എം.വിൻസെന്റ് എം.എൽ.എ.യുടെ കാർ അടിച്ചുതകർത്തനിലയിൽ
ബാലരാമപുരം: കോവളം നിയോജകമണ്ഡലം എം.എല്‍.എ. എം.വിന്‍സെന്റിന്റെ വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ ഇരുമ്പുകമ്പിയുമായി ബൈക്കിലെത്തിയ യുവാവ് അടിച്ചുതകര്‍ത്തു. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. പയറ്റുവിള, ഉച്ചക്കട, പുലിവിളവീട്ടില്‍ സന്തോഷ്‌കുമാറാ(31)ണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ആര്‍.സി. തെരുവിനു സമീപത്തെ എം.എല്‍.എ.യുടെ വീടിനു സമീപത്തായിരുന്നു സംഭവം.
സംഭവസമയം എം.വിന്‍സെന്റ് വീടിനോടുചേര്‍ന്ന ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബൈക്കില്‍ എത്തിയ പ്രതി പ്ലാസ്റ്റിക് ചാക്കില്‍ കരുതിയിരുന്ന ഇരുമ്പുകമ്പിയെടുത്ത് കാറിന്റെ എല്ലാ ചില്ലകളും അടിച്ചുതകര്‍ക്കുകയായിരുന്നു. ശബ്ദംകേട്ട് ഓഫീസിനു പുറത്തിറങ്ങിയ എം.എല്‍.എ.യും പ്രവര്‍ത്തകരും പ്രതി കാര്‍ അടിച്ചുതകര്‍ക്കുന്നതാണ് കണ്ടത്.
കാര്‍ അടിച്ചുതകര്‍ത്തശേഷം പ്രതി കമ്പിയും പിടിച്ചുകൊണ്ട് എം.എല്‍.എ.യുടെ നേര്‍ക്ക് കൈചൂണ്ടി ഭീഷണി മുഴക്കി. മുല്ലപ്പെരിയാല്‍ പൊട്ടാറായിട്ടും എം.എല്‍.എ. യാതൊന്നും ചെയ്തില്ലെന്നും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടഞ്ഞില്ലെന്നും പ്രതി വിളിച്ചുപറഞ്ഞു.
റൂറല്‍ എസ്.പി. ദിവ്യ പി.ഗോപിനാഥ്, നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എസ്.ശ്രീകാന്ത് കോണ്‍ഗ്രസ് നേതാക്കളായ എന്‍.ശക്തന്‍, ജി.സുബോധന്‍, പാലോട് രവി തുടങ്ങിയവര്‍ സ്ഥലത്തെത്തി.
പ്രതിക്ക് മാനസിക പ്രശ്‌നമുള്ളതായി ബാലരാമപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഡി.ബിജുകുമാര്‍ പറഞ്ഞു. മരപ്പണിക്കാരനാണ് പ്രതി. ഇയാള്‍ ഉച്ചക്കടയില്‍ മദ്യവില്പന കേന്ദ്രം വരുന്നതിനെതിരേ നടത്തിയ പ്രതിഷേധത്തിനിടെ സി.പി.എം. പ്രാദേശിക നേതാവിനെ വെട്ടിപ്പരിക്കേല്പിച്ച സംഭവമുണ്ടായിട്ടുണ്ട്. വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ പ്രതിയുടെ പേരില്‍ മൂന്ന് ക്രിമിനല്‍ കേസുകളുണ്ടെന്ന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എസ്.ശ്രീകാന്ത് പറഞ്ഞു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൂടുതല്‍ അന്വേഷണം വേണം -എം.വിന്‍സെന്റ്
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് എം.വിന്‍സെന്റ് എം.എല്‍.എ. ആവശ്യപ്പെട്ടു. നാല് മാസം മുന്‍പ് എട്ട് ലക്ഷം രൂപ വായ്പ എടുത്ത് വാങ്ങിയ കാറാണ് അടിച്ചുതകര്‍ത്തത്. പ്രതിക്ക് മാനസികപ്രശ്‌നമുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട്. ഇക്കാര്യം പോലീസ് കൂടുതല്‍ അന്വേഷണം നടത്തി കണ്ടെത്തണം. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് കരുതുന്നത്.
സംസ്ഥാനത്ത് ലഹരിയുപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന അക്രമങ്ങളുടെ ഉദാഹരണമാണ് ഈ സംഭവമെന്നും എം.എല്‍.എ. പറഞ്ഞു.
Content Highlights: kovalam mla m vincent car attacked
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..