മെഡി. കോളേജിലെ മര്‍ദനം: DYFI പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ക്ക് നേതാക്കളുടെ അകമ്പടി


മെഡിക്കൽ കോളേജിലെ സുരക്ഷാജീവനക്കാരെ ആക്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയിൽവിട്ട പ്രതികൾ ഡി.വൈ.എഫ്.ഐ. നേതാക്കൾക്കൊപ്പം പോലിസ് വാഹനത്തിൽ കയറാനായി കോടതിയിൽനിന്ന് പുറത്തേക്കുവരുന്നു(ഇടത്ത്) പ്രതികളെ കാണാൻ സച്ചിൻദേവ് എം.എൽ.എ. കോടതിയിൽ എത്തിയപ്പോൾ(വലത്ത്)

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ സുരക്ഷാജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാനകമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ള അഞ്ചുപേരെ കോടതി രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു. ചെരുപ്പിട്ടാണ് ഒരു സുരക്ഷാജീവനക്കാരനെ ചവിട്ടിയതെന്നും അതു കണ്ടെടുക്കേണ്ടതുണ്ടെന്നുമാണ് പ്രോസിക്യുഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം കെ. അരുണ്‍, മെഡിക്കല്‍ കോളേജ് മേഖലാ സെക്രട്ടറി എം.കെ. അശ്വിന്‍, പ്രസിഡന്റ് പി.കെ.എം. മുഹമ്മദ് ഷബീര്‍, സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം കെ. രാജേഷ്, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ എം. സജിന്‍ എന്നിവരെയാണ് കോഴിക്കോട് ഏഴാം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഞായറാഴ്ച വൈകീട്ട് അഞ്ചുമണിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മൂന്നുദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി രണ്ടുദിവസമാണ് അനുവദിച്ചത്. അതേസമയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അഡ്വ. എം.കെ. ദിനേശന്‍ വഴി പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും. കഴിഞ്ഞ ദിവസം പ്രതികള്‍ക്കെതിരേ പൊതുസേവകനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച വകുപ്പുകൂടെ പോലീസ് ചേര്‍ത്തിരുന്നു.

കമ്മിഷണര്‍ നിരപരാധികളെ വേട്ടയാടുന്നു -ഡി.വൈ.എഫ്.ഐ.

പ്രതികളെ പോലീസ് കസ്റ്റഡിയില്‍വാങ്ങിയതിനു പിന്നാലെ സിറ്റി പോലീസ് കമ്മിഷണര്‍ എ. അക്ബറിനെതിരേ രൂക്ഷവിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ. രംഗത്തെത്തി. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന സര്‍ക്കാരാണെങ്കിലും നീതി നിഷേധിക്കുന്ന സമീപനമാണ് കമ്മിഷണറുടേതെന്ന് ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി. ഷൈജു മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയാണെന്ന് പറയുന്നവരില്‍ ഒരാളുടെ ഭാര്യയെപ്പോലും പോലീസ് അപമാനിക്കുകയാണ്.

മറ്റ് പല നിരപരാധികളുടെ വീട്ടിലും പോലീസ് കയറി. ഇത്തരത്തില്‍ നിരപരാധികളെ വേട്ടയാടുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്.

ഡി.വൈ.എഫ്.ഐ. നേതാക്കളുടെ ഭാര്യമാരും കുടുംബാംഗങ്ങളും തെരുവില്‍ വേട്ടയാടപ്പെടേണ്ടവരാണെന്ന നയമാണ് കമ്മിഷണറുടേത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ താത്പര്യമാണ് അദ്ദേഹം കാണിക്കുന്നത്. ഇതിനെതിരേ യുവാക്കളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കും. മുഖ്യമന്ത്രിക്ക് പരാതിനല്‍കുമെന്നും ഷൈജു പറഞ്ഞു.

'സി.പി.എമ്മിനെ കരിതേച്ചുകാണിക്കാനുള്ള ശ്രമത്തെ ചെറുക്കും'

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കുമുമ്പ് സെക്യൂരിറ്റിജീവനക്കാരെ മര്‍ദിച്ച നിര്‍ഭാഗ്യകരമായ സംഭവത്തെത്തുടര്‍ന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊതുപ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും പോലീസ് വേട്ടയാടുന്നത് തുടരുകയാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റ് ആരോപിച്ചു.

നഗരത്തിലെ ചില പോലീസ്ഉദ്യോഗസ്ഥന്മാരാണ് ഇതിന് നേതൃത്വംനല്‍കുന്നത്. പോലീസന്വേഷണത്തിലും നടപടിക്രമങ്ങളിലും സി.പി.എം. ഒരുനിലയിലും ഇടപെട്ടിട്ടില്ല. സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്നവര്‍ക്കെതിരേ മാരകമായ വകുപ്പുകള്‍കൂട്ടിച്ചേര്‍ക്കുകയാണ്. തീവ്രവാദക്കേസുകളിലെ പ്രതികളോടുപോലും സ്വീകരിക്കാത്തനിലയിലുള്ള സമീപനമാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത് .

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിതമായ പോലീസ്നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് കോഴിക്കോട് നഗരത്തിലെ ചില പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍. ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു.

പ്രതികള്‍ക്ക് നേതാക്കളുടെ അകമ്പടി; കോടതിയിലെത്തി സച്ചിന്‍ദേവും

കോഴിക്കോട്: കീഴടങ്ങാനെത്തിയതുപോലെ പോലീസ് കസ്റ്റഡിയില്‍വിട്ടപ്പോഴും സുരക്ഷാജീവനക്കാരനെ മര്‍ദിച്ച പ്രതികള്‍ക്ക് ഡി.വൈ.എഫ്.ഐ. നേതാക്കളുടെ അകമ്പടി. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി പി.സി. ഷൈജു, ട്രഷറര്‍ ഉമേഷ് മൂലാട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പോലീസ്വാഹനംവരെ പ്രതികള്‍ക്ക് ഒപ്പമുണ്ടായിരുന്നു. പ്രതികളെ ഹാജരാക്കുന്നതറിഞ്ഞ് സച്ചിന്‍ദേവ് എം.എല്‍.എ.യുമെത്തി. ഏഴാം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ മുറിക്കുപുറത്ത് കാത്തുനിന്ന എം.എല്‍.എ. പോലീസ് കസ്റ്റഡിയില്‍വിട്ടുള്ള ഉത്തരവിറങ്ങിയശേഷമാണ് മടങ്ങിയത്. കേസിനെക്കുറിച്ച് അദ്ദേഹം മാധ്യമങ്ങളോടൊന്നും പ്രതികരിച്ചില്ല.

തുടക്കത്തിലെ പ്രതികള്‍ക്ക് ഡി.വൈ.എഫ്.ഐ.യുടെ പിന്തുണയുണ്ടെന്ന് ആക്ഷേപമുണ്ട്. പാര്‍ട്ടിസംരക്ഷണത്തിലാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് പോലീസിനും ലഭിച്ച വിവരം. ഒളിവിലുള്ള രണ്ടുപ്രതികള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. തത്കാലം പോലീസ് നടപടിയെ പ്രതിരോധിക്കാനാണ് ഡി.വൈ.എഫ്.ഐ.യുടെ തീരുമാനമെന്നാണ് സൂചന.

Content Highlights: kozhikode medical college attack case dyfi workers remanded in police custody


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented