പ്രദീഷ്, സഞ്ജു, മഹേഷ് ലാൽ, അഭിഷേക്, അഭയ് രാജ്, അമൽ
കോട്ടയം: ഹോട്ടലിൽ ഊണിന് നൽകിയ മീൻകഷണത്തിന് വലുപ്പം കുറഞ്ഞുവെന്നുപറഞ്ഞ് ഹോട്ടൽ ജീവനക്കാരനെ മർദിക്കുകയും കരിങ്കല്ലുകൊണ്ട് ഇടിച്ചുവീഴ്ത്തുകയുംചെയ്ത കൊല്ലം സ്വദേശികളായ ആറ് യുവാക്കൾ അറസ്റ്റിൽ.
കൊല്ലം നെടുമൺ കടുക്കോട് കുരുണ്ടിവിളവീട്ടിൽ പ്രദീഷ് മോഹൻദാസ് (35), കൊല്ലം നെടുപന കളയ്ക്കൽകിഴക്കേതിൽ വീട്ടിൽ എസ്.സഞ്ജു (23), കൊല്ലം നെടുപന മനുഭവൻ വീട്ടിൽ മഹേഷ് ലാൽ (24), കൊല്ലം നെടുപന ശ്രീരാഗംവീട്ടിൽ അഭിഷേക് (23), കൊല്ലം നല്ലിള മാവിള വീട്ടിൽ അഭയ് രാജ് (23), കൊല്ലം നല്ലിള അതുൽമന്ദിരം വീട്ടിൽ അമൽ ജെ.കുമാർ (23) എന്നിവരെയാണ് പൊൻകുന്നം പോലീസ് ഇൻസ്പെക്ടർ എൻ.രാജേഷ് അറസ്റ്റ് ചെയ്തത്. പൊൻകുന്നം ഇളംകുളത്തുള്ള ഹോട്ടൽ ജീവനക്കാരൻ മധുകുമാറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
മധുകുമാർ സപ്ലയറായി ജോലി ചെയ്യുന്ന ഹോട്ടലിൽ ഉച്ചയോടെ പ്രതികൾ ഭക്ഷണം കഴിച്ച് പുറത്തിറങ്ങി. പിന്നീട് തിരിച്ചെത്തി ഊണിന് കറിയായി നൽകിയ മീനിന്റെ വലുപ്പം കുറവാണെന്നും ചാറ് കുറഞ്ഞുപോയെന്നും പറഞ്ഞ് മധുകുമാറിനെ ചീത്ത വിളിക്കുകയും മർദിക്കുകയുമായിരുന്നു.
സംഘർഷത്തിനിടെ പ്രതികൾ ജീവനക്കാരനെ കരിങ്കല്ലുകൊണ്ട് ഇടിച്ചുവീഴ്ത്തി. സംഭവത്തെ തുടർന്ന് രക്ഷപ്പെട്ട പ്രതികളെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടുകയായിരുന്നു.
എസ്.ഐ.മാരായ റെജിലാൽ കെ.ആർ., അംസു പി.എസ്., സി.പി.ഒ. വിനീത് ആർ.നായർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Content Highlights: kottayam hotel supplier attacked over no size for fish in curry less gravy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..