വിദേശവനിതയുടെ കൊലപാതകം: രണ്ടുപേര്‍ക്കും ജീവപര്യന്തം; കോടതിയില്‍ രോഷാകുലരായി പ്രതികള്‍


Screengrab: Mathrubhumi News

തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവും 1,65,000 രൂപ പിഴയും ശിക്ഷ. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. സനില്‍കുമാര്‍ ശിക്ഷിച്ചത്. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.

ജീവപര്യന്തം തടവ് ജീവിതാവസാനം വരെയാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുകയില്‍ ഒരുവിഹിതം സഹോദരിക്ക് നല്‍കാനും നിര്‍ദേശമുണ്ട്. ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ അന്വേഷണത്തിന് ശേഷം ഇരയുടെ സഹോദരിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അതിനിടെ, ചൊവ്വാഴ്ച ശിക്ഷ വിധിക്കുന്നതിന് മുമ്പ് നാടകീയസംഭവങ്ങളാണ് കോടതിമുറിയില്‍ അരങ്ങേറിയത്. വിധിപ്രസ്താവത്തിന് മുമ്പ് പ്രതികളായ രണ്ടുപേരും തങ്ങള്‍ നിരപരാധികളാണെന്ന് പ്രതിക്കൂട്ടില്‍നിന്ന് വിളിച്ചുപറഞ്ഞു. തങ്ങള്‍ക്ക് നുണ പരിശോധന നടത്താന്‍ തയ്യാറാകണം. സംഭവസ്ഥലത്തുനിന്ന് ഒരു യോഗ അധ്യാപകന്‍ ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇയാള്‍ക്ക് പലഭാഷകളും അറിയാം. ഇയാളെക്കുറിച്ച് അന്വേഷിക്കണം. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തില്‍നിന്ന് ലഭിച്ച മുടി വിദഗ്ധ പരിശോധനയ്ക്ക് അയക്കണമെന്നും പ്രതികള്‍ വിളിച്ചുപറഞ്ഞു. എന്നാല്‍ ഇതെല്ലാം കേട്ട കോടതി ഇതിനുപിന്നാലെ വിധിപ്രസ്താവം ആരംഭിക്കുകയായിരുന്നു.

ശിക്ഷാവിധി കേട്ട ശേഷവും പ്രതികള്‍ കോടതിമുറിയില്‍ രോഷാകുലരായി. തങ്ങളെ ശിക്ഷിക്കരുതെന്ന് പറഞ്ഞാണ് ഇരുവരും രോഷാകുലരായത്. നേരത്തെ കോടതിയില്‍ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ ഇവര്‍ ആവര്‍ത്തിക്കുകയും ചെയ്തു.

പോലീസ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്ന കൊലക്കുറ്റം, മരണകാരണമായേക്കാവുന്ന പീഡനം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, മയക്കുമരുന്നു നല്‍കല്‍ എന്നീ കുറ്റങ്ങളെല്ലാം നിലനില്‍ക്കുമെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

2018 ഫെബ്രുവരി മൂന്നിനാണ് ലാത്വിയന്‍ യുവതി പോത്തന്‍കോട് അരുവിക്കോണത്തെ ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍ വിഷാദരോഗ ചികിത്സയ്ക്കായി എത്തിയത്. ഇവിടെനിന്ന് മാര്‍ച്ച് 14-ന് കാണാതായ യുവതിയുടെ മൃതദേഹം കോവളം വാഴമുട്ടത്തെ കൂനംതുരുത്തിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ ഏപ്രില്‍ 20-ന് കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു.

ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍നിന്ന് ഓട്ടോറിക്ഷയില്‍ കോവളത്തെത്തിയ യുവതിയെ കഞ്ചാവുബീഡി നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം പ്രതികള്‍ പീഡിപ്പിച്ചു കൊലപ്പെടുത്തി വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ കെട്ടിത്തൂക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

മരിച്ച യുവതിയുടെ ശരീരത്തില്‍ ഡയാറ്റം ബാക്ടീരിയ കണ്ടെത്തിയെന്ന കെമിക്കല്‍ എക്സാമിനറുടെ മൊഴി മുങ്ങിമരണത്തിനുള്ള സാധ്യതയാണു കാണിക്കുന്നതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും പ്രോസിക്യൂഷന്‍ നിരത്തിയ സാഹചര്യത്തെളിവുകളടക്കമുള്ളവ കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടു സാക്ഷികള്‍ കൂറുമാറുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഹാജരായത് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജാണ്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.കെ. ദിനിലായിരുന്നു അന്വേഷണോദ്യോഗസ്ഥന്‍.


Content Highlights: kovalam foreign woman murder case two accused gets life imprisonment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented