കിഴക്കേ കല്ലട പോലീസ് ബന്ധുക്കളിൽനിന്ന് മൊഴിയെടുക്കുന്നു(ഇടത്ത്) മരിച്ച സുവ്യ(വലത്ത്)
എഴുകോണ്‍: ഭര്‍ത്തൃഗൃഹത്തില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ കിഴക്കേ കല്ലട പോലീസ് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും പീഡനത്തെ തുടര്‍ന്നാണ് കടയ്ക്കോട് സുവ്യഭവനില്‍ സുവ്യ (34) മരിച്ചതെന്നുകാട്ടി സഹോദരന് വിഷ്ണുനല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ശബ്ദസന്ദേശത്തിന്റെമാത്രം അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അജയകുമാറിനും ഭര്‍ത്തൃമാതാവ് വിജയമ്മയ്ക്കുമെതിരേ ഗാര്‍ഹികപീഡനനിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്താമോ എന്നകാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. ഈ സാഹചര്യത്തില്‍ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ബുധനാഴ്ച ലഭിക്കുമെന്നാണ് കരുതുന്നത്.
സുവ്യയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടക്കം 13 പേരുടെ മൊഴിയെടുത്തു. സുവ്യയെ ഭര്‍ത്താവിന്റെ അമ്മ നിരന്തരം വഴക്കുപറയുമായിരുന്നെന്ന് ആറുവയസ്സുകാരന് മകന് ശ്രീപാദ് പോലീസിനോട് പറഞ്ഞു. അജയകുമാറിന്റെ അമ്മ വിജയമ്മയുമായി മുമ്പും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ബന്ധുക്കളും പോലീസിന് മൊഴിനല്‍കി. സുവ്യയുടെ ഫോണും മരിക്കുന്നതിനുമുമ്പ് ശബ്ദസന്ദേശം അയച്ച പിതൃസഹോദരി സുജാതയുടെ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണുകള്‍ ശാസ്ത്രീയപരിശോധനയ്ക്ക് അയയ്ക്കും. മൊഴികള്‍ പരിശോധിച്ചശേഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്ന് കിഴക്കേ കല്ലട എസ്.എച്ച്.ഒ. സുധീഷ് കുമാര്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെ എട്ടുമണിക്കാണ് സുവ്യയെ ഭര്‍ത്താവിന്റെ വീടായ കിഴക്കേ കല്ലട ഉപ്പൂട് അജയഭവനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്തൃമാതാവും സുവ്യയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഈ സംഭവത്തിനുശേഷം മുറിയില്‍ക്കയറി സുവ്യ വാതിലടച്ചു. ഏറെനേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെവന്നതോടെ നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ സുവ്യയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
മരിക്കുന്നതിനുമുമ്പ് സുവ്യ അച്ഛന്റെ സഹോദരി സുജാതയ്ക്കയച്ച വാട്സാപ്പ് ശബ്ദസന്ദേശത്തെ തുടര്‍ന്നാണ് മാനസികപീഡനമാണെന്ന് പുറത്തറിയുന്നത്. ഭര്‍ത്തൃഗൃഹത്തില്‍ സുവ്യ നേരിട്ട പീഡനങ്ങളെപ്പറ്റി കൊല്ലം റൂറല്‍ എസ്.പി.ക്കും കുടുംബം പരാതിനല്‍കിയിട്ടുണ്ട്.
വഴക്കുണ്ടാക്കുന്നത് അച്ഛമ്മ
സുവ്യ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സുവ്യയുടെ ആറുവയസ്സുകാരന് മകന്. 'അച്ഛമ്മ എപ്പോഴും അമ്മയെ വഴക്കുപറയുമായിരുന്നു. എന്തിനാ എന്റെ മകനെ ബുദ്ധിമുട്ടിക്കുന്നതെന്ന് അച്ഛമ്മ അമ്മയോടു ചോദിക്കും. ഈ വീട്ടില്‍ നില്ക്കണമെങ്കില് ജോലിക്ക് പോകണമെന്ന് പറയും. അച്ഛമ്മ ഇല്ലാത്തപ്പോള്‍ വീട്ടില്‍ സമാധാനമായിരുന്നു'-ശ്രീപാദ് പറഞ്ഞു. ആറുവയസ്സുകാരന്റെ ഈ മൊഴി കേസില്‍ നിര്‍ണായകമാകും.
Content Highlights: kollam suvya death case investigation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..