'ഇതുപോലുള്ളവാരാണ് KSRTC-യുടെ ശാപം'; മകള്‍ കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല, മര്‍ദനം നിസാര കാര്യത്തിന്


കെ.എസ്.ആര്‍.ടി.സി. കാട്ടാക്കട ഡിപ്പോയില്‍ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും ജീവനക്കാര്‍ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ അഞ്ചു പേര്‍ക്കെതിരേ പോലീസ് ചുമത്തിയത് സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന ദുര്‍ബലമായ വകുപ്പുകളെന്ന് ആക്ഷേപം.

മർദനത്തിന്റെ ദൃശ്യം(ഇടത്ത്) മർദനമേറ്റ പ്രേമനൻ(വലത്ത്)

തിരുവനന്തപുരം: സാങ്കേതിക പ്രശ്നത്തിലുണ്ടായ ഒരു തര്‍ക്കം പരിഹരിക്കുന്നതിന് പകരം കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ നിയമം കൈയിലെടുത്തതാണ് കൈയാങ്കളിയിലേക്കെത്തിയത്.മൂന്ന് മാസം മുമ്പ് കണ്‍സഷന്‍ എടുക്കാനെത്തിയപ്പോള്‍ രേഷ്മ കോഴ്സ് കണ്ടിന്യൂയിങ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. എന്നാല്‍ കണ്‍സഷന്‍ പുതുക്കാനെത്തിയപ്പോള്‍ വീണ്ടും സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. എല്ലാ മൂന്ന് മാസവും കോളേജില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത് പ്രായോഗികമാണോ എന്ന് ചോദിച്ചെങ്കിലും ജീവനക്കാരന്‍ നിയമം അതാണെന്ന് പറഞ്ഞ് ഉറച്ചു നിന്നു.

പക്ഷേ പുതുക്കുന്നതിന് ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് മന്ത്രി ആന്റണി രാജു പറഞ്ഞത്.തുടര്‍ന്ന് ഇത്തരം ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സി.യുടെ ശാപമെന്ന് പറഞ്ഞ് മടങ്ങിയപ്പോഴാണ് കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നും വിരമിച്ച ജീവനക്കാരനായ അജി, പ്രേമനന് നേരേ തട്ടിക്കയറുന്നത്. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെക്കുറിച്ച് പറയാന്‍ നീയാരാടായെന്ന് ചോദിച്ച് പ്രേമനനു നേരേ തട്ടിക്കയറുകയായിരുന്നു.ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ അടുത്തുനിന്ന സുരക്ഷാ ജീവനക്കാരാണ് അക്രമത്തിന് തുടക്കമിട്ടത്.

അജിയും പ്രേമനനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഡ്യൂട്ടി ഗാര്‍ഡ് സുരേഷ് കുമാര്‍ പ്രേമനനെ മാത്രം തള്ളിമാറ്റുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇത് കണ്ട നിലവിളിച്ചു കൊണ്ട് മകള്‍ രേഷ്മ ഓടിയെത്തുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ജീവനക്കാര്‍ ഓടിയെത്തി പ്രേമനനെ ആക്രമിക്കുകയായിരുന്നു. ഇതിനിടയില്‍ മര്‍ദനം തടയാനെത്തിയ പെണ്‍കുട്ടിയേയും തള്ളി മുറിക്കുള്ളിലേക്കെറിയുന്നുണ്ട്. മര്‍ദനം കണ്ട് കൂടുതല്‍ ജീവനക്കാരെത്തിയാണ് വീണ്ടും മര്‍ദിക്കുന്നത്.

ഒടുവില്‍ സഹികെട്ട് പെണ്‍കുട്ടി സുരേഷ് കുമാറിനു നേരേ രോഷാകുലയാകുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നേയും നിങ്ങള്‍ ആക്രമിച്ചുവെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. ഇതോടെയാണ് ഇവര്‍ മര്‍ദനം മതിയാക്കിയത്.തര്‍ക്കങ്ങളുണ്ടായാല്‍ പരിഹരിക്കുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇടപെടുത്തുകയും ചെയ്യേണ്ട സുരക്ഷാ ഉദ്യോഗസ്ഥനാണ് പെണ്‍കുട്ടിയേയും അച്ഛനേയും മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയത്.

പ്രതിഷേധം ശക്തം

തിരുവനന്തപുരം: 'പരീക്ഷാഹാളില്‍ ഇരിക്കുമ്പോഴും അടികൊണ്ടു തളര്‍ന്ന അച്ഛന്റെ മുഖമായിരുന്നു മനസ്സില്‍. കണ്ണുനിറഞ്ഞ് പലപ്പോഴും ചോദ്യപ്പേപ്പര്‍ പോലും കാണാനായില്ല. എത്രയും വേഗം മടങ്ങിയെത്തി അച്ഛനെ കാണണമെന്നു തോന്നി' -ഇതുപറയുമ്പോള്‍ രേഷ്മയുടെ കണ്ണുകളില്‍നിന്ന് കണ്ണീര്‍ പൊഴിഞ്ഞു. അരുതേ തല്ലരുതേയെന്നു പറഞ്ഞിട്ടും ആരും കേട്ടില്ല. തന്നെ തള്ളിമാറ്റിയാണ് ജീവനക്കാര്‍ അച്ഛനെ കോളറില്‍ പിടിച്ചുവലിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചത്. ഒരു പെണ്‍കുട്ടിയാണെന്ന പരിഗണനപോലും നല്‍കാതെ തന്നെയും ആക്രമിച്ചു.

ബഹളം കേട്ടാണ് ടോയ്ലെറ്റില്‍നിന്നു തിരിച്ചുവന്നത്. ആ സമയം അച്ഛനും ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലായിരുന്നു. പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും തള്ളിമാറ്റി ആക്രമിച്ചു. അച്ഛനു സുഖമില്ലാതായപ്പോഴാണ് അവര്‍ മര്‍ദ്ദനം അവസാനിപ്പിച്ചത്. വല്ലാതെ പേടിച്ചുപോയി. കണ്ടുനിന്നവരാരും പിടിച്ചുമാറ്റാന്‍ പോലും ശ്രമിച്ചില്ല. അച്ഛനെ ഉപദ്രവിക്കുന്നതുകണ്ട് സഹിക്കവയ്യാതെയാണ് കൂട്ടുകാരിയും താനും പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടത്.

പോലീസുമായി തിരികെയെത്തിയാണ് അച്ഛനെ മോചിപ്പിച്ചത്. വയ്യാതിരുന്നിട്ടും തന്റെ പരീക്ഷയായിരുന്നു അച്ഛന്റെ മനസ്സില്‍. സമയത്തിനു പോയി പരീക്ഷയെഴുതാന്‍ അച്ഛന്‍ പറഞ്ഞു. അതുകൊണ്ടാണ് പരീക്ഷയ്ക്കു പോയതും. ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ തനിക്ക് പരീക്ഷപോലും നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ലെന്നും രേഷ്മ പറഞ്ഞു.

മകള്‍ കരഞ്ഞുപറഞ്ഞിട്ടും കേട്ടില്ല...

മകള്‍ക്കു മുന്നിലായിരുന്നു തന്നോട് ജീവനക്കാര്‍ കണ്ണില്ലാത്ത ക്രൂരത കാട്ടിയത്. അവള്‍ കരഞ്ഞുപറഞ്ഞിട്ടും അവര്‍ കേട്ടില്ല. കണ്‍െസഷന്‍ ടിക്കറ്റ് നല്‍കാത്തതു ചോദിക്കാനാണ് മകളോടൊപ്പം ഡിപ്പോയിലെത്തിയത്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ കണ്‍െസഷന്‍ നല്‍കൂവെന്ന് ജീവനക്കാര്‍ നിര്‍ബന്ധംപിടിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് എത്തിക്കാമെന്നു പറഞ്ഞിട്ടും കേട്ടില്ല. നിവൃത്തികെട്ടാണ്, 'ഇത്തരം ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സി.യുടെ ശാപ'മെന്നു പറഞ്ഞത്. അതാണ് അവരെ പ്രകോപിപ്പിച്ചത്.

ഇതിനിടെ, മകളുമായി മടങ്ങിപ്പോകാന്‍ തുടങ്ങവേയാണ് ആക്രമണമുണ്ടായത്. മകളുടെ മുന്നില്‍വച്ച് തന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു വലിച്ചിഴച്ചു. മകള്‍ തടഞ്ഞിട്ടും തന്നെ ജീവനക്കാരും സെക്യൂരിറ്റിയും ചേര്‍ന്ന് തൊട്ടടുത്ത മുറിയിലേക്കു വലിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചു. ഇടികൊണ്ട് അവശനായ തന്നെ പതിനഞ്ച് മിനിട്ടോളം തടഞ്ഞുവച്ചു.

പോലീസെത്തിയിട്ടു പോയാല്‍ മതിയെന്നായിരുന്നു ജീവനക്കാരുടെ നിലപാട്. തന്റെ പേരില്‍ കള്ളക്കേസ് ചുമത്തി പ്രതിയാക്കാനായിരുന്നു അവരുടെ ശ്രമം. ഇതിനിടെ, മകളും കൂട്ടുകാരിയും പോലീസിനെ കൂട്ടി എത്തുകയായിരുന്നു. അങ്ങനെയാണ് തന്നെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. നടന്ന സംഭവത്തെക്കുറിച്ചു പറയുമ്പോള്‍ പ്രേമനന്റെ കണ്ണുകളില്‍ ഇപ്പോഴും ഭീതിയാണ്.

എസ്.എഫ്.ഐ. പ്രകടനത്തിനിടെ ബസിന്റെ ചില്ല് എറിഞ്ഞു പൊട്ടിച്ചു

കാട്ടാക്കട: കാട്ടാക്കട ഡിപ്പോയില്‍ യാത്രാ സൗജന്യത്തിനുള്ള ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ കൈയേറ്റംചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം.
എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഡിപ്പോയിലേക്ക് നടത്തിയ പ്രകടനത്തിനിടെ ബസിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു. ചൊവ്വാഴ്ച വൈകീട്ട് ഡിപ്പോയിലേക്ക് പ്രകടനം നടത്തുമ്പോഴാണ് ആളെ കയറ്റാന്‍ എത്തിയ ബസിനു നേരേ കല്ലേറുണ്ടായത്. ബസിന്റെ മുന്‍ഭാഗത്തെ ചില്ല് കല്ലേറില്‍ തകര്‍ന്നു. സംഭവത്തില്‍ പങ്കില്ലെന്ന് എസ്.എഫ്.ഐ. അറിയിച്ചു.

കാട്ടാക്കടയില്‍ എസ്.എഫ്.ഐ. പ്രകടനത്തിനിടെ കല്ലേറില്‍ ചില്ല് പൊട്ടിയ ബസ്

പ്രകടനത്തിനിടെ സമൂഹവിരുദ്ധരാണ് മുതലെടുത്തതെന്ന് നേതാക്കള്‍ പറഞ്ഞു. അച്ഛനെയും മകളെയും കൈയേറ്റം ചെയ്തത് അന്വേഷിക്കണമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സി.പി.ഐ. ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധത്തില്‍ സെക്രട്ടറി ചന്ദ്രബാബു, അഭിലാഷ് ആല്‍ബര്‍ട്ട്, കെ.പി.ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഭവം നീചവും കാടത്തവുമാണെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.

'അരുതേ... തല്ലരുതേയെന്നു പറഞ്ഞിട്ടും അവര്‍ അച്ഛനെ തല്ലിച്ചതച്ചു'

കേസെടുത്തത് ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി

കാട്ടാക്കട: കെ.എസ്.ആര്‍.ടി.സി. കാട്ടാക്കട ഡിപ്പോയില്‍ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും ജീവനക്കാര്‍ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ അഞ്ചു പേര്‍ക്കെതിരേ പോലീസ് ചുമത്തിയത് സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന ദുര്‍ബലമായ വകുപ്പുകളെന്ന് ആക്ഷേപം. പ്രതികളും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുമായ എ.മുഹമ്മദ് ഷെരീഫ്, എസ്.ആര്‍.സുരേഷ് കുമാര്‍, എന്‍.അനില്‍കുമാര്‍, മിലന്‍ ഡോറിച്ച് എന്നിവര്‍ക്കും മുന്‍ ജീവനക്കാരന്‍ അജിക്കുമെതിരേ എടുത്തിട്ടുള്ളത് ഇന്ത്യന്‍ ശിക്ഷാനിയമം 143, 147, 149, 341, 294(യ), 323, 324 എന്നീ വകുപ്പുകളാണ്.

സംഘംചേരല്‍, മര്‍ദ്ദനം, തടഞ്ഞുവയ്ക്കല്‍, അസഭ്യം പറയല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നിവയാണ് വകുപ്പുകള്‍. ഇവയെല്ലാംതന്നെ വേണമെങ്കില്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പാണെന്നും നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.കെ.എസ്.ആര്‍.ടി.സി. വകുപ്പുതല നടപടിയെടുത്തെങ്കിലും പ്രതികളില്‍ ആരെയും പോലീസ് ഇതേവരെ അറസ്റ്റുചെയ്തിട്ടില്ല. പെണ്‍കുട്ടിയെ ഡ്യൂട്ടി ഗാര്‍ഡ് സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ പിടിച്ചുതള്ളുന്നതും നിങ്ങളെന്നെ ആക്രമിച്ചുവെന്ന് പെണ്‍കുട്ടി പറയുന്നതുമായ ദൃശ്യങ്ങളുണ്ടായിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയാണുണ്ടായതെന്നാണ് ആരോപണം.

പെണ്‍കുട്ടിയെ കൈയേറ്റംചെയ്തതിന്റെ വകുപ്പൊന്നും എഫ്.ഐ.ആറില്‍ ഇല്ല. ഹൈക്കോടതി നേരിട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കേസായിട്ടുപോലും പ്രതികള്‍ക്ക് അനുകൂല നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.

Content Highlights: ksrtc, father and daughter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented