അമ്മയെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടത് ജീവനോടെ, സ്വത്തിനായി അരുംകൊല; മകന് ജീവപര്യന്തം


3 min read
Read later
Print
Share

വീടും വസ്തുവും തന്റെ മരണശേഷം മൂത്തമകളായ ലാലിക്ക് നല്‍കാന്‍ എഴുതിവെക്കുമെന്ന് സാവിത്രിയമ്മ സുനിലിനോട് പറഞ്ഞു. ഇതിന്റെ പകമൂലമായിരുന്നു കൊലപാതകം.

കൊല്ലപ്പെട്ട സാവിത്രിയമ്മ, ശിക്ഷിക്കപ്പെട്ട സുനിൽകുമാർ

കൊല്ലം: അമ്മയെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതിയായ മകന് ജീവപര്യന്തം തടവ്. കൊല്ലം പട്ടത്താനം നീതിനഗര്‍ പ്ലാമൂട്ടില്‍ കിഴക്കതില്‍ സാവിത്രിയമ്മ(72)യെ ക്രൂരമായി കൊലപ്പെടുത്തിയ മകന്‍ സുനില്‍കുമാറി(54)നാണ് ജീവപര്യന്തം. കുഴിച്ചുമൂടുന്നതിന് സഹായിച്ച രണ്ടാം പ്രതി പുള്ളിക്കട പുഷ്പഭവനത്തില്‍ കുട്ടനെ (39) തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതിന് മൂന്നുവര്‍ഷം കഠിനതടവിനും ശിക്ഷിച്ചു.

കൊല്ലം രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി റോയി വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതിക്ക് ഒരുലക്ഷംരൂപ പിഴ ചുമത്തി. പിഴയൊടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷവും അഞ്ചുമാസവും തടവ് അനുഭവിക്കണം. വീടും വസ്തുവും മകന് എഴുതിനല്‍കാത്തതിന്റെ വിരോധംമൂലമായിരുന്നു കൊലപാതകം.

2019 സെപ്റ്റംബറിലാണ് സംഭവം. കൊല്ലപ്പെട്ട സാവിത്രിയമ്മയും മകനായ പ്രതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. മൂത്തമകളും അധ്യാപികയും കേസിലെ ഒന്നാം സാക്ഷിയുമായ ലാലി ഹരിപ്പാട്ടും മറ്റുമക്കളായ സജീവ് മുഖത്തലയിലും ഷാജി ആറ്റിങ്ങല്‍ തോന്നയ്ക്കലും താമസിച്ചുവരികയായിരുന്നു. സാവിത്രിയമ്മയുടെ ഉടമസ്ഥതയിലുള്ള അപ്സര ജങ്ഷനിലെ വസ്തുവിന്റെ ഓഹരി ആവശ്യപ്പെട്ട് സുനില്‍ അമ്മയെ ഉപദ്രവിച്ചിരുന്നു. വീടും വസ്തുവും തന്റെ മരണശേഷം മൂത്തമകളായ ലാലിക്ക് നല്‍കാന്‍ എഴുതിവെക്കുമെന്ന് സാവിത്രിയമ്മ സുനിലിനോട് പറഞ്ഞു. ഇതിന്റെ പകമൂലമായിരുന്നു കൊലപാതകം.

2019 സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് അഞ്ചിന് വീടിന്റെ ഹാളില്‍െവച്ച് അമ്മയെ മര്‍ദിച്ചശേഷം അവര്‍ ധരിച്ചിരുന്ന നേര്യത് കഴുത്തില്‍മുറുക്കി കൊല്ലാന്‍ശ്രമിച്ചു. മരിക്കാത്തതിനെ തുടര്‍ന്ന് വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂക്കി. ബോധരഹിതയായി കിടന്ന സാവിത്രിയമ്മയെ പിറ്റേന്ന് പുലര്‍ച്ചെ പുരയിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. സുഹൃത്തായ കുട്ടന്റെ സഹായത്തോടെ കുഴിയെടുത്ത് സാവിത്രിയമ്മയുടെ ശരീരം കുഴിയില്‍ ചവിട്ടിത്താഴ്ത്തുമ്പോള്‍ വാരിയെല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ചിരുന്നു. കുഴിക്കുമുകളില്‍ ഫ്‌ളക്‌സുകളും വെള്ളം നിറച്ച ബക്കറ്റുകളും െവച്ച് മറച്ചു. സാവിത്രിയമ്മയുടെ മൂത്തമകള്‍ ലാലി അമ്മയെ കാണാനില്ലെന്ന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സുനില്‍ സാവിത്രിയമ്മയുമായി വഴക്കിടുകയും ഉപദ്രവിക്കുകയും ചെയ്‌തെന്ന് അയല്‍വാസികള്‍ മൊഴിനല്‍കിയിരുന്നു.

കൊല്ലം ഈസ്റ്റ് സി.ഐ. ആയിരുന്ന ആര്‍.രാജേഷ് സുനിലിനെ ചോദ്യംചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്. പിന്നീട് മൃതദേഹം പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കുഴിച്ചുമൂടുന്ന സമയം സാവിത്രിയമ്മയ്ക്ക് ജീവനുണ്ടായിരുന്നെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഒളിവിലായിരുന്ന കുട്ടനെ തിരുനെല്‍വേലിയില്‍നിന്ന് പിടികൂടി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.വിനോദ് കോടതിയില്‍ ഹാജരായി.

തുമ്പുണ്ടായത് അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയില്‍

കൊല്ലം: 2019-ലെ ഉത്രാടദിവസം അമ്മയെ കാണാനെത്തിയ അധ്യാപികയായ മകള്‍ ലാലിയാണ് പട്ടത്താനം സ്വദേശിനി സാവിത്രിയമ്മയുടെ തിരോധാനത്തെപ്പറ്റി നാട്ടുകാരെ അറിയിച്ചത്. ലാലി ഹരിപ്പാട്ടാണ് താമസം. അയല്‍വീടുകളില്‍ അന്വേഷിച്ചപ്പോള്‍ മൂന്നുനാലുദിവസമായി കാണാനില്ലെന്നു പറഞ്ഞു. ബന്ധുവീടുകളിലും ജില്ലാ ആശുപത്രിയിലും അന്വേഷിച്ചിട്ടും വിവരം കിട്ടിയില്ല. തുടര്‍ന്ന് ലാലി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സെപ്റ്റംബര്‍ 15-ന് ആയിരുന്നു ഇത്. ഇതിനു 11 ദിവസം മുമ്പേ കൊലപാതകം നടന്നിരുന്നു.

അമ്മയോടൊപ്പം താമസിച്ചിരുന്ന സഹോദരന്‍ സുനിലിനോട് അന്വേഷിച്ചതില്‍ അമ്മയെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞു. മെഡിക്കല്‍ കോളേജിലും മറ്റും അന്വേഷിക്കാന്‍ ലാലി, സുനിലിനെ അയച്ചിരുന്നു. കുറച്ചുദിവസംമുമ്പ് വീട്ടില്‍ വഴക്കും സാവിത്രിയമ്മയുടെ നിലവിളിയും കേട്ടെന്ന് അയല്‍വാസികള്‍ പറഞ്ഞതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും അമ്മ ബന്ധുവീട്ടിലേക്ക് പോയതായാണ് സുനില്‍ മൊഴിനല്‍കിയത്.

സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ചോദ്യംചെയ്തപ്പോഴാണ് അമ്മയെ സുഹൃത്തായ കുട്ടന്റെ സഹായത്തോടെ വീട്ടുപുരയിടത്തില്‍ കുഴിച്ചിട്ടെന്ന് സുനില്‍ വെളിപ്പെടുത്തിയത്. സുനില്‍ ചൂണ്ടിക്കാട്ടിയ സ്ഥലത്തെ മണ്ണുമാറ്റി പരിശോധിച്ചപ്പോള്‍ മൃതദേഹം മറവുചെയ്തിട്ടുള്ളതായി മനസ്സിലായി. തുടര്‍ന്ന് കൊല്ലം ആര്‍.ഡി.ഒ., തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു.

പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം പ്രൊഫസറായിരുന്ന ഡോ. ശശികല സാവിത്രിയമ്മയുടെ ശ്വാസകോശത്തില്‍ മണ്ണ് ഉണ്ടായിരുന്നതായും അതിനാല്‍ കുഴിച്ചുമൂടുന്ന സമയം സാവിത്രിയമ്മയ്ക്ക് ജീവനുണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് നല്‍കി.

പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് കൊല്ലം രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി റോയി വര്‍ഗീസ് 2021 ഓഗസ്റ്റ് 10-ന് പ്രതികള്‍ക്കെതിരേ വിചാരണ നടപടികള്‍ ആരംഭിച്ചു. ജീവപര്യന്തം ശിക്ഷ ലഭിച്ച ഒന്നാംപ്രതി സുനില്‍, കൊല്ലം വടക്കേവിള സ്വദേശി സുരയെന്നുവിളിക്കുന്ന സുരേഷ് ബാബുവിനെ 2015 ഡിസംബര്‍ 27-ന് കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. ഈ കേസിന്റെ വിചാരണ കൊല്ലം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്നിരുന്നു. കേസ് വിധിക്കായി മാറ്റിവെച്ചിരിക്കുകയാണ്.

രണ്ടാംപ്രതി കുട്ടന് മൂന്നുവര്‍ഷത്തെ തടവിനു പുറമേ അമ്പതിനായിരം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇത് അടയ്ക്കാതിരുന്നാല്‍ നാലുമാസവും 20 ദിവസവുംകൂടി തടവ് അനുഭവിക്കണം. ഇയാള്‍ മൂന്നരവര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. തടവുശിക്ഷാകാലാവധി കഴിഞ്ഞതിനാല്‍ ഇയാളെ വൈകാതെ വിട്ടയയ്ക്കും.

Content Highlights: kollam savithri amma murder case son gets life imprisonment mother killed by son in kollam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashiq

1 min

രാത്രിയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ 16-കാരന്‍ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍

Jun 5, 2023


neethumol unni

1 min

സൗന്ദര്യം പോരെന്ന് പറഞ്ഞ് പീഡനം, ഭക്ഷണവും നല്‍കിയില്ല; യുവതി തൂങ്ങി മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍

Jun 6, 2023


kozhikode railway station

1 min

കോഴിക്കോട്ട് ട്രെയിനിന് തീവെക്കാന്‍ ശ്രമം; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയിൽ

Jun 5, 2023

Most Commented