'മ' പറഞ്ഞാല്‍ ഇടി, 15 വര്‍ഷത്തെ പകയില്‍ കൊല; കുട്ടികള്‍ ഉണ്ടാകാത്തതിന് കാരണവും 'ഇടി'യെന്ന് പ്രതി


വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന സന്തോഷ് വയറ്റില്‍ കുത്തേറ്റതിനെത്തുടര്‍ന്ന് പുറത്തുചാടിയ ആന്തരികാവയവങ്ങളുമായാണ് വീട്ടില്‍നിന്ന് ഇറങ്ങിയോടിയത്. നൂറുമീറ്ററെത്തുംമുമ്പ് കുഴഞ്ഞുവീണു.

സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം വിവരങ്ങൾ ശേഖരിക്കുന്നു. ഇൻസെറ്റിൽ കൊല്ലപ്പെട്ട സന്തോഷ്, അറസ്റ്റിലായ പ്രകാശ്

കൊട്ടിയം (കൊല്ലം): ചേരീക്കോണത്ത് കഴിഞ്ഞദിവസം നടന്ന ക്രൂരമായ കൊലപാതകത്തിനു കാരണമായത് മരിച്ച സന്തോഷിന്റെ സുഹൃത്ത് പ്രകാശ് കാത്തുവെച്ച 15 വര്‍ഷംനീണ്ട പകയാണ്.

കഴിഞ്ഞദിവസമാണ് കണ്ണനല്ലൂര്‍ ചേരീക്കോണം പബ്ലിക് ലൈബ്രറിക്കുസമീപം മുകളുവിളവീട്ടില്‍ സന്തോഷി(41)നെ ചന്ദനത്തോപ്പില്‍ വാടകയ്ക്കു താമസിക്കുന്ന മുഖത്തല പാങ്കോണം കിളിപ്പള്ളി പണയില്‍വീട്ടില്‍ പ്രകാശ് (45) വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയത്. അക്രമം തടയാന്‍ ശ്രമിച്ച സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും കുത്തേറ്റിരുന്നു.

സുഹൃത്തുക്കളായിരിക്കെ ഇരുവരും 'മ' അക്ഷരം പറഞ്ഞാല്‍ ഇടിക്കാമെന്ന കളി കളിച്ചു. സംസാരത്തിനിടെ 'മ' ഉച്ചരിച്ച തന്നെ സന്തോഷ് നട്ടെല്ലിനിടിച്ചെന്നാണ് പ്രകാശ് പറയുന്നത്. പിന്നീട് തനിക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങളുടെയെല്ലാം കാരണം ഈ ഇടിയാണെന്ന് പ്രകാശ് കരുതി. വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഉണ്ടാകാത്തതിനും ഈ ഇടിയാണ് കാരണമെന്ന് പ്രകാശ് വിശ്വസിച്ചു.

രണ്ടുവര്‍ഷംമുമ്പ് ഭാര്യ മരിച്ചതിനെ തുടര്‍ന്നുണ്ടായ ഒറ്റപ്പെടലില്‍ ഇയാളുടെ വൈരാഗ്യം ഇരട്ടിച്ചു. ഒരുവര്‍ഷമായി സന്തോഷിനെ വകവരുത്താന്‍ കത്തി വാങ്ങി അവസരം കാത്തിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

പെയിന്റിങ് തൊഴിലാളിയായ പ്രതി ദിവസവും സാന്‍ഡ് പേപ്പര്‍കൊണ്ട് കത്തിയുടെ മൂര്‍ച്ച കൂട്ടിക്കൊണ്ടേയിരുന്നു. ഞായറാഴ്ച രാവിലെ ഇവര്‍ നേരില്‍ക്കണ്ടു സംസാരിച്ചിരുന്നു. വീട്ടില്‍ സന്തോഷ് ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി. ഉച്ചമയക്കത്തിലായിരുന്ന സന്തോഷിനെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

23 കുത്തുകളാണ് സന്തോഷിന്റെ ദേഹത്തുണ്ടായിരുന്നത്. അതില്‍ മാരകമായ മൂന്നു കുത്തുകളാണ് മരണകാരണമായത്. ആന്തരികാവയവങ്ങള്‍ പുറത്തുവന്ന സന്തോഷിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് രക്ഷപ്പെടുംമുമ്പുതന്നെ പ്രകാശിനെ പിടികൂടി. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കുത്തേറ്റ് ഇറങ്ങിയോടി, റോഡില്‍ കുഴഞ്ഞുവീണു...

ഞായറാഴ്ച മൂന്നുമണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. വീട്ടിനുള്ളില്‍ കിടക്കുകയായിരുന്ന സന്തോഷിനെ മുറിക്കുള്ളിലെത്തിയ പ്രകാശ് വയറ്റില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. വീട്ടിലുണ്ടായിരുന്ന ശരത്ത് അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റു. ഇരുവരും വീട്ടില്‍നിന്ന് ഇറങ്ങിയോടി. വയറിന് ആഴത്തില്‍ മുറിവേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തു ചാടിയ സന്തോഷ് രക്തംവാര്‍ന്ന് റോഡുവക്കില്‍ കുഴഞ്ഞുവീണു. സമീപത്തെ വീട്ടുകാര്‍ മിനിലോറിയില്‍ ഇരുവരെയും കണ്ണനല്ലൂര്‍ ജങ്ഷനില്‍ എത്തിച്ചു. അവിടെനിന്ന് ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സന്തോഷ് മരിച്ചനിലയിലായിരുന്നു. സംഭവമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ കണ്ണനല്ലൂര്‍ പോലീസ് പ്രകാശിനെ പിടികൂടി. കുത്താനുപയോഗിച്ച കത്തിയും സമീപത്തുനിന്നു കണ്ടെത്തി. ഇയാള്‍ മദ്യലഹരിയിലായിരുന്നു.

ചാത്തന്നൂര്‍ സി.ഐ. ശിവകുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. സി.കെ.ബാബുരാജ്, എസ്.ഐ. നുജുമുദീന്‍, എ.എസ്.ഐ. ഹരി സോമന്‍, എസ്.സി.പി.ഒ. പ്രജീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലം റൂറല്‍ ടി.സി. സയന്റിഫിക് ഓഫീസര്‍ രമ്യചന്ദ്രന്‍, വിരലടയാളവിദഗ്ധരായ അനൂപ്, മോഹന്‍കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു.

കൊലപാതകത്തില്‍ നടുങ്ങി നാട്...

കൊട്ടിയം: വീട്ടില്‍ ഉറങ്ങിക്കിടന്നയാളെ പട്ടാപ്പകല്‍ കുത്തിക്കൊന്നെന്ന വാര്‍ത്ത കണ്ണനല്ലൂര്‍ ചേരീക്കോണത്ത് ഭീതിപടര്‍ത്തി. ചേരീക്കോണം പബ്ലിക് ലൈബ്രറിക്കടുത്തുള്ള മുകളുവിള വീടിന്റെ പരിസരത്ത് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ജനം നിറഞ്ഞു. പഞ്ചായത്ത് അഗം ഷാനിബയും പ്രാദേശികനേതാക്കളും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന സന്തോഷ് വയറ്റില്‍ കുത്തേറ്റതിനെത്തുടര്‍ന്ന് പുറത്തുചാടിയ ആന്തരികാവയവങ്ങളുമായാണ് വീട്ടില്‍നിന്ന് ഇറങ്ങിയോടിയത്. നൂറുമീറ്ററെത്തുംമുമ്പ് കുഴഞ്ഞുവീണു. അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ കുത്തേറ്റ പതിനേഴുകാരനായ ബന്ധു ശരത്തും കൂടെ ഓടിയെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. സമീപത്തെ വീട്ടുടമ ഉടന്‍തന്നെ തന്റെ മിനിലോറിയില്‍ ഇരുവരെയും കയറ്റി കണ്ണനല്ലൂരിലും തുടര്‍ന്ന് ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും സന്തോഷിനെ രക്ഷിക്കാനായില്ല.

അതേസമയം, കേസിലെ അക്രമിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടാനായത് കണ്ണനല്ലൂര്‍ പോലീസിന് പൊന്‍തൂവലായി. ഞൊടിയിടയില്‍ പോലീസ് നടത്തിയ നീക്കംമൂലമാണ് അക്രമി പ്രകാശ് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുന്നതിനു മുമ്പ് കസ്റ്റഡിയിലെടുക്കാനായത്. സമീപത്തെ മരത്തിനു സമീപം ഉപേക്ഷിച്ച കത്തിയും കണ്ടെടുത്തതോടെ പ്രതിയെ കണ്ണനല്ലൂര്‍ സ്റ്റേഷനിലേക്കു മാറ്റി.

വീട്ടിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും പരിക്കേറ്റ് ആശുപത്രിയിലായതിനാല്‍ എസ്.ഐ. നുജുമുദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജില്ലാ ആശുപത്രിയില്‍ എത്തിയാണ് പരിക്കേറ്റ ശരത്തില്‍നിന്നു മൊഴിയെടുത്തത്.

Content Highlights: kollam kottiyam murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022


02:45

ട്വീറ്റില്‍ കുടുങ്ങിയതോ, സ്വയം വഴിവെട്ടിയതോ! അനില്‍ ആന്റണി ഇനി എങ്ങോട്ട്?

Jan 25, 2023

Most Commented