്കാരനായ അജികുമാര്‍ എന്നിവരാണ് പ്രതികള്‍.

ചൊവ്വാഴ്ച മകളോടൊപ്പം കണ്‍സെഷന്‍ പുതുക്കാനായി കാട്ടാക്കട ഡിപ്പോയിലെ കൗണ്ടറില്‍ എത്തിയ പ്രേമനനെയും മകള്‍ രേഷ്മയെയും തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ കൂട്ടം ചേര്‍ന്ന് കൈയേറ്റം ചെയ്യുകയും തടഞ്ഞുവയ്ക്കുകയുമായിരുന്നു.

സത്യം മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ വെളിവാക്കി

കാട്ടാക്കട: ആ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളാണ് എന്നെയും മകളെയും രക്ഷിച്ചത്. ഇല്ലെങ്കില്‍ എല്ലാപേരും കൂടി എന്നെ പ്രതിയാക്കുമായിരുന്നു ആശുപത്രിക്കിടക്കയിലിരുന്ന് പ്രേമനന്‍ പറഞ്ഞു. ഇന്നാ (ബുധനാഴ്ച) യപ്പോള്‍ അനങ്ങാന്‍ വയ്യ. കെ.എസ്.ആര്‍.ടി.സി. സുരക്ഷാ ജീവനക്കാരനും മറ്റുള്ളവരും ചേര്‍ന്ന് തല്ലുമ്പോള്‍ മകള്‍ അടിക്കരുതേ എന്ന് നിലവിളിച്ചിട്ടും മര്‍ദനം നിര്‍ത്താന്‍ കൂട്ടാക്കാതെ കണ്‍സെഷന്‍ കൗണ്ടറിന് അടുത്തുള്ള ഇരുമ്പഴികളുള്ള മുറിയില്‍ പൂട്ടിയിടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ജയിലിലായേനെ. ദൃശ്യങ്ങള്‍ പകര്‍ത്തി പുറംലോകത്തെ അറിയിച്ച ആള്‍ ആരെന്ന് ഇനിയും അറിയില്ല. അദ്ദേഹത്തോട് നന്ദിയുണ്ട്.

ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മകളുടെ മുന്നിലിട്ടാണോടോ അച്ഛനെ അടിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. ഇതാണ് എന്റെയും ചോദ്യം. പൂവച്ചല്‍ ഗ്രാമപ്പഞ്ചായത്തിലെ ക്‌ളാര്‍ക്കാണ് പ്രേമനന്‍. സര്‍ക്കാര്‍ ജീവനക്കാര്‍ മനുഷ്യപ്പറ്റുള്ളവരാവണം എന്ന പക്ഷക്കാരനാണ്. മറ്റൊരു പഞ്ചായത്തില്‍ പാവങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ച പ്രേമനനെ പഞ്ചായത്തിലെ ചില അംഗങ്ങള്‍ പലവിധത്തിലാണ് വേട്ടയാടിയത്. ജാതിപ്പേര് വിളിച്ചുവരെ അപമാനിച്ചു. കൂടാതെ സ്ഥലംമാറ്റവും. അങ്ങനെയാണ് അടുത്തിടെ പ്രേമനന്‍ പൂവച്ചല്‍ പഞ്ചായത്തില്‍ ജോലിക്കെത്തിയത്. ഇദ്ദേഹത്തിന്റെ ഇടപെടലുകള്‍ കാരണം നിരവധി പേര്‍ക്ക് നീതിയും സഹായവും ലഭിച്ചിട്ടുള്ളതായി ആശുപത്രിയില്‍ കാണാനെത്തിയ പൂവച്ചല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.സനല്‍കുമാറും സാക്ഷ്യപ്പെടുത്തുന്നു. പ്രേമനന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.

Content Highlights: ksrtc kattakkada attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented