കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് | Photo - Mathrubhumi archives
കോഴിക്കോട്: കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ എം.പി. റിജില്‍ പണം ചെലവഴിച്ചത് ഓണ്‍ലൈന്‍ ഗെയിമുകളിലും ഓഹരിവിപണയിലുമെന്ന് സൂചന. എട്ടുകോടിയിലധികം രൂപയാണ് ഇത്തരത്തില്‍ ചെലവാക്കിയതെന്നാണ് കരുതുന്നത്. അതേസമയം, ബാങ്കിലെ പണം തട്ടിപ്പ് കേസില്‍ റിജില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.
സാധാരണ കുടുംബത്തിലെ അംഗമായ റിജിലിന്റെ മുക്കത്തെ വീട് ഉള്‍പ്പടെ കേന്ദ്രീകരിച്ച് ടൗണ്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. റിജില്‍ പുതിയ വീട് നിര്‍മിക്കുന്നുണ്ടെങ്കിലും ഇതിന് 80 ലക്ഷം രൂപ ബാങ്ക് വായ്പയുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് റിജിലിന്റെ ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.
ബാങ്കിലെ സീനിയര്‍ മാനേജരായിരുന്ന റിജില്‍ ചെറിയ തുകകളായാണ് പണം മാറ്റിയതെന്നാണ് കണ്ടെത്തല്‍. അച്ഛന്റെ അക്കൗണ്ടിലേക്ക് തുക മാറ്റിയപ്പോള്‍ തുക എവിടെ നിന്ന് വന്ന് കാണിക്കേണ്ട ഭാഗം റിജില്‍ ഒഴിച്ചിട്ടിരുന്നു. സീനിയര്‍ മാനേജര്‍ക്ക് മാത്രമേ ഇത്തരത്തില്‍ രേഖകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. സീനിയര്‍ മാനേജരുടെ അധികാരം ഇയാള്‍ ദുരുപയോഗം ചെയ്തതായും ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്ക് ലിങ്ക് റോഡ് ശാഖയിലുള്ള കോഴിക്കോട് കോര്‍പ്പറേഷന്റെ വിവിധ അക്കൗണ്ടുകളില്‍നിന്നായി ഏകദേശം 14.5 കോടി രൂപയാണ് തട്ടിയെടുത്തത്. വ്യാപക ക്രമക്കേട് നടത്തി പണം അപഹരിച്ചെന്ന പരാതി വന്നതോടെ നിലവില്‍ എരഞ്ഞിപ്പാലം ശാഖയില്‍ മാനേജറായിരുന്ന റിജിലിനെ ബാങ്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.
അതിനിടെ, ലിങ്ക് റോഡ് ശാഖയിലെ മറ്റ് അക്കൗണ്ടുകളില്‍നിന്നും ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായും സൂചനയുണ്ട്. നിലവില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചെന്നൈയില്‍നിന്നുള്ള ഉന്നതസംഘം ബാങ്കില്‍ പരിശോധനനടത്തിവരികയാണ്.
സി.ബി.ഐ. അന്വേഷണത്തിനും സാധ്യത...
പി.എന്‍.ബി. ബാങ്ക് തട്ടിപ്പില്‍ സി.ബി.ഐ. അന്വേഷണത്തിന് സാധ്യത. തട്ടിപ്പ് നടന്നത് പൊതുമേഖല ബാങ്കിലായതിനാലാണ് സി.ബി.ഐ അന്വേഷണത്തിന് സാധ്യത തെളിയുന്നത്. മൂന്നുകോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നാല്‍ ബാങ്ക് സി.ബി.ഐ.യ്ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍ ചെന്നൈയില്‍ നിന്നുള്ള ബാങ്ക് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്. ഇതിനുശേഷം തുക കൃത്യമായി കണക്കാക്കി ബാങ്ക് അധികൃതര്‍ സി.ബി.ഐ.യ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
Content Highlights: kozhikode punjab national bank fraud case investigation against manager
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..