ബാങ്ക് തട്ടിപ്പ്: മുന്‍ മാനേജറുടെ ജാമ്യാപേക്ഷ തള്ളി; ലുക്ക്ഔട്ട് സര്‍ക്കുലര്‍, ഒളിവില്‍ തന്നെ


Screengrab: Mathrubhumi News

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സീനിയര്‍ മാനേജര്‍ എം.പി. റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ മുന്‍ സീനിയര്‍ മാനേജറാണ് റിജില്‍. കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടുകളില്‍നിന്ന് ഇയാള്‍ 12.6 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇതില്‍ രണ്ടരക്കോടി രൂപ ബാങ്ക് കോര്‍പ്പറേഷന് തിരികെ നല്‍കിയിരുന്നു. ബാങ്കില്‍ നടത്തിയ പരിശോധനയില്‍ ആകെ 21.29 കോടി രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തിയിരുന്നു.

അതിനിടെ, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍പോയ റിജിലിനായി പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. രാജ്യം വിട്ടുപോകാതിരിക്കാന്‍ വിമാനത്താവളങ്ങളിലാണ് സര്‍ക്കുലര്‍ നല്‍കിയത്. റിജിലിന്റെ വീട്ടിലും പി.എന്‍.ബി.യുടെ ലിങ്ക് റോഡ്, എരഞ്ഞിപ്പാലം ശാഖകളിലും കോര്‍പ്പറേഷന്‍ ഓഫീസിലുമെല്ലാം ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. വീട്ടില്‍നിന്ന് പെന്‍ഡ്രൈവ്, ഐ പാഡ് തുടങ്ങിയവ കണ്ടെടുക്കുകയും ചെയ്തു.

21.29 കോടിയുടെ തിരിമറിയില്‍ 12.68 കോടിയാണ് ബാങ്കില്‍നിന്ന് നഷ്ടപ്പെട്ടിട്ടുള്ളത്. ഇതില്‍ പത്തുകോടിയിലേറെ ഓഹരിവിപണിയില്‍ റിജിലിന് നഷ്ടമായി. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഓഹരിവിപണി കമ്പനി വഴിയാണ് ഇടപാടുകള്‍ നടത്തിയിട്ടുള്ളത്. ശേഷിക്കുന്ന തുക റമ്മി കളിക്കാനും മറ്റുചില ഇടപാടുകള്‍ക്കും ഉപയോഗിച്ചിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ശേഖരിച്ചെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ ടി.എ. ആന്റണി പറഞ്ഞു.

പ്രതിയെ പിടികൂടാന്‍ താമസം....

കോഴിക്കോട്: ഒരു ദേശസാത്കൃതബാങ്കില്‍ 21 കോടിയിലേറെ രൂപയുടെ തിരിമറി നടത്തുക. അതില്‍ 12.68 കോടി നഷ്ടപ്പെടുക. തുക നഷ്ടപ്പെട്ടതാകട്ടെ, ചില്ലറക്കാര്‍ക്കല്ല. കോഴിക്കോട് കോര്‍പ്പറേഷനാണ്. എന്നിട്ടും കുറ്റക്കാരനെന്ന് പോലീസും ബാങ്കുമെല്ലാം പറയുന്ന മുന്‍ സീനിയര്‍ മാനേജര്‍ ഒളിവില്‍ത്തന്നെ. അപൂര്‍വമായ തട്ടിപ്പ് കണ്ടെത്തി ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ലെന്ന വിചിത്രനിലപാടില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തുടരുമ്പോള്‍ ജനം മൂക്കത്തു കൈവെക്കേണ്ട സ്ഥിതിയിലാണ്.

പഞ്ചാബ് നാഷണല്‍ ബാങ്ക് ലിങ്ക് റോഡ് ശാഖയില്‍നിന്ന് കോര്‍പ്പറേഷന്റെ 98 ലക്ഷം നഷ്ടമായെന്ന പരാതിയുമായി ബാങ്ക് തന്നെയാണ് ടൗണ്‍ പോലീസിനെ സമീപിച്ചത്. തൊട്ടുപിന്നാലെ 2.53 കോടിയാണ് നഷ്ടമായതെന്ന് കാണിച്ച് കോര്‍പ്പറേഷനും പരാതിപ്പെട്ടു. നവംബര്‍ 29-നാണ് രണ്ട് പരാതികളും നല്‍കിയത്.

തുടര്‍ന്ന് ബാങ്കിന്റെ ചെന്നൈയില്‍നിന്നുള്ള സംഘമെത്തി ഓഡിറ്റ് നടത്തി. കോര്‍പ്പറേഷന്റെ കൂടുതല്‍ അക്കൗണ്ടുകളില്‍നിന്നും മറ്റ് സ്വകാര്യ അക്കൗണ്ടുകളില്‍നിന്നും പണം നഷ്ടമായതായി കണ്ടെത്തി. നഷ്ടമായ തുകയെക്കുറിച്ചുപോലും വ്യക്തതയുണ്ടായിരുന്നില്ല.

പലതരത്തില്‍ കണക്കുകൂട്ടി, 17 അക്കൗണ്ടുകളില്‍നിന്നായി 21.29 കോടിയുടെ തിരിമറി നടന്നെന്നും അതില്‍ 12.68 കോടി നഷ്ടമായെന്നും ഉറപ്പിച്ചു. ഇതില്‍ 12.6 കോടി രൂപയും കോര്‍പ്പറേഷന്റേതാണ്. ശേഷിക്കുന്നത് ആറ് സ്വകാര്യ അക്കൗണ്ടുകളിലേതും. പരാതി ഉയര്‍ന്ന ഉടനെ ബാങ്ക് കോര്‍പ്പറേഷന് തിരിച്ചുനല്‍കിയ 2.53 കോടി രൂപ കിഴിച്ചാല്‍ 10.07 കോടിയാണ് ഇനി നല്‍കാനുള്ളത്.

ഓഡിറ്റ് പൂര്‍ത്തിയാക്കി സംഘം ചെന്നൈയിലേക്ക് മടങ്ങി. സി.ബി.ഐ.യെ അറിയിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അവരാണ് സ്വീകരിക്കേണ്ടത്. അന്വേഷണത്തില്‍ മുന്‍ സീനിയര്‍ മാനേജര്‍ നായര്‍കുഴി ഏരിമലയിലെ റിജില്‍ മാത്രമാണ് കുറ്റക്കാരനെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ലിങ്ക് റോഡ് ശാഖയില്‍നിന്ന് എരഞ്ഞിപ്പാലത്തേക്ക് മാറിയശേഷവും റിജില്‍ അക്കൗണ്ടുകളില്‍ തിരിമറിനടത്തി. കേസായത് മുതല്‍ റിജില്‍ ഒളിവിലാണെന്നാണ് അന്വേഷണം നടത്തുന്നവര്‍ പറയുന്നത്.

ബാങ്കിലുള്ള ചിലര്‍ തന്റെ പാസ് വേഡും വിരലടയാളവും ദുരുപയോഗം ചെയ്‌തെന്നും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ബലിയാടാക്കിയെന്നുമായിരുന്നു മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ റിജിലിന്റെ വാദം. റിജിലിന് പുറമേ മറ്റാര്‍ക്കെങ്കിലും തട്ടിപ്പില്‍ പങ്കുണ്ടോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ആരെയെങ്കിലും സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അറസ്റ്റ് വൈകിക്കുന്നതെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നുമുണ്ട്.

Content Highlights: kozhikode pnb bank fraud case former manager anticipatory bail plea rejects by court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented