Photo: Mathrubhumi
കൊല്ലം:അമ്മയെക്കൊന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന പ്രതി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലും കുറ്റക്കാരനെന്നു കണ്ടെത്തി. കൊല്ലം പട്ടത്താനം നീതി നഗര്‍, പ്ലാമൂട്ടില്‍ കിഴക്കതില്‍ സുനില്‍കുമാറി(54)നെയാണ് കൊല്ലം ഫോര്‍ത്ത് അഡീഷണല്‍ കോടതി ജഡ്ജി എസ്.സുഭാഷ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. ഒപ്പം ജോലിചെയ്യുകയായിരുന്ന സുരേഷ്ബാബുവിനെ (സുര-41) 2015 ഡിസംബര്‍ 26-ന് കൊലപ്പെടുത്തിയ കേസിലാണ് വിധി. ശിക്ഷ ബുധനാഴ്ച വിധിക്കും.
2019-ല്‍ അമ്മ സാവിത്രിയമ്മ(72)യെ ജീവനോടെ കുഴിച്ചുമൂടിയെന്ന കേസില്‍, കഴിഞ്ഞ ഏഴിനാണ് സുനില്‍കുമാറിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. തൊടിവാര്‍ക്കുന്ന സ്ഥാപനത്തില്‍ സുനില്‍കുമാറിനൊപ്പം ജോലിചെയ്യുകയായിരുന്നു സുരേഷ്ബാബു. മദ്യംവാങ്ങിയ തുക കഴിച്ചുള്ള ശമ്പളം വീതംെവച്ചപ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കമ്പിപ്പാരയും ചുറ്റികയും വെട്ടുകത്തിയുമുപയോഗിച്ചാണ് ആക്രമിച്ചത്. സുരേഷ്ബാബുവിന്റെ ശരീരത്തില്‍ 63 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
സുരേഷ്ബാബുവിന്റെ വസ്ത്രത്തിലും ചുറ്റികയിലുമുള്ള രക്തം സുനില്‍കുമാറിന്റേതാണെന്നും കണ്ടെത്തിയിരുന്നു. തടവിലായിരുന്ന സുനില്‍കുമാറിനെ അമ്മ സാവിത്രിയമ്മയാണ് ജാമ്യത്തിലിറക്കിയത്. അമ്മയെ 2019 സെപ്റ്റംബര്‍ മൂന്നിനാണ് ക്രൂരമായി കൊലപ്പെടുത്തിയത്. മര്‍ദിച്ച് അവശയാക്കിയ അമ്മയെ ധരിച്ചിരുന്ന നേര്യത് കഴുത്തില്‍ മുറുക്കി കൊല്ലാന്‍ ശ്രമം നടത്തി. മരിക്കാത്തതുകൊണ്ട് ഉത്തരത്തില്‍ കെട്ടിത്തൂക്കി. തുടര്‍ന്ന് ബോധരഹിതയായിക്കിടന്ന അമ്മയെ പിറ്റേന്ന് പുലര്‍ച്ചെ പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. ഈ കേസിന്റെ വിചാരണയാണ് ആദ്യം പൂര്‍ത്തിയായത്.
കൊല്ലം കണ്‍ട്രോള്‍ റൂം സി.ഐ. ആയിരുന്ന എസ്.ഷെരീഫാണ് സുരേഷ്ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി കെ.ബി.മഹേന്ദ്ര കോടതിയില്‍ ഹാജരായി.
Content Highlights: kollam murder case accused sunilkumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..