പുറക്കാട്ടിരിയിൽ എത്തിയ ഐ.ജി. രാഹുൽ ആർ. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ദൃക്സാക്ഷിയിൽനിന്ന് തെളിവെടുക്കുന്നു(ഇടത്ത്) ദീപക്(വലത്ത്)
മേപ്പയ്യൂര്‍: എരിഞ്ഞടങ്ങിയത് തന്റെ പൊന്നുമകനല്ല എന്ന് സംസ്കാരച്ചടങ്ങുകള്‍ കഴിഞ്ഞ് 22 നാളുകള്‍ക്കുശേഷം തിരിച്ചറിഞ്ഞതിന്റെ നടുക്കം മാറിയപ്പോള്‍ മേപ്പയ്യൂര്‍ കൂനം വെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ശ്രീലതയില്‍ പ്രതീക്ഷകള്‍ നിറയുന്നുണ്ട്. മകന് ദീപക് (36) അമ്മേയെന്ന് വിളിച്ച് പടികയറി വരുമെന്ന പ്രതീക്ഷ...
ജൂണ്‍ ഏഴിനാണ് ദീപക് വിസയുടെ ആവശ്യത്തിനെന്നു പറഞ്ഞ് എറണാകുളത്തേക്ക് പോയത്. അന്ന് രാത്രി ദീപക് അമ്മയെ വിളിച്ചിരുന്നു. എന്നാല്‍, പിന്നീട് വിളികള്‍ ഉണ്ടായില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മകന് തിരിച്ചെത്താത്തതിനാല്‍ അമ്മ ശ്രീലത ജൂണ്‍ 19-ന് മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്കി. നേരത്തെ ഒന്നിലധികം തവണ ഇങ്ങനെ പോയതിനാല്‍ പരാതി നല്കാന് കുറച്ചുവൈകിയിരുന്നു.
ജൂലായ് 17-ന് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞിട്ടുണ്ടെന്ന് കോസ്റ്റല്‍ പോലീസാണ് ദീപക്കിന്റെ ബന്ധുക്കളെ വിളിച്ചറിയിച്ചത്. ബന്ധുക്കളവിടെയെത്തി ദീപക്കിന്റെ രൂപസാദൃശ്യമുള്ള മൃതദേഹം തിരിച്ചറിയുകയായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് മൃതദേഹം ഏറ്റുവാങ്ങിയതെന്നും താന്‍ പോയിരുന്നില്ലെന്നും ശ്രീലത പറഞ്ഞു. അഴുകിയ നിലയിലായിരുന്നു മൃതദേഹം. തങ്ങള്‍ കാണുമ്പോള്‍ ദീപക്കിന്റെ മുഖം തിരിച്ചറിയാനാവാത്തവിധത്തിലായിരുന്നെന്ന് അന്ന് മൃതദേഹം ഏറ്റുവാങ്ങിയ സുഹൃത്ത് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പിറ്റേദിവസം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് ജൂലായ് 22-ന് മേപ്പയ്യൂര്‍ പോലീസിന്റെ സഹായത്തോടെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍വെച്ച് അമ്മ ശ്രീലതയും സഹോദരി ദിവ്യയും ഡി.എന്‍.എ. ടെസ്റ്റ് നടത്തി. കഴിഞ്ഞ ദിവസമാണ് പോലീസ് ഔദ്യോഗികമായി അമ്മയുടെയും സഹോദരിയുടെയും ഡി.എന്‍.എ.യ്ക്ക് മൃതദേഹത്തില്‍നിന്ന് ലഭിച്ച സാംപിളുമായി സാമ്യമില്ലെന്നും അത് ദീപക്കിന്റെ മൃതദേഹമല്ലെന്നും അറിയിച്ചത്. ഇതോടെ, ദീപക്കിന്റെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം വീണ്ടും പോലീസിനെ സമീപിച്ചിട്ടുണ്ട്. ആറുവര്‍ഷത്തോളം അബുദാബിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കിയ ദീപക് ഒന്നരവര്‍ഷംമുമ്പാണ് നാട്ടിലെത്തിയത്. പിന്നീട് മേപ്പയൂര്‍ ടൗണില്‍ കുറച്ചുകാലം ഒരു വസ്ത്രസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. ദീപക്കിന്റെ തിരോധാനത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.എം. മേപ്പയ്യൂര്സൗത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. എന്‍.എം. ദാമോദരന്‍, കെ. രാജീവന്, എ.സി. അനൂപ് എന്നിവര്‍ സംസാരിച്ചു.
ദീപക്കിന്റെ തിരോധാനം: അന്വേഷിക്കാന്‍ പ്രത്യേകസംഘം
പേരാമ്പ്ര: ദീപക്കിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ചു. നാദാപുരം കണ്ട്രോള് റൂം ഡിവൈ.എസ്.പി. അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘത്തില്‍ മേപ്പയ്യൂര്‍ സി.ഐ. കെ. ഉണ്ണികൃഷ്ണന്, എസ്.ഐ. സുരേഷ്, കൂരാച്ചുണ്ട് സി.ഐ. സുനില്‍കുമാര്‍ തുടങ്ങിയവരുണ്ട്.
ഇര്‍ഷാദിന്റെ മരണം: ഡി.ഐ.ജി.യും സംഘവും പുറക്കാട്ടിരിയില്‍ തെളിവെടുത്തു
എലത്തൂര്‍: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സൂപ്പിക്കടയിലെ കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദിന്റെ മൃതദേഹമാണ് പുറക്കാട്ടിരി പുഴവഴി തിക്കോടി കോടിക്കല്കടപ്പുറത്ത് എത്തിയതെന്ന് തെളിഞ്ഞതോടെ ഡി.ഐ.ജി. രാഹുല്‍ ആര്. നായരുടെയും വടകര റൂറല്‍ എസ്.പി. കറുപ്പുസ്വാമിയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്തെത്തി തെളിവെടുത്തു.
ജൂലായ് 15-ന് വൈകുന്നേരം യുവാവ് പുഴയില്‍ മുങ്ങിപ്പോവുന്നതുകണ്ട തൊഴിലാളികളില്‍നിന്നാണ് ഉന്നതപോലീസ് സംഘം മൊഴിയെടുത്തത്. പഴയ പാലത്തിനടുത്തുകൂടെ നീന്തിപ്പോവുകയായിരുന്ന യുവാവിനെ ബൈപ്പാസിലെ പുതിയപാലത്തിന് സമീപംവരെ കണ്ടെന്നതരത്തിലുള്ള മൊഴിയാണ് ദൃക്സാക്ഷികള്‍ നല്‍കിയത്. ഇര്‍ഷാദിനെ മര്‍ദിച്ചവശനാക്കി പുഴയില്‍ തള്ളിയതാവാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. കൊലപാതമാണെന്ന നിഗമനത്തിലാണ് പോലീസുള്ളത്.
സംഭവദിവസം കാറിലെത്തിയ അഞ്ചംഗസംഘത്തിലെ രണ്ട് യുവാക്കള്‍ കാര്‍ നിര്‍ത്തിയ ശേഷം പുറക്കാട്ടിരി പഴയ പാലത്തിന് താഴെ എത്തിയിരുന്നതായും ദൃക്സാക്ഷികള്‍ മൊഴിനല്‍കിയിട്ടുണ്ട്. ഒരാള്‍ പുഴയിലേക്ക് വീണതോടെ ഒപ്പമുണ്ടായിരുന്ന ആള് മറ്റുള്ളവരോടൊപ്പം കാറില്‍ രക്ഷപ്പെട്ടെന്നും തൊഴിലാളികള്‍ മൊഴി നല്കി.
മേയ് 13-ന് ദുബായില്‍നിന്ന് നാട്ടിലെത്തിയ ഇര്‍ഷാദ് 23-ന് വീട്ടില്‍നിന്ന് ജോലിക്കെന്നും പറഞ്ഞ് വയനാട്ടിലേക്ക് പോയതിനുശേഷം തിരിച്ചുവന്നിരുന്നില്ല. മകനെ തട്ടിക്കൊണ്ടുപോയതായി കുടുംബത്തിന് സന്ദേശം ലഭിച്ചതോടെയാണ് സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന്റെ പങ്ക് വ്യക്തമായത്. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ആദ്യം പിടിയിലായ കണ്ണൂര്‍ പിണറായി മര്‍ഹബ വീട്ടില്‍ മര്‍സീദി(32)ല്‍നിന്ന് ലഭിച്ച നിര്‍ണായ വിവരത്തെത്തുടര്‍ന്നാണ് കേസ് വഴിത്തിരിവിലായത്. ഇയാളുള്‍പ്പെടെ മൂന്ന് പേര് ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
തെളിവെടുപ്പ് സംഘത്തിനൊപ്പം എ.എസ്.പി. വിഷ്ണുപ്രദീപും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..