'പ്രതികള്‍ വിളിച്ചുപറഞ്ഞതെല്ലാം പ്രത്യേകലക്ഷ്യത്തോടെ, മാതൃകാപരമായ വിധി'; വെല്ലുവിളികള്‍ നിറഞ്ഞ കേസ്


നാടകീയസംഭവങ്ങളാണ് കോടതിമുറിയില്‍ അരങ്ങേറിയത്. വിധിപ്രസ്താവത്തിന് മുമ്പ് പ്രതികളായ രണ്ടുപേരും തങ്ങള്‍ നിരപരാധികളാണെന്ന് പ്രതിക്കൂട്ടില്‍നിന്ന് വിളിച്ചുപറഞ്ഞു.

സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ്, അസി. കമ്മിഷണർ ജെ.കെ.ദിനിൽ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ ശിക്ഷാവിധി സ്വാഗതാര്‍ഹമെന്ന് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്. നൂറുശതമാനവും മാതൃകാപരമായ വിധിയാണിത്. അത്യപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായിരുന്നു. പ്രതികള്‍ക്ക് അനുകൂലമായ സാഹചര്യം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. സാധാരണഗതിയില്‍ വധശിക്ഷ നല്‍കേണ്ട കേസാണെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിനും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനും ജീവപര്യന്തം തടവാണ് ശിക്ഷ. ഇതില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റത്തിനുള്ള ജീവപര്യന്തം തടവ് ജീവിതാവസാനം വരെയാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുകയില്‍നിന്ന് ഒരുവിഹിതം ഇരയുടെ സഹോദരിക്ക് നല്‍കാനും നിര്‍ദേശിച്ചു. ഇതിനുപുറമേ ലീഗല്‍ സര്‍വീസ് സൊസൈറ്റി അന്വേഷണം നടത്തി അര്‍ഹമായ നഷ്ടപരിഹാരം ഇരയുടെ ബന്ധുക്കള്‍ക്ക് നല്‍കണമെന്ന നിര്‍ദേശമുണ്ടെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

ശിക്ഷ വിധിക്കുന്ന വേളയില്‍ പ്രതികള്‍ കോപാകുലരായിരുന്നു. വൈകിയവേളയില്‍ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. സംഭവസ്ഥലത്ത് രാവിലെ ഒരാള്‍ ഓടിപ്പോകുന്നത് കണ്ടു, കൊല്ലപ്പെട്ട യുവതി അവിടെ കുളിക്കുന്നത് കണ്ടിട്ടുണ്ട് എന്നെല്ലാം പ്രതികള്‍ പറഞ്ഞു. എന്നാല്‍ ഇതെല്ലാം പറയാന്‍ അവര്‍ക്ക് നേരത്തെ അവസരമുണ്ടായിരുന്നു. അപ്പോള്‍ പറയേണ്ട കാര്യങ്ങളായിരുന്നു ഇതെല്ലാം. ഒരാള്‍ ഓടിപ്പോകുന്നത് കണ്ടിട്ടുണ്ടെങ്കില്‍ വിചാരണയുടെ ഏതെങ്കിലും ഘട്ടത്തില്‍ ഉന്നയിക്കേണ്ടതായിരുന്നു. വിധിപറയുന്ന ദിവസം ഇക്കാര്യങ്ങള്‍ ഉന്നയിച്ചത് പ്രത്യേകലക്ഷ്യത്തോടെയാണെന്നും മോഹന്‍രാജ് പ്രതികരിച്ചു.

കൊല്ലം ബാറിലെ അഭിഭാഷകനായ ജി.മോഹന്‍രാജ്, വിസ്മയ കേസ്, ഉത്ര വധക്കേസ്, രശ്മി വധക്കേസ്, പോലീസുകാരനെ കുത്തിക്കൊന്നതിന് ആട് ആന്റണിക്കെതിരായ കേസ്, കോട്ടയം എസ്.എം.ഇ. റാഗിങ്, ആവണീശ്വരം മദ്യദുരന്തം, ഹരിപ്പാട് ജലജ വധം തുടങ്ങിയ കേസുകളില്‍ പ്രോസിക്യൂട്ടറായിരുന്നു.

വെല്ലുവിളികള്‍ നിറഞ്ഞ അന്വേഷണം- അസി. കമ്മിഷണര്‍

വിദേശവനിതയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മിഷണര്‍ ജെ.കെ.ദിനില്‍ പ്രതികരിച്ചു. മൃതദേഹം ജീര്‍ണിച്ചനിലയില്‍ കണ്ടെത്തിയതും ദൃക്‌സാക്ഷികളില്ലാത്തതും പ്രദേശവാസികളുടെ നിസ്സഹകരണവുമെല്ലാം വെല്ലുവിളിയായിരുന്നു. 12 ഏക്കറോളം വരുന്ന ആരും പോകാത്ത സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഫൊറന്‍സിക് സംഘം വളരെ കൃത്യമായി മൃതദേഹപരിശോധന നടത്തി. തുടര്‍ന്ന് കേസില്‍ നേരിട്ട വെല്ലുവിളികളെയെല്ലാം ശാസ്ത്രീയപരിശോധനയിലൂടെയാണ് തരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Also Read

ഉദയനും ഉമേഷും ഒരുക്കിയ കെണി; ലഹരിനൽകി ബലാത്സംഗം, ...

സുകുമാരക്കുറുപ്പിന്റെ 'ബുദ്ധി',പക്ഷേ,പാളി; ...

മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. അദ്ദേഹം അന്വേഷണത്തിന് വേണ്ട നിര്‍ദേശങ്ങളെല്ലാം ആദ്യംമുതല്‍ തന്നെ വ്യക്തമായി നല്‍കി. മൃതദേഹം കണ്ടെത്തിയ സ്ഥലവും പരിസരവും ഓരോന്നായി വേര്‍തിരിച്ചായിരുന്നു പരിശോധന. ആസ്ഥലത്തുവരുന്നവരെയെല്ലാം ചോദ്യംചെയ്തു. അവിടെ വരാന്‍ സാധ്യതയുള്ളവരെ ഓരോ കാറ്റഗറിയാക്കി വേര്‍തിരിച്ച് നിരീക്ഷിച്ചു. ഇതില്‍ ഹൈകാറ്റഗറിയില്‍ ഉള്‍പ്പെട്ടവരെ പ്രത്യേകം ചോദ്യംചെയ്തു. എല്ലാ ടീമംഗങ്ങളും ആസ്ഥലത്ത് ചുറ്റിപ്പറ്റിയാണ് അന്വേഷണം നടത്തിയത്. വലിയൊരു ടീം സ്പിരിറ്റ് ഈ അന്വേഷണത്തില്‍ ലഭിച്ചെന്നും ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയും നിര്‍ദേശങ്ങളും കൃത്യമായി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

സാഹചര്യത്തെളിവുകളായിരുന്നു കേസില്‍ പ്രധാനം. ഈ തെളിവുകളെല്ലാം പ്രോസിക്യൂഷന്‍ ഒരു മാലപോലെ കോര്‍ത്തിണക്കി. ശക്തമായ പ്രോസിക്യൂട്ടര്‍ ഇല്ലായിരുന്നില്ലെങ്കില്‍ ഈ കേസിന്റെ അവസ്ഥ പ്രവചിക്കാനാകുമായിരുന്നില്ല. പോലീസിന്റെ കുറ്റപത്രം കൃത്യമായി വിശകലനം ചെയ്ത പ്രോസിക്യൂട്ടര്‍ തെളിവുകളെല്ലാം മികവോടെ കോടതിക്ക് മുന്നില്‍ അവതരിപ്പിച്ചു. സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറോട് വളരെയധികം നന്ദിയുണ്ടെന്നും അസി. കമ്മിഷണര്‍ പറഞ്ഞു.

നീതി ലഭിച്ചെന്ന് സഹോദരി...

നീതി ലഭിച്ചെന്നായിരുന്നു കൊല്ലപ്പെട്ട യുവതിയുടെ സഹോദരിയുടെ പ്രതികരണം. ഇപ്പോള്‍ സമാധാനവും ആശ്വാസവും അനുഭവപ്പെടുന്നതായും അവര്‍ പറഞ്ഞു.

'നുണപരിശോധന വേണം, ഞങ്ങള്‍ നിരപരാധികള്‍'- കോടതിയില്‍ രോഷാകുലരായി പ്രതികള്‍

കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവും 1,65,000 രൂപ പിഴയും ശിക്ഷ. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. സനില്‍കുമാര്‍ ശിക്ഷിച്ചത്.

ചൊവ്വാഴ്ച ശിക്ഷ വിധിക്കുന്നതിന് മുമ്പ് നാടകീയസംഭവങ്ങളാണ് കോടതിമുറിയില്‍ അരങ്ങേറിയത്. വിധിപ്രസ്താവത്തിന് മുമ്പ് പ്രതികളായ രണ്ടുപേരും തങ്ങള്‍ നിരപരാധികളാണെന്ന് പ്രതിക്കൂട്ടില്‍നിന്ന് വിളിച്ചുപറഞ്ഞു. തങ്ങള്‍ക്ക് നുണ പരിശോധന നടത്താന്‍ തയ്യാറാകണം. സംഭവസ്ഥലത്തുനിന്ന് ഒരു യോഗ അധ്യാപകന്‍ ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇയാള്‍ക്ക് പലഭാഷകളും അറിയാം. ഇയാളെക്കുറിച്ച് അന്വേഷിക്കണം. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തില്‍നിന്ന് ലഭിച്ച മുടി വിദഗ്ധ പരിശോധനയ്ക്ക് അയക്കണമെന്നും പ്രതികള്‍ വിളിച്ചുപറഞ്ഞു. എന്നാല്‍ ഇതെല്ലാം കേട്ട കോടതി ഇതിനുപിന്നാലെ വിധിപ്രസ്താവം ആരംഭിക്കുകയായിരുന്നു.

ശിക്ഷാവിധി കേട്ട ശേഷവും പ്രതികള്‍ കോടതിമുറിയില്‍ രോഷാകുലരായി. തങ്ങളെ ശിക്ഷിക്കരുതെന്ന് പറഞ്ഞാണ് ഇരുവരും രോഷാകുലരായത്. നേരത്തെ കോടതിയില്‍ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ ഇവര്‍ ആവര്‍ത്തിക്കുകയും ചെയ്തു.

പോലീസ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്ന കൊലക്കുറ്റം, മരണകാരണമായേക്കാവുന്ന പീഡനം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, മയക്കുമരുന്നു നല്‍കല്‍ എന്നീ കുറ്റങ്ങളെല്ലാം നിലനില്‍ക്കുമെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

2018 ഫെബ്രുവരി മൂന്നിനാണ് ലാത്വിയന്‍ യുവതി പോത്തന്‍കോട് അരുവിക്കോണത്തെ ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍ വിഷാദരോഗ ചികിത്സയ്ക്കായി എത്തിയത്. ഇവിടെനിന്ന് മാര്‍ച്ച് 14-ന് കാണാതായ യുവതിയുടെ മൃതദേഹം കോവളം വാഴമുട്ടത്തെ കൂനംതുരുത്തിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ ഏപ്രില്‍ 20-ന് കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു.

ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍നിന്ന് ഓട്ടോറിക്ഷയില്‍ കോവളത്തെത്തിയ യുവതിയെ കഞ്ചാവുബീഡി നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം പ്രതികള്‍ പീഡിപ്പിച്ചു കൊലപ്പെടുത്തി വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ കെട്ടിത്തൂക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

മരിച്ച യുവതിയുടെ ശരീരത്തില്‍ ഡയാറ്റം ബാക്ടീരിയ കണ്ടെത്തിയെന്ന കെമിക്കല്‍ എക്‌സാമിനറുടെ മൊഴി മുങ്ങിമരണത്തിനുള്ള സാധ്യതയാണു കാണിക്കുന്നതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും പ്രോസിക്യൂഷന്‍ നിരത്തിയ സാഹചര്യത്തെളിവുകളടക്കമുള്ളവ കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടു സാക്ഷികള്‍ കൂറുമാറുകയും ചെയ്തിരുന്നു.Content Highlights: kovalam foreign woman murder case verdict prosecutor and investigating officer response


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented