സന്തോഷ്, ജയജിത്ത്
കൊണ്ടോട്ടി: വ്യാജ രേഖകള്‍ ഉപയോഗിച്ച് കെ.എസ്.എഫ്.ഇ. കൊണ്ടോട്ടി ശാഖയില്‍ ലക്ഷങ്ങളുടെ ചിട്ടിത്തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ മാനേജര്‍ അടക്കം രണ്ടുപേര്‍ പിടിയില്‍.
44 ലക്ഷത്തിലേറെ രൂപ തട്ടിയ കേസില്‍ ബ്രാഞ്ച് മാനേജരായിരുന്ന കോഴിക്കോട് കൊമ്മേരി സ്വദേശി സൗപര്‍ണിക വീട്ടില്‍ സന്തോഷ് (53), കോഴിക്കോട് കക്കോടി മോറിക്കര സ്വദേശി രയാസ് വീട്ടില്‍ ജയജിത്ത് (42) എന്നിവരെയാണ് പ്രത്യേകാന്വേഷണസംഘം പിടികൂടിയത്.
2016-18 സാമ്പത്തികവര്‍ഷത്തില്‍ സന്തോഷ് മാനേജരായിരുന്ന സമയത്താണ് തട്ടിപ്പ് നടന്നത്. സന്തോഷിന്റെ സഹായത്തോടെ ജയജിത്ത് ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ ഒട്ടേറെ ആളുകളുടെ പേരില്‍ ചിട്ടിയില്‍ ചേരുകയും വിളിച്ചെടുക്കുകയും ചെയ്തു. വിവിധ പേരില്‍ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് പണം കൈപ്പറ്റിയത്.
ഈ സമയം ഇയാള്‍ അലനല്ലൂരില്‍ സര്‍ക്കാര്‍ ഹോസ്റ്റല്‍ വാര്‍ഡനായി ജോലി ചെയ്യുകയായിരുന്നു. ഇവിടത്തെ സീലുകളും മറ്റും ഉപയോഗിച്ചാണ് ഇയാള്‍ വ്യാജരേഖകള്‍ നിര്‍മിച്ചത്.
പുതിയ മാനേജര്‍ ചിട്ടിയുടെ തിരിച്ചടവ് മുടങ്ങിയത് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് നല്കിയ പരാതിയിലാണ് അറസ്റ്റ്. ഒരു വര്‍ഷത്തോളമായി രണ്ടുപേരും സസ്പെന്‍ഷനിലാണ്. കെ.എസ്.എഫ്.ഇ.യുടെ മറ്റു ശാഖകളിലും ഇവര്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്.
അന്വേഷണം പുരോഗമിക്കുകയാണ്. കൊണ്ടോട്ടി ഡിവൈ.എസ്.പി. കെ. അഷറഫ്, ഇന്‍സ്പെക്ടര്‍ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി എസ്.ഐ. നൗഫല്‍, പ്രത്യേകാന്വേഷണസംഘാംഗങ്ങളായ സഞ്ജീവ്, രതീഷ് ഒളരിയന്‍, സബീഷ്, ഷബീര്‍, സുബ്രഹ്മണ്യന്, പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..