അനീഷ്, സന്ധ്യ | Screengrab: Mathrubhumi News
കൊല്ലം: ഓയൂരില്‍ വിവാഹനിശ്ചയം കഴിഞ്ഞ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിശ്രുത വരന് അറസ്റ്റില്‍. ഓയൂര്‍ മുട്ടറ സ്വദേശി സന്ധ്യ(22) ആത്മഹത്യ ചെയ്ത കേസിലാണ് കൊല്ലം പുത്തൂര്‍ സ്വദേശി അനീഷിനെ രണ്ടുമാസത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹത്തിന് അനീഷ് സ്ത്രീധനം ആവശ്യപ്പെട്ടതില്‍ മനംനൊന്താണ് സന്ധ്യ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ ഏപ്രില്‍ 27-നാണ് സന്ധ്യ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. മകളുടെ മരണത്തിന് കാരണം പ്രതിശ്രുത വരനായ അനീഷാണെന്ന് ആരോപിച്ച് സന്ധ്യയുടെ പിതാവ് പരാതി നല്‍കിയിരുന്നു. പോലീസ് സന്ധ്യയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ഇയാള്‍ക്കെതിരേയുള്ള തെളിവുകള്‍ ലഭിച്ചു. തുടര്‍ന്ന് ഇയാള്‍ക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. എന്നാല്‍ പോലീസ് കേസെടുത്തതോടെ പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. പിന്നാലെ അനീഷ് ഒളിവില്‍പോവുകയായിരുന്നു.
അനീഷും സന്ധ്യയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അനീഷ് തന്നെയാണ് ബന്ധുക്കളുമായി സന്ധ്യയുടെ വീട്ടിലെത്തി വിവാഹം ആലോചിച്ചത്. സന്ധ്യയുടെ സഹോദരിയുടെ വിവാഹം നടത്തിയതിന്റെ സാമ്പത്തിക ബാധ്യതയുണ്ടെന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ വിവാഹം നടത്താമെന്നുമായിരുന്നു പിതാവിന്റെ മറുപടി. എന്നാല്‍ സ്ത്രീധനം വേണ്ടെന്നും ലളിതമായി നടത്താമെന്നും എത്രയും വേഗം വിവാഹം വേണമെന്നുമാണ് അനീഷ് പറഞ്ഞത്. ഇതോടെ സന്ധ്യയും അനീഷും തമ്മിലുള്ള വിവാഹനിശ്ചയം വീട്ടുകാര്‍ നടത്തി. എന്നാല്‍ നിശ്ചയം കഴിഞ്ഞതോടെ അനീഷിന്റെ സ്വഭാവം മാറി. തനിക്ക് സ്ത്രീധനമായി പണവും ബൈക്കും വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. സന്ധ്യയെ നിരന്തരം വിളിച്ച് സ്ത്രീധനം ആവശ്യപ്പെട്ടു. സന്ധ്യ ജീവനൊടുക്കിയ ദിവസവും ഇയാള്‍ ഫോണില്‍ വിളിച്ച് സ്ത്രീധനം ചോദിച്ചിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടുള്ള അനീഷിന്റെ മാനസികപീഡനം സഹിക്കാന്‍ വയ്യാതെയാണ് സന്ധ്യ ജീവനൊടുക്കിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..