അതിജീവിത
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ ജീവനക്കാരെ ജോലിയില്‍ തിരിച്ചെടുത്ത നടപടി റദ്ദാക്കി മെഡിക്കല്‍ കോളേജ് ഉത്തരവിറക്കി. ഡി.എം.ഒ യുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.
പീഡനത്തിനിരായ യുവതിയെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമിച്ചുവെന്ന കേസിലായിരുന്നു ജീവനക്കാരെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍, ആശുപത്രിയില്‍ ജീവനക്കാരുടെ കുറവാണെന്ന കാരണംപറഞ്ഞ് കഴിഞ്ഞയാഴ്ച ജോലിയില്‍ തിരിച്ചെടുക്കുകയും ചെയ്തു. ഇത് വിവാദമായതോടെയാണ് ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചത്. ജീവനക്കാരെ തിരിച്ചെടുത്തത് ആരോഗ്യവകുപ്പ് അറിയാതെയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് പറഞ്ഞിരുന്നു.
തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി കൊടുക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ജോലിക്ക് തിരിച്ചെടുത്ത തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്ന് ഡി.എം.ഒ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടത്.
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ വടകര മയ്യന്നൂര്‍ സ്വദേശിയായ ശശീന്ദ്രനാണ് ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 18-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ശശീന്ദ്രനെ അറസ്റ്റുചെയ്‌തെങ്കിലും ഇയാള്‍ക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഞ്ച് വനിതാ അറ്റന്‍ര്‍മാര്‍ അതിജീവിതയെ സമീപിച്ചത്. എന്നാല്‍, യുവതി നല്‍കിയ പരാതിയില്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെയുളള ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് കാണിച്ചാണ് കഴിഞ്ഞദിവസം മെഡി.കോളേജ് പ്രിന്‍സിപ്പള്‍ അഞ്ചുപേരെയും സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചത്.
പരാതി നല്‍കിയാല്‍ പോര, നീതിക്കായി പുറകെ പോകണം- അതിജീവിത
പീഡനത്തിനിരയായവര്‍ക്ക് നീതി ലഭിക്കാന്‍ പരാതി കൊടുത്താല്‍ മാത്രം പോരെന്നും അതിന് പുറകെ തന്നെ പോകണമെന്നും ഐ.സി.യുവില്‍ പീഡനത്തിനിരയായ അതീജീവിത മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു. ജീവനക്കാരെ തിരിച്ചെടുത്ത സംഭവത്തെ കുറിച്ച് പ്രിന്‍സിപ്പൽക്ക് പരാതി നല്‍കാന്‍ മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് തീരുമാനം റദ്ദാക്കിയ കാര്യം അറിയിച്ചത്. ഇതില്‍ സന്തോഷമുണ്ട്. നീതിക്കായി ഏതറ്റംവരെയും പോകും. ഞാന്‍ കേസ് വിട്ടുകളയുമെന്നാണ് അധികൃതര്‍ കരുതിയത്. എന്നാല്‍, അതിന് തയ്യാറല്ലെന്നും നീതിക്കായി പോരാടുമെന്നും അവര്‍ പറഞ്ഞു. തനിക്കുമാത്രം നീതിലഭിച്ചില്ലെന്നും പീഡനത്തിന് കൂട്ടുനിന്നവര്‍ക്ക് സാധാരണ ജീവിതം തിരിച്ചുകിട്ടിയെന്നും അതീജിവിത നേരത്തെ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞിരുന്നു.
Content Highlights: Kozhikode medical college molestation case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..