റിജേഷ്
കോഴിക്കോട്: വളയത്ത് ഖത്തറില്‍ നിന്നെത്തിയ യുവാവിനെ കാണാതായതായി പരാതി. ചെക്യാട് വാതുക്കല് പറമ്പത്ത് റിജേഷി(35)നെയാണ് കാണാതായത്. അവസാനമായി ജൂണ്‍ പത്തിനാണ് യുവാവ് ടെലിഫോണ്‍ വഴി ബന്ധുക്കളുമായി സംസാരിച്ചത്.
ജൂണ്‍ 16-ന് കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടില്‍ എത്തുമെന്ന് റിജേഷ് വീട്ടുകാര്‍ക്ക് വിവരം നല്‍കിയിരുന്നു. നാട്ടിലേക്ക് പോന്നതായി റിജേഷിന്റെ ഖത്തറിലുള്ള സുഹൃത്തുക്കളും പറയുന്നു. പക്ഷേ, ഇയാളെ കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇതിനിടെ, ജൂണ്‍ 15-ന് റിജേഷ് നാട്ടിലെത്തിയിട്ടുണ്ടെന്നും അവന്റെ കൈവശം കൊടുത്തുവിട്ട സാധനം വേണമെന്നും ഇല്ലെങ്കില്‍ വിടില്ലെന്നും പറഞ്ഞ് ഭീഷണി കോളുകള്‍ വന്നു. അന്നും തൊട്ടടുത്ത ദിവസങ്ങളിലും ചില ആളുകള്‍ വീട്ടിലെത്തി. റിജേഷ് നാട്ടിലെത്തിയിട്ടുണ്ടെന്നും സാധനം വേണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ഇവര്‍ ചെയ്തതെന്നും റിജേഷിന്റെ സഹോദരന് പറഞ്ഞു.
ഖത്തറില്‍ നിന്ന് പലതവണ ഫോണ്‍കോളുകള്‍ വന്നുയ റിജേഷിന്റെ കയ്യില്‍ കൊടുത്തുവിട്ട സാധനം എത്തേണ്ടിടത്ത് എത്തിയില്ലെന്നും അത് തിരിച്ചുവേണമെന്നും പറഞ്ഞാണ് ഭീഷണിയെന്നും സഹോദരന് പറയുന്നു. പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്ണക്കടത്തുകാര് തട്ടിക്കൊണ്ടുപോയ വാര്‍ത്ത വന്നതോടെയാണ് സഹോദരന് രാജേഷ് വളയം പോലീസില്‍ പരാതി നല്‍കിയത്. റിജേഷിനെ അന്വേഷിച്ച് പലരും വന്നതായി നാട്ടുകാരും പറയുന്നു. കേസില്‍ അന്വേഷണം ആരംഭിച്ചതായി വളയം സി.ഐ. അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..