സ്മിതാകുമാരി
ശാസ്താംകോട്ട:പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിച്ച ശാസ്താംകോട്ട ആയിക്കുന്നം വലിയവീട്ടില്‍ കിഴക്കതില്‍ സ്മിതാകുമാരി(41)യുടെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടത്.
ബന്ധുക്കള്‍ അടുത്തിടെ മുഖ്യമന്ത്രിയുടെ ഓഫീസിലും ഡി.ജി.പി.ക്കും നേരിട്ട് പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് ഡി.ജി.പി. അനില്‍കാന്ത് ആദ്യംതന്നെ പേരൂര്‍ക്കട എസ്.എച്ച്.ഒ.യില്നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടി. എന്നാല്‍ ഇത് തൃപ്തികരമല്ലെന്ന് കണ്ടെത്തി. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇവരോടൊപ്പം സെല്ലിലുണ്ടായിരുന്ന സ്ത്രീയില്‍നിന്നേറ്റ മര്‍ദനമാണ് കാരണമെന്നാണ് ജീവനക്കാര്‍ നല്‍കിയിരിക്കുന്ന മൊഴി. പരസ്പരവിരുദ്ധമായി സംസാരിക്കുന്ന ഇവരെ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പോലീസ് ചോദ്യംചെയ്യും. എന്നാല്‍ അന്വേഷണം ജീവനക്കാരിലേക്കും നീളുകയാണെന്നാണ് ലഭിക്കുന്ന വിവരം.
സ്മിതയുടെ മരണം ക്രൂരമായ മര്‍ദനമേറ്റതിനാലാണെന്ന മൃതദേഹപരിശോധന റിപ്പോര്‍ട്ടാണ് പുതിയ അന്വേഷണത്തിന് വഴിത്തിരിവായത്. പോലീസ് സര്ജന് ഡോ. എം.എം.സീമയുടെ റിപ്പോര്‍ട്ടിലാണ് മരണകാരണം കൊടിയ മര്‍ദനമാണെന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞമാസം 26-ന് വൈകീട്ടാണ് അബോധാവസ്ഥയില്‍ സ്മിതയെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. 29-ന് വൈകീട്ട് ആറോടെ ശ്വാസംമുട്ടലിനെ തുടര്‍ന്ന് സ്മിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എത്തിച്ചേരണമെന്നും ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണപിള്ളയെ വിളിച്ചറിയിച്ചു. അദ്ദേഹം ബന്ധുക്കളുമായി ആശുപത്രിയിലെത്തിയെങ്കിലും സ്മിതയെ കാണാന്‍ അനുവദിച്ചില്ല. മരിച്ചശേഷമാണ് അവിടെ എത്തിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മൃതദേഹവും കാണാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതിനല്‍കി. 30-ന് മൃതദേഹപരിശോധന നടത്തി.
തല തല്ലിത്തകര്‍ത്തതായും മുട്ടുകള്‍ അടിച്ചൊടിച്ച നിലയിലാണെന്നും പേരൂര്‍ക്കട പോലീസില്‍ ഫൊറന്‍സിക് വിഭാഗം നല്കിയ റിപ്പോര്‍ട്ടിലുണ്ട്. തലച്ചോറ് അടിയേറ്റ് തകര്‍ന്നു. രക്തക്കുഴലുകള്‍ പൊട്ടിയതും തലച്ചോറ് വീര്‍ത്തതുമാണ് പ്രധാന മരണകാരണമായി പറയുന്നത്. ക്രൂരമായ മര്‍ദനമേറ്റാണ് സ്മിത മരിച്ചതെന്ന ഉറച്ചനിലപാടിലായിരുന്നു തുടക്കംമുതല്‍ ബന്ധുക്കള്‍. ആശുപത്രി അധികൃതര്‍ക്കെതിരേയും ഗുരുതരമായ ആരോപണമാണ് ഇവരുടെ കുടുംബം ഉന്നയിച്ചിരിക്കുന്നത്.
Content Highlights: kollam native smithakumari death crime branch investigation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..