ഷാഫിയുടെ വീഡിയോയിൽനിന്ന്
കോഴിക്കോട്: താമരശ്ശേരി പരപ്പന്‍പൊയിലില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിന്റെ വീഡിയോ പുറത്ത്. പരപ്പന്‍പൊയിലില്‍ കുറുന്തോട്ടികണ്ടിയില്‍ മുഹമ്മദ് ഷാഫിയുടെ വീഡിയോയാണ് വ്യാഴാഴ്ച പുറത്തുവന്നത്. 80 കോടി രൂപയുടെ സ്വര്‍ണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും എത്രയുംവേഗം മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നുമാണ് ഷാഫി വീഡിയോയില്‍ പറയുന്നത്. അതേസമയം, തന്നെ തട്ടിക്കൊണ്ടുപോയത് ആരാണെന്നോ എവിടെയാണുള്ളതെന്നോ ഷാഫി വീഡിയോയില്‍ പറയുന്നില്ല. അജ്ഞാതകേന്ദ്രത്തില്‍നിന്ന് ചിത്രീകരിച്ച വീഡിയോയെക്കുറിച്ച് പോലീസിനും കൂടുതല്‍കാര്യങ്ങള്‍ വ്യക്തമല്ല.
'' 325 കിലോ സ്വര്‍ണം ഞാനും ബ്രദറും കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ കിഡ്‌നാപ് ചെയ്തിരിക്കുന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടേതാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് ഡീറ്റെയിലായിട്ട് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയുംപെട്ടെന്ന് ഈ കാര്യങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ അവര്‍ കേസും കൂട്ടവും പോലീസും പ്രശ്‌നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കില്‍ വേറൊരു വഴിയോ കാര്യങ്ങളോ ഉണ്ടാകില്ല. അതുകൊണ്ട് എത്രയുംപെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട്...''- എന്നുപറഞ്ഞാണ് ഷാഫിയുടെ വീഡിയോ അവസാനിക്കുന്നത്.
തട്ടിക്കൊണ്ടുപോയവര്‍ നിര്‍ബന്ധിച്ച് ചിത്രീകരിച്ച വീഡിയോയാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. വീഡിയോ ചിത്രീകരിച്ച സ്ഥലവും മറ്റും തിരിച്ചറിയാതിരിക്കാനും ഇവര്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഏപ്രില്‍ ഏഴാം തീയതി രാത്രിയാണ് ഷാഫിയെ വീട്ടില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ഭാര്യയെയും കാറില്‍ കയറ്റിയിരുന്നെങ്കിലും ഇവരെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു. എന്നാല്‍ സംഭവം നടന്ന് ആറുദിവസമായിട്ടും ഷാഫിയെ പോലീസിന് കണ്ടെത്താനായിട്ടില്ല.
അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് ഒരു കാര്‍ കഴിഞ്ഞദിവസം പോലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന കാര്‍ കാസര്‍കോടുനിന്നാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഒരാളെ കസ്റ്റഡിയിലെടുത്തതായും വിവരങ്ങളുണ്ട്.
Content Highlights: kozhikode thamarassery expat youth shafi kidnap case a video released by him
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..