-
കോട്ടയം: സെയില്‍സ്മാനും മിമിക്രിതാരവുമായ ചങ്ങനാശ്ശേരി മുങ്ങോട്ടുപുതുപ്പറമ്പില്‍ ലെനീഷിനെ (31) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അഡീഷണല്‍സ് സെഷന്‍സ്-4 ജില്ലാ ജഡ്ജി വി.ബി. സുജയമ്മ മുമ്പാകെ തുടങ്ങി. ലെനീഷിനെ കൊലപ്പെടുത്തി മൃതദേഹം ആസിഡ് ഒഴിച്ചു മുഖം വികൃതമാക്കിയശേഷം ചാക്കില്‍ക്കെട്ടി റോഡരികില്‍ തള്ളുകയായിരുന്നു.
2013 നവംബര്‍ 23 നായിരുന്നു സംഭവം. ലെനീഷിന്റെ കാമുകിയും എസ്.എച്ച്. മൗണ്ടിനുസമീപം നവീന്‍ ഹോം നഴ്സിങ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാന്‍ചിറ പാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല, ക്വട്ടേഷന്‍ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റിയന് (28), ദൈവംപടി ഗോപാലശേരില്‍ ശ്യാംകുമാര്‍ (ഹിപ്പി ശ്യാം-31), വിത്തിരിക്കുന്നേല്‍ രമേശന് (ജൂഡോ രമേശന്-28) എന്നിവര്‍ ചേര്‍ന്നു ലെനീഷിനെ കൊലപ്പെടുത്തുകയും കൊച്ചുതോപ്പ് പാറാംതോട്ടത്തില്‍ മനുമോന്റെ (24) സഹായത്തോടെ ഓട്ടോയില്‍ മൃതദേഹം കൊണ്ടുപോയി ഒളിപ്പിക്കുകയും ചെയ്തുവെന്നാണു കേസ്. പാമ്പാടി കുന്നേല്‍പ്പാലത്തിനു സമീപം ചാക്കില്‍കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലാണു മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസത്തിനുള്ളില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച മൂന്നുസാക്ഷികളെയാണ് വിസ്തരിച്ചത്. അഞ്ചാംപ്രതി മനുമോനെ പ്രോസിക്യൂഷന് കേസില്‍ മാപ്പുസാക്ഷിയാക്കിയിരുന്നു.
ഇയാള്‍ കോടതിയില്‍ ഹാജരായി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയായ കൃഷ്ണന്‍കുട്ടിയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കി. മൃതദേഹം കണ്ടതായി പോലീസിനെ അറിയിച്ച ജയകൃഷ്ണനും കോടതിയില്‍ മൊഴി നല്കി. പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂട്ടര്‍ അഡ്വ. ഗിരിജ ബിജു ഹാജരായി.
Content Highlights: kottayam mimicry artist leneesh murder case; trial begins in court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..