സജികുമാർ, അനിലേഷ്
കുന്നിക്കോട്(കൊല്ലം): യൂത്ത് ഫ്രണ്ട് (ബി) നേതാവ് കോക്കാട് മഹേഷ്ഭവനില്‍ മനോജിനെ (39) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി.
കോക്കാട് സുജവിലാസത്തില് സജി (45), അഭിലാഷ്ഭവനില്‍ അനിലേഷ് (അനിമോന്-39) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും മുന്‍വൈരാഗ്യമാണ് കാരണമെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തിനുശേഷം രക്ഷപ്പെട്ട സജിയെ എറണാകുളത്തുനിന്നും അനിലേഷിനെ തെന്മലയ്ക്കടുത്ത് ഇടമണില്നിന്നുമാണ് പിടികൂടിയത്. കൊലപാതകത്തിനുപയോഗിച്ച മഴു സജികുമാറിന്റെ കോട്ടവട്ടത്തെ ഭാര്യവീട്ടില്‍നിന്ന് ഞായറാഴ്ച വൈകീട്ട് പോലീസ് കണ്ടെടുത്തു.
പോലീസ് പറയുന്നത്: 2016-ല്‍ സജികുമാറും അനിലേഷും ഉള്‍പ്പെടെ നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ രണ്ടാംപ്രതിയാണ് മനോജ്. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയത്. വെല്‍ഡറായ സജികുമാര്‍ സ്വയം നിര്‍മിച്ച മഴുവാണ് കൊലയ്ക്കുപയോഗിച്ചത്. 2016-ല്‍ മനോജിന്റെ സഹോദരനെ സജികുമാര്‍ മര്‍ദിച്ചിരുന്നു.
സജികുമാറിന്റെ ബന്ധുവായ പെണ്‍കുട്ടിയോട് മനോജിന്റെ സഹോദരന് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഇതിനുപിന്നാലെ മനോജ് അടങ്ങുന്ന സംഘം സജികുമാറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അന്ന് സജികുമാറിന്റെ വലതുൈകയിലെ മോതിരവിരലും കാലും അറ്റുപോയിരുന്നു. അനിമോനും പരിക്കേറ്റിരുന്നു.
അതിനുശേഷം ഇവര്‍ തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് കോക്കാട് ജങ്ഷനിലെ ബേക്കറിക്കുസമീപത്തുവച്ച് മനോജും പ്രതികളുമായി വാക്കേറ്റമുണ്ടായി. കോക്കാട് ആയിരവില്ലി ശിവക്ഷേത്രത്തിലെ ഉത്സവഘോഷയാത്ര കടന്നുപോയശേഷമാണ് പ്രതികള്‍ മനോജിനെ ആക്രമിച്ചത്.
പ്രതികളെ സംഭവസ്ഥലത്തും കോക്കാട് ജങ്ഷനിലെ ബേക്കറിക്കുസമീപത്തും എത്തിച്ച് തെളിവെടുത്തു. ഇരുവരെയും തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കും. കൊട്ടാരക്കര ഡിവൈ.എസ്.പി. ആര്.സുരേഷ്, കുന്നിക്കോട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ മുബാറക്ക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ തലച്ചിറ കോക്കാട് കിഴക്കേ ജങ്ഷനുസമീപം നിര്‍മാണം നടക്കുന്ന പെട്രോള്‍ പമ്പിനടുത്താണ് മനോജ് വെട്ടേറ്റ് രക്തംവാര്‍ന്നു കിടന്നത്. ഇരുട്ടില്‍ രക്തത്തില്‍ കുളിച്ചുകിടന്ന യുവാവിനെ വാഹനാപകടത്തില്‍ പരിക്കേറ്റതാണെന്ന നിഗമനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മൂര്‍ച്ചയേറിയ ആയുധംകൊണ്ട് പരിക്കേല്പ്പിച്ചതാണെന്നു വ്യക്തമായത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മനോജിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ കോക്കാട്ടെ കുടുംബവീട്ടിലെത്തിച്ച് ഉച്ചയോടെ സംസ്കരിച്ചു.
പ്രതികള്‍ പിടിയിലായത് അതിവേഗം...
കുന്നിക്കോട്:കോക്കാട് മനോജ് വധക്കേസിലെ പ്രതികള്‍ പിടിയിലായത് സംഭവംനടന്ന് 24-മണിക്കൂറിനകം. കൃത്യംനടത്തി വിവിധ സ്ഥലങ്ങളിലേക്ക് രക്ഷപ്പെട്ട പ്രതികളെ അടുത്ത പകല്‍തന്നെ പിടികൂടാനായത് റൂറല്‍ പോലീസിന് നേട്ടമായി. കൊല്ലപ്പെട്ട മനോജ് റോഡരികില്‍ രക്തംവാര്ന്നുകിടന്നത് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണെന്ന ധാരണയിലാണ് പ്രാഥമിക ചികിത്സയ്ക്കായി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
അവിടെ അപകടത്തില്‍ പരിക്കേറ്റതാണെന്നാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസ് സര്ജന് നടത്തിയ പരിശോധനയിലാണ് വെട്ടേറ്റതാണെന്നു സ്ഥിരീകരിച്ചത്.
യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റുകൂടിയായ മനോജിന്റെ കൊലപാതകം രാഷ്ട്രീയ കൊലയാണെന്ന രീതിയിലാണ് തുടക്കത്തില്‍ വ്യാപകപ്രചാരണമുണ്ടായത്. എന്നാല്‍, മനോജ് ഉള്‍പ്പെട്ട പ്രധാന ക്രിമിനല്‍ കേസുകളുടെ ചുവടുപിടിച്ചാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
കൊട്ടാരക്കര ഡിവൈ.എസ്.പി. ആര്.സുരേഷിന്റെ നേതൃത്വത്തില്‍ വിവിധ ടീമുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ പന്ത്രണ്ടോളംപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെല്ലാം കൊല്ലപ്പെട്ട മനോജുമായി ബന്ധപ്പെട്ട കേസുകളിലും തര്‍ക്കത്തിലും ഉള്‍പ്പെട്ടവരായിരുന്നു. 2016-ല്‍ മനോജ് ഉള്‍പ്പെട്ട വധശ്രമക്കേസില്‍ ഇരകളായവരെ തേടിയാണ് ആദ്യം പോലീസെത്തിയത്.
എന്നാല്‍, സംഭവത്തിനു തൊട്ടുമുമ്പുവരെ സ്ഥലത്തുണ്ടായിരുന്ന ഇരകളില്‍ ചിലര്‍ മറ്റിടങ്ങളിലേക്ക് മാറിയതായി പോലീസിന് സൂചന ലഭിച്ചു. ഇത് കൂടുതല്‍ സംശയത്തിനിടയാക്കി.
കൃത്യംനടത്തി സ്ഥലംവിട്ടവരുടെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യംചെയ്തതോടെ അവര്‍ എവിടേക്കാണ് കടന്നതെന്നതിന്റെ സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വേഗത്തില്‍ പ്രതികളിലേക്ക് എത്തിച്ചേരാന്‍ പോലീസിനെ സഹായിച്ചത്.
കുന്നിക്കോട് ഐ.എസ്.എച്ച്.ഒ. പി.ഐ.മുബാറക്ക്, ഇന്‍സ്പെക്ടര്‍മാരായ ശിവപ്രകാശ്, ജോസഫ് ലിയോണ്‍, ബിജു, എസ്.ഐ.മാരായ വൈശാഖ് കൃഷ്ണന്, ബൈജു എം.മീര, സലാഹുദീന്‍, സജി ജോണ്‍, ജോയി, സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ.ഗോപകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് കേസന്വേഷിച്ചത്.
Content Highlights: kollam kunnikode youth front leader murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..