DYFI-ക്കാര്‍ സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച സംഭവം; മര്‍ദനമേറ്റിട്ടും മെഡിക്കല്‍ രേഖയില്‍ നെഞ്ചുവേദന


രണ്ടുപേര്‍ ചേര്‍ന്ന് രവീന്ദ്രപണിക്കരെ മര്‍ദിക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്

ആക്രമണത്തിന്റെ സിസിടിവി ദൃശ്യം

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ സുരക്ഷാജീവനക്കാരെ ഡി.വൈ.എഫ്.ഐ. നേതാക്കള്‍ മര്‍ദിച്ച കേസ് ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ആശുപത്രിയധികൃതര്‍ ഗുരുതരവീഴ്ച വരുത്തി.

അടികൊണ്ട് അത്യാഹിതവിഭാഗത്തില്‍ ചികിത്സതേടിയ സുരക്ഷാജീവനക്കാരന്‍ രവീന്ദ്ര പണിക്കരുടെ മെഡിക്കല്‍രേഖയില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് പ്രവേശിപ്പിച്ചു എന്നാണ് രേഖപ്പെടുത്തിയത്.

രണ്ടുപേര്‍ ചേര്‍ന്ന് രവീന്ദ്രപണിക്കരെ മര്‍ദിക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. സാധാരണ ആളുകള്‍ മര്‍ദനമേറ്റുവന്നാല്‍ ആ രീതിയില്‍ത്തന്നെയാണ് രേഖപ്പെടുത്തുക. മാത്രമല്ല, അത്യാഹിതവിഭാഗത്തിന്റെ അടുത്തുതന്നെയുള്ള കവാടത്തിനുമുന്നില്‍വെച്ച് മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് അടിയേറ്റത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്.

എന്നിട്ടും എന്തുകൊണ്ട് അക്കാര്യം രേഖപ്പെടുത്തിയില്ല എന്നതാണ് സംശയമുണ്ടാക്കുന്നത്. പ്രതിഭാഗത്തിന് സഹായകമാണ് ഈ നീക്കം. ആശുപത്രിരേഖയ്ക്ക് കോടതിനടപടികളില്‍ വളരെ പ്രാധാന്യമുണ്ട്.

ഒ.പി. ചീട്ടില്‍ നെഞ്ചുവേദനയെന്ന് രേഖപ്പെടുത്തിയത് പിന്നീട് രോഗി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തിരുത്തിയില്ല. ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് 12 ദിവസത്തിനുശേഷം അസ്ഥിരോഗവിഭാഗത്തില്‍ ചികിത്സ തേടിയപ്പോഴാണ് മര്‍ദനമേറ്റ കാര്യം മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.

അതേസമയം, മര്‍ദനമേറ്റ മറ്റുരണ്ട് സുരക്ഷാജീവനക്കാരുടേത് കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് ഈ കേസില്‍ വേണ്ടത്ര സഹകരണം കിട്ടുന്നില്ലെന്ന് പോലീസിനും പരാതിയുണ്ട്.

നട്ടെല്ലില്‍ ഡിസ്‌കിന് ശസ്ത്രക്രിയ കഴിഞ്ഞയാളാണ് മര്‍ദനമേറ്റ മറ്റൊരു സുരക്ഷാജീവനക്കാരനായ പുന്നശ്ശേരി സ്വദേശി കട്ടയാട്ട് ദിനേശന്‍. ആറുപേര്‍ചേര്‍ന്നാണ് അദ്ദേഹത്തെ നിലത്തിട്ട് ചവിട്ടിയത്. രോഗിയായിട്ടും, ക്രൂരമായി മര്‍ദനമേറ്റ ദിനേശനെ സംഭവം നടന്ന ദിവസംതന്നെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. താന്‍ ആവശ്യപ്പെട്ടപ്രകാരമല്ല ഡിസ്ചാര്‍ജെന്ന് ദിനേശന്‍ പറയുന്നു. പിന്നീട് ഒരു സ്വകാര്യ ആശുപത്രിയില്‍ ദിനേശന്‍ ചികിത്സതേടി.

മര്‍ദനമേറ്റെന്ന് പറഞ്ഞിരുന്നു(രവീന്ദ്ര പണിക്കര്‍ മര്‍ദനമേറ്റ സുരക്ഷാജീവനക്കാരന്‍)

ഒ.പി. ടിക്കറ്റെടുക്കുമ്പോള്‍ മര്‍ദനമേറ്റതാണെന്ന് കൃത്യമായി പറഞ്ഞിരുന്നു. അപ്പോള്‍ എന്താണ് അസ്വസ്ഥതയെന്ന് ചോദിച്ചു. നെഞ്ചിലും പുറത്തും വേദനയുണ്ടെന്ന് മറുപടിനല്‍കി. അതോടെ നെഞ്ചുവേദന എന്നുമാത്രം രേഖപ്പെടുത്തി. തിരുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അയച്ചുകഴിഞ്ഞു ഇനിപറ്റില്ലെന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് കുറച്ചുദിവസം കഴിഞ്ഞശേഷം ഓര്‍ത്തോ വിഭാഗത്തില്‍ കാണിച്ചപ്പോള്‍ അടിയേറ്റകാര്യം രേഖപ്പെടുത്തുകയും ചെയ്തു.

ഹാര്‍ഡ് ഡിസ്‌കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങളുടെ രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍ ഒടുവില്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

അക്രമം നടന്ന ഓഗസ്റ്റ് 31-ന് രാവിലെ എട്ടരയ്ക്കും പത്തരയ്ക്കും ഇടയിലുള്ള ദൃശ്യങ്ങള്‍ ലഭിക്കാന്‍ ഹാര്‍ഡ് ഡിസ്‌ക് കൈമാറണമെന്ന് പോലീസ് ആശുപത്രി സൂപ്രണ്ടിന് രണ്ടുതവണ കത്ത് നല്‍കിയിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഹാര്‍ഡ് ഡിസ്‌കുകള്‍ നല്‍കിയില്ലെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി പിടിച്ചെടുക്കുമെന്ന് നോട്ടീസ് നല്‍കിയ ശേഷമാണ് ആശുപത്രി അധികൃതര്‍ അവ കൈമാറിയത്.

മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നിലാലാണ് സൈബര്‍സെല്‍ വിദഗ്ധരുടെ സഹായത്തോടെ ബുധനാഴ്ച ഹാര്‍ഡ് ഡിസ്‌കുകള്‍ ശേഖരിച്ചത്. ഹാര്‍ഡ് ഡിസ്‌ക് എടുത്താല്‍ പുതിയ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യപ്പെടാതെ വരുമെന്നും സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നുമാണ് കൈമാറാത്തതിന് കാരണമായി ആശുപത്രി സൂപ്രണ്ട് രേഖാമൂലം നല്‍കിയ മറുപടി.

കേസന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ ദൃശ്യങ്ങള്‍ പോലീസ് തെളിവ് നിയമപ്രകാരംതന്നെ മഹസര്‍ തയാറാക്കി കോപ്പിചെയ്ത് എടുത്തിരുന്നു. പക്ഷേ, ദൃശ്യങ്ങള്‍ക്ക് ആധികാരികത ലഭിക്കണമെങ്കില്‍ ഹാര്‍ഡ് ഡിസ്‌കുതന്നെ വേണം. 14 ദിവസം കഴിഞ്ഞാല്‍ ദൃശ്യങ്ങള്‍ മാഞ്ഞുപോവുമെന്നും ആശുപത്രി അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഫൊറന്‍സിക് ലാബില്‍നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയും. ഹാര്‍ഡ് ഡിസ്‌ക് കോടതിയില്‍ ഹാജരാക്കിയശേഷം ഫൊറന്‍സിക് പരിശോധനയ്ക്കായി അയക്കും മാഞ്ഞുപോയവ സൈബര്‍ സെല്ലിനും വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് പോലീസ് പറഞ്ഞു.

പെട്ടെന്ന് ആവശ്യപ്പെട്ടാല്‍ പിന്നീടുള്ള ദൃശ്യങ്ങള്‍ രേഖപ്പെടുത്താനാവാതെ വരും. പെട്ടെന്ന് കൊടുക്കുന്നതിലുള്ള പ്രയാസമാണ് അറിയിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ശ്രീജയന്‍ പറഞ്ഞു. സൂപ്രണ്ടിന് നല്‍കിയ കത്തില്‍ 16 പേര്‍ അക്രമിച്ചു എന്നു പറയുന്നുണ്ട്. കേസെടുത്തത് ഏഴുപേര്‍ക്കെതിരെയാണ്. എന്നാല്‍ ആദ്യത്തെ റിപ്പോര്‍ട്ടുവെച്ചാണ് 16 പേര്‍ എന്ന് പറഞ്ഞതെന്നും സി.സി.ടി.വി. ദൃശ്യങ്ങളില്‍ ഏഴുപേര്‍ മാത്രമേയുള്ളുവെന്നും പോലീസ് പറഞ്ഞു.

22 ദിവസം പിന്നിട്ടിട്ടും സൂപ്രണ്ടിന്റെ മൊഴിയെടുക്കാനായില്ല
അക്രമം നടന്നിട്ട് 22 ദിവസം കഴിഞ്ഞെങ്കിലും ആശുപത്രിമേധാവി എന്നനിലയില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. പോലീസുകാര്‍ മൂന്നുതവണ പോയിട്ടും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് പോലീസ് പറയുന്നത്. കേസ് ദുര്‍ബലപ്പെടുത്താന്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് പോലീസിനുമേല്‍ ശക്തമായ സമ്മര്‍ദമുണ്ട്.

Content Highlights: kozhikode medical college issue; dyfi activists beaten security officers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented