ഉറങ്ങിക്കിടന്ന ഫര്‍ഹാനയെ കാണാനില്ലെന്ന് പരാതി, പിന്നാലെ അരുംകൊലയില്‍ പ്രതി; മൃതദേഹം രണ്ടായി മുറിച്ചു


3 min read
Read later
Print
Share

ഫർഹാനയും ഷിബിലിയും

കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലുടമയെ കൊന്ന് അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ അടിമുടി ദുരൂഹത. കൊലപാതകവിവരം പുറത്തറിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല. ഹോട്ടല്‍ വ്യാപാരിയെ കൊല്ലാന്‍ കാരണമെന്ത്?, എങ്ങനെ കൊലപ്പെടുത്തി, ഇവര്‍ക്കിടയിലുണ്ടായ തര്‍ക്കം എന്തായിരുന്നു, പണം കൈക്കലാക്കാന്‍ വേണ്ടിയായിരുന്നോ കൊലപാതകം തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കാണ് ഇനിയും ഉത്തരം കിട്ടാനുള്ളത്. പ്രതികളെ വിശദമായി ചോദ്യംചെയ്യുന്നതോടെ വരുംമണിക്കൂറുകളില്‍ ഇതുസംബന്ധിച്ചെല്ലാം വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്. ചെന്നൈയില്‍ പിടിയിലായ രണ്ടുപ്രതികളെയും വെള്ളിയാഴ്ച വൈകിട്ടോടെ തിരൂരില്‍ എത്തിക്കും. ഇതിനുശേഷം വിശദമായ ചോദ്യംചെയ്യലുണ്ടാകും.

കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടല്‍ ഉടമയായ മലപ്പുറം തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖി(58)നെയാണ് ഹോട്ടലിലെ ജീവനക്കാരനായിരുന്ന പാലക്കാട് വല്ലപ്പുഴ ചെറുകോട് അച്ചീരിത്തൊടി ഷിബില്‍(22) പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ കൊറ്റുതൊടി ഫര്‍ഹാന (18) എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. മേയ് 18-നോ 19-നോ ആണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നല്‍കുന്നവിവരം.

മേയ് 18-ാം തീയതി മുതല്‍ ഹോട്ടലുടമയായ സിദ്ദിഖിനെ കാണാതായിരുന്നു. സിദ്ദീഖ് തിരൂരിലെ വീട്ടിലായിരിക്കുമെന്ന് ഹോട്ടല്‍ ജീവനക്കാരനും സിദ്ദിഖ് കോഴിക്കോടുണ്ടാകുമെന്ന് വീട്ടുകാരും കരുതി. എന്നാല്‍, തൊട്ടടുത്തദിവസങ്ങളില്‍ സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയത് വീട്ടുകാരില്‍ സംശയമുണര്‍ത്തി. മാത്രമല്ല, സിദ്ദിഖിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍നിന്ന് തുടര്‍ച്ചയായി രണ്ടുലക്ഷത്തോളം രൂപ പിന്‍വലിച്ചതും സംശയത്തിനിടയാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിദ്ദിഖിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന വിവരം സ്ഥിരീകരിക്കുകയും തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിബിലിയും ഫര്‍ഹാനയും ചേര്‍ന്ന് സിദ്ദഖിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

ഹോട്ടലില്‍ രണ്ടുമുറികള്‍, സിസിടിവി ദൃശ്യങ്ങളും...

കൊല്ലപ്പെട്ട സിദ്ദിഖും പ്രതികളായ ഷിബിലിയും ഫര്‍ഹാനയും മേയ് 18-ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇന്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജി 03, ജി 04 എന്നീ മുറികളിലാണ് ഇവരുണ്ടായിരുന്നത്. അന്നോ പിറ്റേദിവസമോ കൊലപാതകം നടന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മേയ് 19-ാം തീയതി രണ്ട് ട്രോളിബാഗുകളുമായി പ്രതികള്‍ ഹോട്ടലില്‍നിന്ന് പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഹോട്ടലിലെ ജി 04 മുറിയില്‍വെച്ചാണ് കൊലപാതകം നടത്തിയതെന്നാണ് കരുതുന്നത്. സിദ്ദിഖിനെ മുറിയിലിട്ട് കൊലപ്പെടുത്തിയശേഷം മൃതദേഹം രണ്ടുഭാഗങ്ങളായി മുറിച്ചുമാറ്റിയെന്നാണ് കരുതുന്നത്. ഇതിനുശേഷം മൃതദേഹാവശിഷ്ടങ്ങള്‍ ട്രോളി ബാഗുകളിലാക്കി പ്രതികളായ രണ്ടുപേരും 19-ാം തീയതി വൈകിട്ട് 3.10-ഓടെ ഹോട്ടലില്‍നിന്ന് പുറത്തുപോവുകയായിരുന്നു. ഹോട്ടലിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡിക്കിയില്‍ ഷിബിലിയാണ് ആദ്യത്തെ ട്രോളി ബാഗ് കയറ്റിയത്. തൊട്ടുപിന്നാലെ ഫര്‍ഹാന കാറിനടുത്തേക്ക് വരുന്നതും ഡിക്കി തുറന്ന് പരിശോധിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇതിനുശേഷം ഷിബിലി രണ്ടാമത്തെ ട്രോളി ബാഗും ഡിക്കിയ്ക്കുള്ളില്‍വെയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

ട്രോളി ബാഗുകള്‍ തള്ളിയത് അട്ടപ്പാടി ചുരത്തില്‍, പ്രതികള്‍ പിടിയിലായത് ചെന്നൈയില്‍...

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍വെച്ച് കൊലപാതകം നടത്തിയ ശേഷം രണ്ടായി മുറിച്ച മൃതദേഹവുമായി പ്രതികള്‍ അട്ടപ്പാടിയിലേക്ക് യാത്ര ചെയ്‌തെന്നാണ് കണ്ടെത്തല്‍. ഈ യാത്രയ്ക്കിടെ അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍വെച്ചാണ് സിദ്ദിഖിന്റെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചിട്ടുള്ളത്. യു.പി.ഐ. വഴിയും എ.ടി.എം. കാര്‍ഡ് വഴിയും പണം പിന്‍വലിച്ചതായാണ് വിവരം. ഇതിനുശേഷം അട്ടപ്പാടി ചുരത്തിലെത്തിയ പ്രതികള്‍ ഒന്‍പതാംവളവില്‍നിന്ന് മൃതദേഹം സൂക്ഷിച്ച ട്രോളി ബാഗുകള്‍ കൊക്കയിലേക്ക് എറിയുകയായിരുന്നു.

സിദ്ദിഖിനെ കാണാനില്ലെന്ന പരാതിയില്‍ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായതെന്നാണ് സൂചന. സിദ്ദിഖിന്റെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതിന്റെ വിവരങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി. സിദ്ദീഖിനൊപ്പം ഷിബിലിയും ഫര്‍ഹാനയും മേയ് 18-ന് എരഞ്ഞിപ്പാലത്തെ ഹോട്ടലിലുണ്ടായിരുന്നതായി കണ്ടെത്തിയതോടെ ഇവര്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ചെന്നൈയില്‍വെച്ചാണ് ഷിബിലിയെയും ഫര്‍ഹാനയെയും കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തതോടെ സിദ്ദീഖിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചതായി ഇവര്‍ വെളിപ്പെടുത്തി.

മൃതദേഹം കണ്ടെടുത്തു, നാലുപേര്‍ കസ്റ്റഡിയില്‍...

മേയ് 26 വെള്ളിയാഴ്ച രാവിലെ അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ട്രോളിബാഗുകളും പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മലപ്പുറം എസ്.പി. അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ രണ്ട് ബാഗുകളും പുറത്തെടുക്കുകയും ഇതിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേര്‍ കസ്റ്റഡിയിലുള്ളതായാണ് വിവരം. മുഖ്യപ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവര്‍ക്ക് പുറമേ ഫര്‍ഹാനയുടെ സുഹൃത്തായ ചിക്കു എന്ന ആഷിഖ്, ഫര്‍ഹാനയുടെ സഹോദരന്‍ ഗഫൂര്‍ എന്നിവരുമാണ് കസ്റ്റഡിയിലുള്ളത്.

ഫര്‍ഹാനയെ കാണാനില്ലെന്ന് പരാതി, സഹോദരന്‍ കസ്റ്റഡിയില്‍...

ഹോട്ടലുടമയുടെ കൊലപാതകത്തില്‍ പിടിയിലായ ഫര്‍ഹാനയെ കാണാനില്ലെന്ന് പറഞ്ഞ് മേയ് 23-ാം തീയതി വീട്ടുകാര്‍ ചെര്‍പ്പുളശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ ഉറങ്ങികിടന്ന മകളെ പിന്നീട് കാണാതായെന്നായിരുന്നു പരാതി. ഇതിനുപിന്നാലെയാണ് പോലീസ് സംഘം ഫര്‍ഹാനയുടെ വീട്ടിലെത്തി സഹോദരന്‍ ഗഫൂറിനെയും പിതാവ് വീരാനെയും കസ്റ്റഡിയിലെടുത്തത്. ഫര്‍ഹാനയെ കാണാനില്ലെന്ന് പരാതി നല്‍കിയതിനാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാകും പോലീസ് ഇരുവരെയും കൊണ്ടുപോയതെന്നായിരുന്നു നാട്ടുകാരും കരുതിയിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം വീരാനെ പോലീസ് തിരികെ എത്തിച്ചിരുന്നെങ്കിലും സഹോദരനെ വിട്ടയച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് കേരളത്തെ നടുക്കിയ കൊലക്കേസില്‍ ഫര്‍ഹാനയുടെ പങ്കും പുറത്തുവരുന്നത്.

Content Highlights: kozhikode hotel owner siddique brutal murder accused shibil and farhana more details

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
p musammil

തൊടുപുഴയില്‍ KSRTC ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

Jun 1, 2023


kannur train fire

2 min

തർക്കത്തിന് പിന്നാലെ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശി?; പ്രതിക്ക് മാനസികപ്രശ്‌നമുണ്ടെന്നും സൂചന

Jun 1, 2023


woman

1 min

ബലാത്സംഗം, മതംമാറാനും പേര് മാറ്റാനും നിര്‍ബന്ധിച്ചു; മോഡലിന്റെ പരാതിയില്‍ യുവാവിനെതിരേ കേസ്

May 31, 2023

Most Commented