ഫർഹാനയെ ചെർപ്പുളശ്ശേരിയിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ | ഫോട്ടോ: ഇ.വി.സുരേന്ദ്രൻ
ചെര്‍പ്പുളശ്ശേരി: കോഴിക്കോട്ടെ ഹോട്ടല്‍മുറിയില്‍ കൊല നടത്തുമ്പോള്‍ ഷിബിലിയും ഫര്‍ഹാനയും ധരിച്ച ചോരപുരണ്ട വസ്ത്രങ്ങള്‍ കത്തിച്ച് തെളിവുനശിപ്പിച്ചത് ഖദീജത്ത് ഫര്‍ഹാനയുടെ ചളവറയിലെ വീട്ടില്‍.
ഫര്‍ഹാനയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ അന്വേഷണസംഘം വീടിനുപിറകിലെ വളപ്പില്‍നിന്ന്, കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫര്‍ഹാനയാണ് ഇവ കത്തിച്ചതെന്ന് മാതാവ് ഫാത്തിമയും അന്വേഷണസംഘത്തോട് പറഞ്ഞു. വസ്ത്രങ്ങള്‍ വാഷിങ് മെഷീനിലിട്ട് അലക്കിയശേഷമാണ് കത്തിച്ചതെന്നും ഫാത്തിമ പറഞ്ഞു. വസ്ത്രങ്ങള്‍ വീടിനു പിന്‍വശത്തെ തൊടിയില്‍ കത്തിച്ച സ്ഥലം ഫര്‍ഹാനയും ഫാത്തിമയും കാണിച്ചുകൊടുത്തു. വസ്ത്രങ്ങള്‍ കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു.
തന്റെ അക്കൗണ്ടിലേക്ക് ഷിബിലി അയച്ച പണം ഉപയോഗിച്ച് സ്വര്‍ണാഭരണം വാങ്ങിയെന്നും ഫര്‍ഹാനയുടെ മാതാവ് പറഞ്ഞു. വാങ്ങിയ സ്വര്‍ണവും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളുമായി ഫാത്തിമയോട് ബുധനാഴ്ച തിരൂര്‍ ഡിവൈ.എസ്.പി. ഓഫീസില്‍ ഹാജരാകാനും അന്വേഷണസംഘം നിര്‍ദേശിച്ചു.
'ആരെയും കൊന്നിട്ടില്ല, ഷിബിലിയുടെ കൂടെനിന്നു, എല്ലാം അവന്റെ പ്ലാന്‍. ആരുടെ പക്കല്‍നിന്നും പണം വാങ്ങിയിട്ടില്ല, ഹണി ട്രാപ്പ് എന്നത് പച്ചക്കള്ളം' ചളവറയില്‍ നടത്തിയ തെളിവെടുപ്പിനുശേഷം ഫര്‍ഹാന മാധ്യമങ്ങളോട് പറഞ്ഞു.
അട്ടപ്പാടി ചുരത്തിലെ തെളിവെടുപ്പില്‍ സിദ്ദിഖിന്റെ മൊബൈല്‍ഫോണ്‍ കണ്ടെത്തി...
അഗളി: അട്ടപ്പാടി ചുരത്തില്‍ നടത്തിയ തെളിവെടുപ്പിനിടെ കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. മുഖ്യപ്രതികളായ വല്ലപ്പുഴ ചെറുകോട്ടെ ഷിബിലി (22), ഒറ്റപ്പാലം ചളവറയിലെ കൊട്ടോടി കെ. ഖദീജത്ത് ഫര്‍ഹാന (19) എന്നിവരുമായാണ് തിരൂര്‍ പോലീസ് തെളിവെടുപ്പ് നടത്തിയത്.
ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് അട്ടപ്പാടി ചുരത്തില്‍ തിരൂര്‍ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയത്. എട്ടാം വളവിനും ഏഴാം വളവിനുമിടയില്‍നിന്ന് കൊല്ലപ്പെട്ട സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു. ഇതിനോടപ്പം ഉപേക്ഷിച്ചതായി പറയപ്പെടുന്ന സിദ്ദിഖിന്റെ ആധാര്‍ കാര്‍ഡ് കണ്ടെത്താനായില്ല.
ഷിബിലി, ഫര്‍ഹാന, മുഹമ്മദ് ആഷിഖ് എന്നിവര്‍ മേയ് 18-ന് കോഴിക്കോട് ഹോട്ടല്‍ മുറിയില്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. അടുത്തദിവസം മൃതദേഹം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് രണ്ടായി മുറിച്ച് രണ്ട് ട്രോളിബാഗിലാക്കി. കോഴിക്കോട്ടെ ഹോട്ടല്‍മുറിയില്‍നിന്ന് സിദ്ദിഖിന്റെ കാറിന്റെ ഡിക്കിയിലാക്കി.
മൂന്നുമണിയോടെ കാറില്‍ മൃതദേഹവുമായി കോഴിക്കോട്ടുനിന്ന് അട്ടപ്പാടി ചുരം ലക്ഷ്യമാക്കി സംഘം നീങ്ങി. ഏഴുമണിയോടെ ചുരത്തിലെ 10-ാം വളവിലെത്തി. ആള്‍സാന്നിധ്യം കണ്ട്, കാര്‍ തിരിച്ച് ഒന്‍പതാം വളവിലെത്തി മൃതദേഹം ഷിബിലിയും ആഷിക്കും 25 അടി താഴ്ചയുള്ള മന്ദംപൊട്ടി തോട്ടിലേക്ക് വലിച്ചെറിഞ്ഞതായാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.
ഇതിനുശേഷം 500 മീറ്റര്‍ മാറി മൊബൈലും ആധാര്‍ കാര്‍ഡും ഉപേക്ഷിച്ചതായാണ് പോലീസ് പറയുന്നത്. പിന്നീടാണ് മൂവരും പെരിന്തല്‍മണ്ണയിലെ ചിരട്ടാമലയിലെത്തിയത്. ഈ സ്ഥലത്തുനിന്ന് മൃതദേഹം മുറിക്കാനുപയോഗിച്ച ഇലക്ട്രിക് കട്ടര്‍, ചുറ്റിക, ബ്ലേഡ്, രക്തം തുടച്ചുവൃത്തിയാക്കിയ തുണി, മറ്റുവസ്ത്രങ്ങള്‍, ഹോട്ടല്‍മുറിയിലെ തലയണ ഉറ, ബെഡ് ഷീറ്റ്, ചെരുപ്പ്, എ.ടി.എം. കാര്‍ഡുകള്‍ എന്നിവ അന്വേഷണസംഘം നേരത്തേ കണ്ടെത്തിയിരുന്നു.
Content Highlights: kozhikode hotel owner murder case accused farhana and shibili destroyed their dresses
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..