കൊല്ലപ്പെട്ട ബിജു, പ്രതികളായ നവാസ്, സുനിൽകുമാർ
തളിപ്പറമ്പ്: കെ.എസ്.ഇ.ബി.യിലെ കരാര്‍ത്തൊഴിലാളി തൃശ്ശൂര്‍ വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടം കള്ളിയത്തുപറമ്പില്‍ കെ.എല്‍. ബിജു (47) തലയ്ക്കടിയേറ്റ് മരിച്ചു. കണ്ണപ്പിലാവ് കോള്‍തുരുത്തി പാലത്തിന് സമീപം താമസസ്ഥലത്ത് തിങ്കളാഴ്ച രാത്രി 9.30-ഓടെയാണ് കൊലപാതകം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ഡീസന്റ് മുക്ക് എച്ച്.എന്‍.സി. കോമ്പൗണ്ടിലെ നവാസ് (42), ഇരവിപുരം ധവളക്കുഴി സുനാമി ഫ്ളാറ്റിലെ സുനില്‍കുമാര്‍ (50) എന്നിവരെ ഇന്‍സ്‌പെക്ടര്‍ എ.വി. ദിനേശന്‍ അറസ്റ്റു ചെയ്തു.
കൊല്ലപ്പെട്ട ബിജുവും പ്രതികളും ഒരേ കെട്ടിടത്തിലെ താമസക്കാരും കെ.എസ്.ഇ.ബി.യിലെ കരാര്‍ത്തൊഴിലാളികളുമാണ്. കെട്ടിടത്തിന്റെ മുകള്‍നിലയില്‍ തലയ്ക്കടിയേറ്റ് അബോധാവസ്ഥയിലാണ് ബിജുവിനെ കണ്ടത്. പോലീസെത്തിയാണ് ആസ്പത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
തറയില്‍ വീണുമരിച്ചുവെന്നാണ് പ്രതികള്‍ ആദ്യം നല്‍കിയ മൊഴി. അതേസമയം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങളില്‍നിന്ന് കൊലപാതകതകമാണെന്ന സൂചനന ലഭിച്ചതോടെ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.
ബിജുവിന്റെത് ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് ഇയാളോട് വൈരാഗ്യമുണ്ടായിരുന്നു. ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം പ്രതികള്‍ ഒന്നുമറിയാത്തവരെപോലെ താമസസ്ഥലത്ത് കഴിഞ്ഞു. മറ്റൊരു തൊഴിലാളിയാണ് ബിജു വീണുകിടക്കുന്നവിവരം അറിയിച്ചത്.
ലോണയുടെയും ഏലിക്കുട്ടിയുടെയും മകനാണ് മരിച്ച ബിജു. ഭാര്യ: ബിന്ദു. മക്കള്‍: ജുവല്‍ മരിയ, ജുവാന്‍. സഹോദരങ്ങള്‍; ജോസ്, കൊച്ചുത്രേസ്യ, ആനി, സണ്ണി, ഷൈനി, സിസ്റ്റര്‍ ലിസ തെരേസ, പരേതനായ ലോനപ്പന്‍.
Content Highlights: kseb contract worker killed in thalipparamba kannur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..