ഷാഫിയുടെ വീഡിയോയിൽ നിന്ന് | ഫോട്ടോ: Screengrab
കോഴിക്കോട്: താമരശ്ശേരിയില്‍ പരപ്പന്‍പൊയിലില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ രണ്ടാമത്തെ വീഡിയോ പുറത്ത്. സഹോദരന്‍ നൗഫലാണ് തട്ടിക്കൊണ്ടു പോയതെന്ന് ഷാഫി വീഡിയോയില്‍ ആരോപിക്കുന്നു.
ഇസ്ലാം മതവിശ്വാസ പ്രകാരം പെണ്‍കുട്ടികളുള്ളവര്‍ മരണപ്പെട്ടാല്‍ സ്വത്ത് മുഴുവന്‍ സഹോദരന് ലഭിക്കുമെന്നും ഇതിനു വേണ്ടി സഹോദരന്‍ നൗഫല്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ് എന്നുമാണ് ഷാഫിയുടെ ആരോപണം. നൗഫലിനെ ശ്രദ്ധിക്കണമെന്ന് പിതാവ് നേരത്തെ തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഷാഫി പരാമര്‍ശിക്കുന്നുണ്ട്.
വീഡിയോയുടെ ആധികാരികത പോലീസ് പരിശോധിച്ചു വരികയാണ്. വീഡിയോ ചിത്രീകരിച്ചതാരാണെന്നും ഇതിനു പിന്നിലെ ഉദ്ദേശവും പോലീസ് അന്വേഷിക്കുകയാണ്. തട്ടിക്കൊണ്ടു പോയ സംഘം തന്നെ ഷാഫിയെ കൊണ്ട് ഇത്തരത്തില്‍ വീഡിയോകള്‍ ചെയ്യിക്കുന്നതാണെന്നാണ് പോലീസ് സംശയിക്കുന്നത്. നിലവിലെ അന്വേഷണത്തെ വഴി തിരിച്ചു വിടാനുള്ള ശ്രമമാകാമിതെന്ന് പോലീസ് സംശയിക്കുന്നു. ഇതിനു മുമ്പ് പുറത്തു വിട്ട വീഡിയോയില്‍ 80 കോടി രൂപയുടെ സ്വര്‍ണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും എത്രയുംവേഗം മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നുമാണ് ഷാഫി വീഡിയോയില്‍ പറയുന്നത്. അതേസമയം, തന്നെ തട്ടിക്കൊണ്ടുപോയത് ആരാണെന്നോ എവിടെയാണുള്ളതെന്നോ ഷാഫി വീഡിയോയില്‍ പറയുന്നില്ല.
ഏപ്രില്‍ ഏഴാം തീയതി രാത്രിയാണ് താമരശ്ശേരി പരപ്പന്‍പോയില്‍ സ്വദേശി മുഹമ്മദ് ഷാഫിയെയും ഭാര്യ സനിയയെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സനിയയെ പിന്നീട് റോഡില്‍ ഇറക്കിവിടുകയായിരുന്നു.
മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ വിദേശത്തെ സാമ്പത്തിക ഇടപാടിന് മധ്യസ്ഥത വഹിച്ചതാവാമെന്നായിരുന്നു ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍, ഹവാല പണമിടപാടുമായി നേരിട്ട് ബന്ധമുള്ളതിനാലാണ് പണം കിട്ടാനുള്ളവര്‍ ക്വട്ടേഷന്‍സംഘാംഗങ്ങളെ വിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന നിഗമനത്തിലാണ് പോലീസ്.
ദുബായില്‍വെച്ച് കൊടുവള്ളി സ്വദേശിയായ സാലി എന്നയാളുമായി ഒരുകോടി മുപ്പതുലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് ഇദ്ദേഹവും മുഹമ്മദ് ഷാഫിയും മധ്യസ്ഥരും തമ്മില്‍ അസ്വാരസ്യം നിലനിന്നിരുന്നു. ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതില്‍നിന്ന് കൈവശപ്പെടുത്തിയ തുകയില്‍ പകുതി ഉടമകള്‍ക്ക് മടക്കിക്കിട്ടിയെന്നും ബാക്കികൂടി ലഭിക്കാന്‍വേണ്ടിയാണ് കൊടുവള്ളി സ്വദേശിയും കൂട്ടാളികളും ചേര്‍ന്ന് ഷാഫിയുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയതെന്നുമാണ് കസ്റ്റഡിയിലെടുത്തവരില്‍നിന്ന് ലഭിച്ച വിവരം. ഒരുമാസംമുമ്പ് നടന്ന ഈ സംഭവത്തില്‍ എട്ടാളുകളുടെപേരില്‍ താമരശ്ശേരി പോലീസ് കേസെടുത്തിരുന്നു. അതേ സംഭവത്തിന്റെ പേരിലാണ് ഇപ്പോഴത്തെ തട്ടിക്കൊണ്ടുപോകലെന്ന പ്രാഥമിക വിലയിരുത്തലിലാണ് പോലീസ്.
Content Highlights: thamarassery kidnap,kozhikode kidnap,crime news,gold smuggling,kerala news


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..