പ്രതീകാത്മക ചിത്രം | Getty Images
കോഴിക്കോട്: ഏഴാംക്ലാസ് മുതല്‍ എം.ഡി.എം.എ ഉപയോഗിച്ചുതുടങ്ങിയെന്നും മയക്കുമരുന്ന് കാരിയറാക്കിയെന്നുമുള്ള ഒന്‍പതാംക്ലാസുകാരിയുടെ വെളിപ്പെടുത്തലില്‍ പത്തുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ബംഗാള്‍ സ്വദേശി അടക്കമുള്ളവര്‍ക്കെതിരേയാണ് പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് പോലീസ് കേസെടുത്തത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് എ.സി.പി. കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം തുടരുകയാണ്.
ഏഴാംക്ലാസ് മുതല്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും പിന്നീട് മയക്കുമരുന്ന് സംഘത്തിന്റെ കാരിയറായെന്നുമാണ് പെണ്‍കുട്ടി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നത്. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരിസംഘവുമായി പരിചയപ്പെടുന്നതെന്നും ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലുള്ളവര്‍ക്കാണ് മയക്കുമരുന്ന് കൈമാറിയിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
''മൂന്നുവര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടയാളാണ് ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി ലഹരിമരുന്ന് നല്‍കിയത്. ഉപയോഗിക്കേണ്ടവിധം ഇന്‍സ്റ്റഗ്രാമില്‍ നോക്കി പഠിക്കാന്‍ പറഞ്ഞു. പൈസയൊന്നും വാങ്ങിയില്ല. പിന്നെ കാരിയറായി. ഒരുഗ്രാമിന് 1500 രൂപയ്ക്കാണ് വിറ്റത്. അതില്‍ 750 മുതല്‍ ആയിരംരൂപവരെ ലഭിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലുള്ള കൂട്ടുകാര്‍ക്കാണ് ഇത് വിറ്റിരുന്നത്. വിതരണംചെയ്തിരുന്നവര്‍ ഉപദ്രവിച്ചിട്ടില്ല. പാക്കറ്റിലാണ് മയക്കുമരുന്ന് തന്നിരുന്നത്. ഫോണിന്റെ മുകളില്‍ പൊടിതട്ടിയിട്ട് വരച്ച് മൂക്കിലേക്ക് വലിച്ചുകയറ്റിയാണ് ഉപയോഗിച്ചിരുന്നത്. പിന്നെ കൈ ബ്‌ളേഡുകൊണ്ട് മുറിച്ച് എം.ഡി.എം.എ.യുടെ സ്റ്റാമ്പ് സ്റ്റിക്കര്‍ ഒട്ടിക്കും. അതിന് നല്ല ലഹരിയാണ്. ഒരുതവണ ബെംഗളൂരുവില്‍നിന്ന് പിതാവിനൊപ്പം തിരിച്ചുവരുമ്പോള്‍ ഒരു പാക്കറ്റ് കോഴിക്കോട്ടെ ചില ആളുകള്‍ക്ക് കൊടുക്കാന്‍വേണ്ടി തന്നുവിട്ടിരുന്നതും കാരിയറായിട്ടായിരുന്നു.'' -കുട്ടി വെളിപ്പെടുത്തി.
'റോയല്‍ ഡ്രഗ്സ്' എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരിക്കെണിയില്‍ അകപ്പെടുത്തിയതെന്നും ആരൊക്കെയാണ് ഇതിനുപിന്നിലുള്ളതെന്നും തന്നെക്കൂടി ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതെന്നുമുള്ള വിവരങ്ങള്‍ വിദ്യാര്‍ഥിനി വെളിപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളിന് പുറത്ത് ലഹരിവിതരണസംഘമെത്തി ലഹരിവസ്തുക്കള്‍ കൈമാറുന്നുണ്ടെന്ന വിവരവും കുട്ടി പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ കൈയിലെ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ട മാതാവ് വിവരങ്ങള്‍ തിരക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിലും മെഡിക്കല്‍ കോളേജ് പോലീസിലും മാതാവും സാമൂഹികപ്രവര്‍ത്തകരും പരാതി നല്‍കുകയായിരുന്നു.
കുട്ടി സ്വകാര്യ ആശുപത്രിയില്‍ ഒട്ടേറെത്തവണ കൗണ്‍സലിങ്ങിന് വിധേയയായിരുന്നു. നാലുമാസമായി കുട്ടി സ്‌കൂളില്‍പോകുന്നില്ലെന്ന് പോലീസ് പറഞ്ഞു. പോലീസും ഒരുതവണ കുട്ടിയെ കൗണ്‍സലിങ്ങിന് കൊണ്ടുപോയിട്ടുണ്ട്.
Content Highlights: kozhikode school girl drugs case police booked case against ten
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..