റിട്ട എസ്.പി. കെ.ജി. സൈമൺ, കൂടത്തായി കേസിലെ പ്രതി ജോളി | Screengrab: Mathrubhumi News
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ നാലുപേരുടെ മൃതദേഹങ്ങളില്‍ സയനൈഡോ വിഷാംശമോ കണ്ടെത്തിയില്ലെന്ന ദേശീയ ഫൊറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. എസ്.പി. കെ.ജി. സൈമണ്‍. മൃതദേഹാവശിഷ്ടങ്ങള്‍ക്ക് ഇത്രയും പഴക്കം ഉണ്ടാകുമ്പോള്‍ ഫലം കിട്ടില്ലെന്നും മരണങ്ങളെക്കുറിച്ച് ഡോക്ടര്‍മാരുടെ സംഘം കൃത്യമായ അവലോകനം നടത്തി അവരുടെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും റിട്ട. എസ്.പി. പറഞ്ഞു.
'പരിശോധനയ്ക്കായി രണ്ടാമത് കൊടുത്തത് സെന്‍ട്രല്‍ ലാബിലേക്കാണ്. അതിന് മുന്‍പ് കേരളത്തില്‍ പരിശോധിച്ചപ്പോള്‍ നാലെണ്ണത്തിന്റെ ഫലം കിട്ടിയിരുന്നില്ല. ഇത്രയും പഴക്കം ഉണ്ടാകുമ്പോള്‍ ഫലം കിട്ടില്ല. ഒരു മരണം ഉണ്ടായിക്കഴിഞ്ഞാല്‍ എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് ഒരു സംഘം ഡോക്ടര്‍മാരെ വെച്ച് പഠനം നടത്തും. അങ്ങനെ പഠനം നടത്തിയ സംഘത്തിന്റെ ഒപ്പീനിയന്‍ ലഭിച്ചിട്ടുണ്ട്. ആ ഫയലുണ്ട്. എങ്ങനെയാണ് മരിച്ചത് എന്നതടക്കം അതില്‍ പറയുന്നുണ്ട്. ഇതിനുശേഷമാണ് കേസ് ചാര്‍ജ് ചെയ്യുന്നത്. മരണത്തെക്കുറിച്ച് കൃത്യമായ അവലോകനം നടത്തി ഡോക്ടര്‍മാരുടെ സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഒരു സെക്കന്റ് ഒപ്പീനിയനായാണ് സെന്‍ട്രല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്'- അദ്ദേഹം പറഞ്ഞു.
കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര പുറത്തറിഞ്ഞത്.
ആറുപേര്‍ കൊല്ലപ്പെട്ട കൂടത്തായി കൊലപാതക പരമ്പരയില്‍ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ വിഷാംശമോ കണ്ടെത്താനായില്ലെന്നായിരുന്നു ദേശീയ ഫൊറന്‍സിക് ലബോറട്ടറിയുടെ റിപ്പോര്‍ട്ട്. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് ദേശീയ ഫൊറന്‍സിക് ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നത്. റോയ് തോമസ്, സിലി എന്നിവരുടെ മൃതദേഹങ്ങളില്‍ സയനൈഡിന്റെ അംശം നേരത്തെ കണ്ടെത്തിയിരുന്നു.
14 വര്‍ഷത്തിനിടെ കുടുംബത്തിലെ ആറുപേരെ ജോളി വിഷം നല്‍കിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നതാണ് കൂടത്തായി കൊലപാതക പരമ്പര കേസ്. ആദ്യഭര്‍ത്താവ് റോയ് തോമസ്, ഭര്‍തൃമാതാവ് അന്നമ്മ തോമസ്, ഭര്‍തൃപിതാവ് ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 2019-ലാണ് കൂടത്തായി കേസില്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചത്.
2002-ല്‍ അന്നമ്മ തോമസിന്റെ മരണമാണ് കൂടത്തായി പരമ്പരയിലെ ആദ്യ കൊലപാതകം. ആട്ടിന്‍സൂപ്പില്‍ 'ഡോഗ് കില്‍' എന്ന വിഷം കലര്‍ത്തി നല്‍കിയാണ് ജോളി അന്നമ്മയെ കൊലപ്പെടുത്തിയത്. അന്നമ്മയെ കൊല്ലാന്‍ ഉപയോഗിച്ച വിഷം ജോളി മൃഗാശുപത്രിയില്‍നിന്ന് വാങ്ങിയതിന്റെ രേഖകളും തെളിവുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
അന്നമ്മയെ കൊലപ്പെടുത്തി ആറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടോം തോമസ് കൊല്ലപ്പെടുന്നത്. 2011-ല്‍ ആദ്യഭര്‍ത്താവ് റോയ് തോമസിനെയും ജോളി കൊന്നു. റോയ് തോമസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷാംശം കണ്ടെത്തിയിരുന്നെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം. എന്നാല്‍ റോയ് തോമസിന്റെ മരണത്തില്‍ അമ്മാവനായ മാത്യു മഞ്ചാടിയില്‍ പിന്നീട് സംശയം ഉന്നയിച്ചു. പക്ഷേ, റോയിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട മാത്യുവിനെ 2014-ല്‍ ജോളി കൊലപ്പെടുത്തി. പിന്നാലെ രണ്ടാംഭര്‍ത്താവായ ഷാജുവിന്റെ മകള്‍ ആല്‍ഫൈനെയും 2016-ല്‍ ഷാജുവിന്റെ ആദ്യഭാര്യ സിലിയെയും ജോളി സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നു.
Content Highlights: koodathai case retd sp kg simon response about central forensic lab report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..