പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ അട്ടപ്പാടി ചുരത്തിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ | Screengrab: Mathrubhumi News
പാലക്കാട്: കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ മൊബൈല്‍ഫോണ്‍ അട്ടപ്പാടി ചുരത്തില്‍നിന്ന് കണ്ടെടുത്തു. കേസിലെ പ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവരുമായി ചൊവ്വാഴ്ച നടത്തിയ തെളിവെടുപ്പിനിടെയാണ് ചുരത്തിലെ ഒന്‍പതാംവളവിന് താഴെനിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. സിദ്ദിഖിന്റെ മൊബൈല്‍ഫോണും ആധാര്‍ കാര്‍ഡും ഇവിടെ ഉപേക്ഷിച്ചെന്നായിരുന്നു പ്രതികളുടെ മൊഴി. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ഫോണ്‍ കണ്ടെടുത്തത്. അതേസമയം, സിദ്ദിഖിന്റെ ആധാര്‍ കാര്‍ഡ് കണ്ടെത്താനായിട്ടില്ല.
ചൊവ്വാഴ്ച രാവിലെയാണ് ഷിബിലിയും ഫര്‍ഹാനയുമായി തിരൂര്‍ പോലീസ് അട്ടപ്പാടി ചുരത്തില്‍ തെളിവെടുപ്പിനെത്തിയത്. പോലീസ് വാഹനത്തില്‍നിന്ന് ഇരുവരെയും പുറത്തിറക്കിയശേഷം അന്വേഷണസംഘം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. രണ്ട് ട്രോളി ബാഗുകളിലാക്കിയ മൃതദേഹം എങ്ങനെയാണ് കാറില്‍നിന്ന് ഇറക്കിയതെന്നും എങ്ങനെ കൊക്കയില്‍ തള്ളിയെന്നും പ്രതികള്‍ പോലീസിനോട് വിശദീകരിച്ചു. ആദ്യം ചുരത്തിലെ പത്താംവളവില്‍ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി. പിന്നീട് ഇത് വേണ്ടെന്നുവെച്ച് തിരികെ വരികയും ഒന്‍പതാംവളവില്‍നിന്ന് ട്രോളി ബാഗുകള്‍ കൊക്കയിലേക്ക് എറിഞ്ഞെന്നുമായിരുന്നു പ്രതികളുടെ മൊഴി.
കോഴിക്കോട്ടെ ഹോട്ടലുടമയായ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ ഷിബില്‍, ഫര്‍ഹാന, ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. മേയ് 18-ാം തീയതി മുതല്‍ സിദ്ദിഖിനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയതോടെ തിരൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്. സിദ്ദിഖിനെ ഹണിട്രാപ്പില്‍ കുടുക്കി പണംതട്ടാനാണ് പ്രതികള്‍ പദ്ധതിയിട്ടതെന്നും നഗ്നചിത്രങ്ങളെടുക്കാനുള്ള ശ്രമം തടഞ്ഞതോടെയാണ് സിദ്ദിഖിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. കൊലപാതകത്തിന് ശേഷം മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തില്‍ കൊക്കയില്‍ തള്ളുകയായിരുന്നു.
Content Highlights: kozhikode hotel owner siddique murder case police found his phone from attappadi ghat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..