ഷിബിലി, ഫർഹാന, ആഷിഖ് | Photo: Mathrubhumi
മലപ്പുറം: തിരൂര്‍ മേച്ചേരിവീട്ടില്‍ സിദ്ദിഖ് കൊലപാതക കേസില്‍ മൂന്ന് പ്രതികളേയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാന്‍ പോലീസ്. കഴിഞ്ഞദിവസം തിരൂര്‍ കോടതി മൂന്ന് ദിവസത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍വിട്ട മുഹമ്മദ് ആഷിഖിനേയും നേരത്തേ കസ്റ്റഡിയില്‍ ലഭിച്ച ഷിബിലി, ഫര്‍ഹാന എന്നിവരേയും വെള്ളിയാഴ്ച ഒപ്പമിരുത്തി ചോദ്യംചെയ്യും. ഷിബിലിയുടേയും ഫര്‍ഹാനയുടേയും കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത്.
താന്‍ ആരേയും കൊന്നിട്ടില്ലെന്നും കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പാണെന്നത് പച്ചക്കള്ളമാണെന്നും എല്ലാം ഷിബിലിയാണ് ചെയ്തതെന്നും ഫര്‍ഹാന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ലിത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകസമയത്ത് ഫര്‍ഹാന ഉണ്ടായിരുന്നതും മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുമ്പോള്‍ കാറില്‍ എടുത്തുവെക്കാന്‍ സഹായിച്ചതും തെളിവ് നശിപ്പിക്കാൻ ഫര്‍ഹാന കൂട്ടുനിന്നതും ചൂണ്ടിക്കാട്ടിയാണ് പോലീസ് ഈ വാദം വിശ്വസിക്കാന്‍ തയ്യാറാകാത്തത്.
കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതടക്കം പരിശോധിക്കാനാണ് മൂന്നുപേരേയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത്. കസ്റ്റഡിയിലുള്ള രണ്ടുപേരേയും വെവ്വേറ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യംചെയ്തിരുന്നു. ഇവരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടോയെന്നും പോലീസ് അന്വേഷിക്കും.
ആഷിഖ് കാണിച്ചുകൊടുത്തത് അനുസരിച്ചാണ് അട്ടപ്പാടി ചുരത്തിലെ കൊക്കയില്‍നിന്ന് സിദ്ദിഖിന്റെ മൃതദേഹം കണ്ടെടുത്തത്. തനിക്ക് പരിചയമുള്ള ഈ സ്ഥലത്ത് മൃതദേഹം തള്ളാമെന്നു നിര്‍ദേശിച്ചത് ആഷിഖായിരുന്നു. മൃതദേഹം കൊണ്ടുപോയി ഉപേക്ഷിക്കുന്നതില്‍ മാത്രമായിരുന്നു ആഷിഖിന് പങ്കുണ്ടായിരുന്നത്. അതിനാല്‍ ഇനി ആഷിഖിനെ വീണ്ടും തെളിവെടുപ്പിന് കൊണ്ടുപോകില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.
Content Highlights: kozhikode hotel owner tirur siddique murder farhana shibili ashiq joint interrogation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..