
ജംഷിദ്
കോഴിക്കോട്: കൂരാച്ചുണ്ട് സ്വദേശി ജംഷിദ് കര്‍ണാടകയിലെ മാണ്ഡ്യയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ജംഷിദിന്റെ മരണത്തില്‍ ലഹരിമാഫിയക്ക് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ സംശയം. കഴിഞ്ഞ ബുധനാഴ്ചയാണ് കൂരാച്ചുണ്ട് വട്ടച്ചിറ ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റെ മകന് ജംഷിദിന്റെ മൃതദേഹം മാണ്ഡ്യയിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.
ഒമാനില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ ജംഷിദ് ശനിയാഴ്ചയാണ് സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എന്ന് പറഞ്ഞ് കര്‍ണാടകയിലേക്ക് പോയത്. സുഹൃത്ത് അഫ്സലും അവന്റെ സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും വീട്ടില്‍ അറിയിച്ചിരുന്നു. പിന്നീട് യാത്രയ്ക്കിടെ ഫോണ്‍ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് ഞായറാഴ്ച രാവിലെ വീട്ടിലേക്ക് വിളിച്ചു. ഒരു കടയില്‍ നിന്നാണ് വിളിക്കുന്നത് എന്നും അങ്ങോട്ട് വിളിച്ചാല്‍ കിട്ടില്ലെന്നും വീട്ടില്‍ അറിയിച്ചിരുന്നു. അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് വിളിച്ചപ്പോള്‍ കൂട്ടുകാരെ കാണാനില്ലെന്നും കയ്യില്‍ പൈസയില്ലെന്നും പറഞ്ഞ് ജംഷിദ് വീണ്ടും വീട്ടിലേക്ക് വിളിച്ചെന്നും കുടുബം പറയുന്നു.
അന്ന് അഫ്സല് കൂടെയില്ലേ, അവന്റെ നമ്പര്‍ തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അഫ്സലും ഒപ്പമില്ലെന്ന് പറഞ്ഞെന്നും 1000 രൂപ അക്കൗണ്ടില്‍ ഇട്ടുനല്‍കിയ ശേഷം ജംഷിദിനോട് തിരിച്ച് ട്രെയിന്‍ കയറാന്‍ പറഞ്ഞിരുന്നെന്നും ജംഷിദിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. ഇതിനുശേഷം അന്വേഷിച്ചപ്പോഴാണ് ജംഷിദ് പോയത് അഫ്സലിനൊപ്പം അല്ലെന്നും ഫെബിന്‍ഷാ, റിയാസ് എന്നിവര്‍ക്കൊപ്പമാണെന്നും മനസ്സിലാക്കിയത്. ഫെബിന് ഷായുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ കുഴപ്പമൊന്നും ഇല്ലെന്നും ബുധനാഴ്ച നാട്ടിലെത്തുമെന്ന് ഫെബിന്‍ഷാ പറഞ്ഞെന്നും ജംഷിദിന്റെ പിതാവ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഫെബിന് ഷാ നാട്ടിലുള്ള ഒരു പൊതുപ്രവര്‍ത്തകന്റെ ഫോണിലേക്ക് വിളിച്ച് അപകടം പറ്റിയെന്നും ജംഷിദിന്റെ ബന്ധുക്കളേയും കൂട്ടി മാണ്ഡ്യയിലെത്താനും ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോഴാണ് ജംഷിദ് മരിച്ചതായി അറിയുന്നത്. ചോദിച്ചപ്പോള്‍ യാത്രയ്ക്കിടെ മദ്ദൂര്‍ എന്ന സ്ഥലത്ത് കാര്‍ നിര്‍ത്തി ഉറങ്ങിയെന്നും ഉണര്‍ന്നപ്പോള്‍ ജംഷിദിനെ കണ്ടില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ജംഷിദിനെ ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ ഇത് കള്ളമണെന്നാണ് ജംഷിദിന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ പോലീസിന്റെ നടപടികളിലും കുടുംബത്തിന് സംശയമുണ്ട്.
ജംഷിദ് ട്രെയിനിനു മുന്നിലേക്കു ചാടിയെന്നാണ് പോലീസുകാര്‍ പറഞ്ഞത്. കേസില്‍ എഫ്.ഐ.ആര് ഇടാന്‍പോലും പോലീസിന് 10,000 രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നെന്നും ജംഷിദിന്റെ പിതാവ് പറയുന്നു.
മൃതദേഹം തിരക്കിട്ട് പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ ദുരൂഹതയുണ്ട്. ജംഷിദിന്റെ കൂടെയുണ്ടായിരുന്ന റിയാസിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നും റിയാസിനെ അടുത്തിടെ ലഹരിവസ്തുക്കളുമായി പോലീസ് പിടികൂടിയിരുന്നുവെന്നും മുഹമ്മദ് പിതാവ് ആരോപിച്ചു.
ലഹരിക്കടത്തിന് വേണ്ടി ഇവര്‍ ജംഷിദിനെ ചതിക്കുകയായിരുന്നുവെന്നും കാര്‍ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കില്‍ ഇട്ടതാകാമെന്നുമാണ് കുടുംബത്തിന്റെ സംശയം. ജംഷിദിന്റെ ശരീരത്തിലുള്ള മുറിവുകള്‍ ട്രെയിന്‍ തട്ടിയുണ്ടായ രീതിയിലുള്ളതല്ലെന്നും പിതാവ് പറയുന്നു. മകന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം കൂരാച്ചുണ്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ജംഷിദിന്റേത് ആത്മഹത്യയാണെന്നും എന്ജിന് ഡ്രൈവര്‍ ഇത് കണ്ടെന്നുമാണ് മാണ്ഡ്യ പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മാണ്ഡ്യ പോലീസ് അറിയിച്ചു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..